മനോജ് കെ ഭാരതിയുടെ വിയോഗം മലയാളികള്‍ക്കും വേദനയാകുന്നു. നടനും സംവിധായകനും പ്രശസ്ത സംവിധായകന്‍ ഭാരതിരാജയുടെ മകനുമായ മനോജ് കഴിഞ്ഞ ദിവസമാണ് ചെന്നൈയില്‍ അന്തരിച്ചത്. കേരളത്തിന്റെ മരുമകന്‍ കൂടിയാണ് മനോജ് കെ ഭാരതി. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന കോഴിക്കോട് സ്വദേശി നന്ദനയാണ് മനോജിന്റെ ഭാര്യ.
തമിഴ്സിനിമയില്‍ അഭിനയിക്കുന്നതിനിടെയാണ് ചിത്രത്തിലെ നായകനായ മനോജുമായി നന്ദന പ്രണയത്തിലാകുന്നത്. സേതുരാമയ്യര്‍ സിബിഐ, സ്നേഹിതന്‍ എന്നീ ചിത്രങ്ങളിലെല്ലാം അഭിനയിച്ച നന്ദന മലയാളികള്‍ക്ക് സുപരിചിതയാണ്. 2006 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം. അര്‍ഷിത,മതിവതനി എന്നിവര്‍ മക്കളാണ്.
നന്ദനയാണ് തന്റെ ഏറ്റവും വലിയ ശക്തിയെന്ന് മനോജ് അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു, ഈ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ പ്രണയിച്ച് കൊതിതീരും മുന്‍പേ പ്രിയപ്പെട്ടവളെയും മക്കളെയും തനിച്ചാക്കി മനോജ് പോയി. സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വലിയ ഞെട്ടലാണ് മനോജിന്റെ വിയോഗമുണ്ടാക്കിയത്. 48വയസുകാരനായ മനോജ് ഹൃദയാഘാതത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച ചെന്നൈയിലാണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.
മണിരത്നത്തിന്റേയും ഷങ്കറിന്റേയും സഹസംവിധായകനായി പ്രവര്‍ത്തിച്ച മനോജ്, ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹലിലൂടെയാണ് നടനാവുന്നത്. 2023ലെ മാര്‍ഗഴി തിങ്കളിലൂടെ സംവിധായകനായി മാറി.