മോഹന്‍ലാല്‍–പൃഥിരാജ് ചിത്രം എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിന്‍റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. വൊളന്‍ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്. ചിത്രത്തില്‍ നിന്നും പത്ത് സെക്കന്‍റ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായി ചില ഭാഗങ്ങളായിരുന്നു ഇത്.
ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കോര്‍കമ്മിറ്റിയില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
എമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണ് എന്ന് ആര്‍എസ്എസ് മുഖപത്രവും വിമര്‍ശനം ഉന്നയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.ടി.രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത് ആരാധകരോടുള്ള വഞ്ചനയാണെന്നും 'ഓര്‍ഗനൈസര്‍' ആരോപിച്ചിരുന്നു.
അതിനിടെ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ചിത്രം 100 കോടി കലക്ഷന്‍ നേടി. മോഹന്‍ലാല്‍ തന്നെയാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രവും എമ്പുരാനായി മാറി. മലയാള സിനിമയുടെ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ലൂസിഫറിന്‍റെ രണ്ടാം ഭാഗം മലയാള സിനിമയില്‍ ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് നേടിയെടുത്ത ചിത്രം കൂടിയാണ്.