mohanlal-with-antony

File photo.

കോളേജ് അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിനെതിരെ കോടതിവിധി. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘ഒപ്പം’ എന്ന സിനിമയില്‍ തന്‍റെ ചിത്രം അപകീര്‍ത്തികരമാകുംവിധം ഉപയോഗിച്ചു എന്നാണ് അധ്യാപിക പരാതി നല്‍കിയത്. സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി.

തൃശൂര്‍ സ്വദേശി സജി ജോസഫിന്‍റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയുമായ പ്രിൻസി ഫ്രാൻസിസാണ് പരാതിയുമായി രംഗത്തെത്തിയത്. ഈ സിനിമയുടെ 29–ാം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയൽ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്. അത് പ്രിൻസിയുടേതാണ്. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്‍റെ ഫോട്ടോ സിനിമയില്‍ കാണിക്കുന്നത്.

ഈ ഫോട്ടോ തന്‍റെ അനുവാദമില്ലാതെ ബ്ലോഗിൽനിന്ന് എടുക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. സംഭവം മാനസിക വിഷമത്തിന് കാരണമായി. 2017-ൽ കോടതിയെ സമീപിച്ചതാണ് പക്ഷേ പ്രതികൾ പരാതി നിഷേധിച്ചു. പിന്നീട് ആന്‍റണി പെരുമ്പാവൂർ, പ്രിയദർശൻ എന്നിവർക്ക് പുറമേ അസി.ഡയറക്ടർ മോഹൻദാസ് എന്നിവർക്കെതിരേയും പ്രിന്‍സി നോട്ടീസ് അയച്ചു. ഈ ഭാഗം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും ഫോട്ടോ ഒഴിവാക്കിയില്ലെന്നും പരാതിക്കാരി പറയുന്നു.

പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് കോടതി വിധിച്ചിരിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും പ്രിൻസി ഫ്രാൻസിസ് പിന്നീട് പ്രതികരിച്ചു.

ENGLISH SUMMARY:

A court has ruled against producer Antony Perumbavoor for using a college lecturer’s photo in a film without permission. The lecturer had filed a complaint stating that her image was used in a defamatory manner in the Mohanlal-starrer Oppam. The complaint was directed against both the film’s producer, Antony Perumbavoor, and director Priyadarshan.