മോഹന്‍ലാല്‍–പൃഥ്വിരാജ് ചിത്രം എമ്പുരാന്‍ റിലീസിന് പിന്നാലെ സൈബറിടത്ത് എമ്പുരാന്‍–മാര്‍ക്കോ താരതമ്യവുമായി ആരാധകര്‍. എമ്പുരാന്‍ തിയേറ്ററുകളിലേക്ക് എത്തുന്നതിന് വളരെ മുന്‍പ് തന്നെ വലിയ ഹൈപ്പും പ്രതീക്ഷകളുമായിരുന്നു. എന്നാല്‍ ചിത്രം തിയേറ്ററിലെത്തിയതോടെ വ്യാപക വിമര്‍ശനവും ഉയര്‍ന്നുവന്നു. പക്ഷേ ചിത്രം 48 മണിക്കൂറിനുള്ളില്‍ തന്നെ 100 കോടിയും കടന്ന് കുതിക്കുകയാണ്. ചിത്രത്തിലെ രാഷ്ട്രീയപരമായ വിമര്‍ശനങ്ങള്‍ക്കപ്പുറം മോഹന്‍ലാലിന് സ്ക്രീന്‍ സ്പേസ് കുറവാണെന്ന തരത്തിലും പ്രചാരണം നടക്കുന്നുണ്ട്. മോഹന്‍ലാലിന്‍റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രം തിയേറ്ററുകളെ പിടിച്ചു കുലുക്കിയെങ്കിലും എബ്രഹാം ഖുറേഷിക്ക് തിയേറ്ററില്‍ പ്രതീക്ഷിച്ച ഓളം ഉണ്ടാക്കാനായില്ലെന്നാണ് വിമര്‍ശനം. ചിത്രത്തിലെ ബിജിഎമ്മിനും കോസ്റ്റ്യൂമിനുമെല്ലാമുണ്ട് വിമര്‍ശനം.
ഉണ്ണിമുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ തിയേറ്ററുകളില്‍ 100ദിനങ്ങള്‍ പിന്നിട്ടതിന്‍റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കുകയുണ്ടായി. തിയേറ്ററുകളില്‍ 100 ദിനം പിന്നിട്ട ചിത്രം ഇതിനോടകം 100 കോടിയിലധികം കലക്ഷന്‍ നേടുകയും ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെ വലിയ സ്വീകാര്യത ലഭിക്കുകയുമുണ്ടായി. ഇതിനെല്ലാം നന്ദി പറഞ്ഞുകൊണ്ട് ഉണ്ണി മുകുന്ദനും ക്യൂബ്സ് എന്‍റര്‍ടെയിന്‍മെന്‍റും പങ്കുവെച്ച പോസ്റ്റിന് താഴെയാണ് മാര്‍ക്കോയെ പുകഴ്ത്തിയും എമ്പുരാന്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നുമുള്ള കമെന്‍റുകള്‍ നിറയുന്നത്.ഇതിനിടെ രണ്ട് ചിത്രങ്ങളും രണ്ട് കാറ്റഗറിയില്‍ പെട്ടവയാണെന്ന് വാദവുമായി മോഹന്‍ലാല്‍ ഫാന്‍സും എത്തിയതോടെ ചര്‍ച്ച കൊഴുത്തു.
1.17 മിനിറ്റുള്ള ഒരു ടീസര്‍ മാത്രമായിരുന്നു ചിത്രത്തിന്‍റെ അണിയറയില്‍ നിന്ന് റിലീസിന് മുന്‍പ് പുറത്തിറങ്ങിയത്. 'ഈ അടുത്ത് ഹൈപ്പിന് ഒത്ത് ഉയർന്നത് മാര്‍ക്കോ മാത്രമെന്നും മാര്‍ക്കോയുടെ വില മനസ്സിലായത് എമ്പുരാൻ കണ്ടപ്പോഴാണെ'ന്നും ഉള്‍പ്പെടെ നിരവധി കമെന്‍റുകളാണ് ചിത്രത്തെ പുകഴ്ത്തിക്കൊണ്ട് എത്തുന്നത്. ചിത്രത്തിലെ ആക്ഷന്‍രംഗങ്ങളും മേക്കിങ്ങും ലോകോത്തര നിലവാരത്തിലുള്ളതായിരുന്നു. ഉണ്ണി മുകുന്ദന്‍റെ സ്വാഗും സ്ക്രീന്‍ പ്രെസന്‍സും റിലീസിന് പിന്നാലെ തന്നെ അഭിനന്ദനം ഏറ്റുവാങ്ങിയിരുന്നു. കെ.ജി.എഫ് സീരീസ്, സലാര്‍ എന്നിങ്ങനെ ഹിറ്റ് സിനിമകള്‍ക്ക് സംഗീതം നല്‍കിയ രവി ബസ്രൂറിന്‍റെ ബിജിഎമ്മിനെയും കമെന്‍റ് ബോക്സുകളില്‍ ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.