എമ്പുരാനിറങ്ങാന്‍ മണിക്കൂറുകള്‍ ശേഷിക്കെ ആരാണ് ചുവന്ന ഡ്രാഗണ്‍ എന്ന ചോദ്യത്തിന് ആയുസില്ല. എന്നാല്‍ സംവിധായകന്‍ പൃഥ്വിരാജ് ആണെന്നിരിക്കെ ചുവന്ന ഡ്രാഗണിന് പല അര്‍ഥങ്ങളുണ്ടെന്നതും പ്രതീക്ഷിക്കാം. പല സംസ്കാരങ്ങളിലും ചുവന്ന ഡ്രാഗണിനെ അഥവാ വ്യാളിയെ പല രീതിയിലാണ് കാണിക്കുന്നത് അവ ഏതെല്ലാം രീതിയിലാണെന്ന് നോക്കാം.
പാരമ്പര്യ ചൈനീസ് ഐതിഹ്യം ചുവന്ന ഡ്രാഗണിനെ ഐശ്വര്യത്തിന്‍റെയും പുതുവര്‍ഷത്തിന്‍റെയും പ്രതീകമായി കരുതുന്നു.ഇത് കൂടാതെ ചൈനീസ് ചക്രവര്‍ത്തിമാരുടെ പ്രതീകമായും ചുവന്ന ഡ്രാഗണുകളെ കാണിക്കാറുണ്ട്.
എമ്പുരാനിലെ ഡ്രാഗണ്‍ ചൈനീസ് സ്റ്റൈല്‍ ഉള്ളതായതിനാല്‍ അധോലോക ചക്രവര്‍ത്തി എന്ന ആശയം സംശയിക്കാവുന്നതാണ്. നീണ്ട ശരീരവും കൊമ്പുകളുമുള്ള ഈ ഡ്രാഗണുകള്‍ക്ക് ചിറകുകളില്ല. കൂറിയ കാലുകളുള്ള ഇവര്‍ പെട്ടെന്ന് ദേഷ്യം വരുന്നവരുമാണ്. ഇതേ ഡ്രാഗണുകളെ കൊറിയയിലും ജപ്പാനിലും കാണാന്‍ സാധിക്കും. ആഗ്രഹങ്ങള്‍ സാധിച്ചുനല്‍കാനും, വരങ്ങള്‍ നല്‍കാനും ഇവര്‍ക്ക് കഴിവുണ്ട്.
ബൈബിളിലും ചുവന്ന ഡ്രാഗണെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. വെളിപാടിന്‍റെ പുസ്തകത്തില്‍
12ാം അധ്യായത്തില്‍ മൂന്നാം വാക്യത്തില്‍ അഗ്നിമയനായ ഏഴു തലയും പത്ത് കൊമ്പും ഏഴ് കിരീടങ്ങളുമുള്ള ഉഗ്രസര്‍പ്പത്തെക്കുറിച്ച് പറയുന്നു. ഇത് ലൂസിഫര്‍ എന്ന ചെകുത്താനെത്തന്നെയാണ്. ഉഗ്രസര്‍പ്പത്തിന് The Great Serphant എന്ന് ഇംഗ്ലീഷില്‍ പറയുന്നു. ഇതിനെ ഡ്രാഗണ്‍ ആയും കരുതപ്പെടുന്നുണ്ട്.
ഇരുപതാം അധ്യായം രണ്ടാം വാക്യത്തില്‍ 'അവന്‍ ഉഗ്രസര്‍പ്പത്തെ സാത്താനും പിശാചുമായ പുരാതന സര്‍പ്പത്തെ ആയിരം വര്‍ഷത്തേക്ക് ബന്ധനത്തിലാക്കി' എന്നും കാണാം.
സാത്താന്‍റെ മറ്റൊരു പേരാണ് ലൂസിഫര്‍ എന്നതിനാല്‍ റെഡ് ഡ്രാഗണ് സിനിമയില്‍ ബൈബിളുമായി ബന്ധപ്പെട്ട പല അര്‍ഥങ്ങളും വന്നേക്കാം.
നിറം പ്രതിപാദിക്കുന്നില്ലെങ്കിലും ഈജിപ്ഷ്യന്‍ ഐതിഹ്യത്തിലും അതിശക്തനായ ഒരു ഡ്രാഗണെ പ്രതിപാദിക്കുന്നുണ്ട്. അപെപ് എന്ന ഈ ഡ്രാഗണ്‍ ഈജിപ്ഷ്യന്‍ സംസ്കാരത്തിന്‍റെ അധോലോകമായ ദുവത്തിലാണ് ഈ ഡ്രാഗണ്‍ വസിക്കുന്നത്. ഇടിമുഴക്കങ്ങളും ഭൂചലനും അപെപ്പിന്‍റെ അലര്‍ച്ച കൊണ്ടാണ് ഉണ്ടാകുന്നതെന്നാണ് വിശ്വാസം.
മെസപൊട്ടേമിയന്‍ സംസ്കാരത്തില്‍ ഉസുംഗല്‍ എന്ന ഡ്രാഗണെക്കുറിച്ച് പ്രതിപാദിക്കുന്നു. തലയും മുന്‍കാലുകളും സിംഹത്തിന്‍റെയും അരയ്ക്ക് താഴെ പരുന്തിന്‍റെയും രൂപമാണ് ഈ ഡ്രാഗണ്. പൊതുവെ ശാന്തസ്വഭാവക്കാരനായ ഈ ഡ്രാഗണ്‍ ദൈവമായ ഇഷ്കുറിന്‍റെ പ്രതീകം കൂടിയാണ്.
ഹീബ്രുവിലും ശക്തനായ ലവയത്താന്‍ എന്ന ഡ്രാഗണുണ്ട്. ഈ ഡ്രാഗണിനെ ദൈവമായ യഹോവയാണ് വധിക്കുന്നത്.
പല സംസ്കാരങ്ങളിലും ഡ്രാഗണുകളുണ്ട്, ഇവ പല രീതിയിലായിരിക്കും. ഇവര്‍ ദുഷ്ടരോ നല്ലവരോ ആയിരിക്കാം. പല തരം വ്യത്യാസങ്ങളുണ്ട് ഇവര്‍ക്കെങ്കിലും അതിശക്തരാണ് ഇവര്‍ എന്ന കാര്യത്തിലാണ് ഇവരുടെ സാമ്യത. എമ്പുരാനിലെ ഡ്രാഗണും അതിശക്തനായിരിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം..