ഭാര്യയ്ക്ക് പ്രിയപ്പെട്ട നടന്‍ മോഹന്‍ലാലെന്ന് തുറന്നുപറഞ്ഞ് നടന്‍ ചിയാന്‍ വിക്രം. മോഹന്‍ലാലിന്‍റെ എമ്പുരാനും വിക്രമിന്‍റെ വീരധീരസൂരനും ഇന്നാണ് തിയറ്ററില്‍ റിലീസ് ചെയ്തത്. ഇരുചിത്രങ്ങളുടേയും റിലീസിനു മുന്‍പായിരുന്നു ആരാധകരുമായുള്ള സംഭാഷണത്തിനിടെ വിക്രം ഭാര്യയുടെ ഇഷ്ടം തുറന്നുപറഞ്ഞത്. ഇരുവരെയും താരതമ്യം ചെയ്താല്‍ മികച്ച നടന്‍ ലാലേട്ടനെന്നാണ് ഭാര്യയുടെ അഭിപ്രായമെന്ന് വിക്രം പറയുന്നു.
തമിഴില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫാന്‍ബേസ് ഉള്ള നടനായിട്ടുപോലും ഭാര്യയ്ക്ക് ആരാധന മറ്റൊരു നടനോടാണെന്നുള്ള കാര്യം കുടുംബതലത്തില്‍ തന്നെ ചിരിപടര്‍ത്തുന്ന കാര്യമാണെന്നും വിക്രം പറയുന്നു. ‘ഞാനും ലാലേട്ടന്‍റെ മികച്ച ആരാധകനാണ്, എന്നേക്കാള്‍ ആരാധന ഭാര്യയ്ക്കാണ്, ഞാന്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്താലും ഭാര്യ പറയുന്നത്, അതിലും മികച്ച പ്രകടനം നടത്തുന്നത് ലാലേട്ടനാണെന്നാണ്’–വിക്രം പറയുന്നു. ഇരുചിത്രങ്ങളും റിലീസ് ചെയ്യുന്നത് ഒരേ ദിവസമായതിനാല്‍ ഏത് ചിത്രമാണ് ആദ്യം കാണുകയെന്ന് ഭാര്യയോട് ചോദിച്ചെന്നും രണ്ടു ചിത്രങ്ങളും കാണുമെന്നായിരുന്നു മറുപടിയെന്നും വിക്രം പറയുന്നു.
പുതിയ ചിത്രത്തിന്‍റെ പ്രമോഷനായി കേരളത്തിലെത്തിയപ്പോഴായിരുന്നു വിക്രമിന്‍റെ മറുപടി. തലശ്ശേരി സ്വദേശിയാണ് വിക്രമിന്‍റെ ഭാര്യ ഷൈലജ ബാലകൃഷ്ണന്‍. ഇരുചിത്രങ്ങള്‍ക്കും മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിക്കുന്നത്. നടന്‍ സുരാജ് വെഞ്ഞാറമൂടും എസ് ജെ സൂര്യയും വിക്രമുമുള്‍പ്പെടെയുള്ള താരനിര ചിത്രത്തിന്‍റെ ഭാഗമായി കേരളത്തില്‍ പ്രമോഷനെത്തിയിരുന്നു.