tamannah-vijay

നടി തമന്ന ഭാട്ടിയയും നടന്‍ വിജയ് വര്‍മയും തമ്മിലുള്ള പ്രണയവാര്‍ത്തയും ബ്രേക്ക് അപ്പും സമൂഹമാധ്യമത്തില്‍ ചൂടുള്ള ചര്‍ച്ചയാണ്. ഇരുവരും തമ്മില്‍ വിവാഹിതരാകുന്നു എന്ന വാര്‍ത്ത പുറത്തുവന്ന് ദിവസങ്ങള്‍ക്കകം വേര്‍പിരിഞ്ഞു എന്ന ഗോസിപ്പുകളും സജീവമായി. ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. തമന്നയും വിജയും  ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. തമന്ന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്ന ചില വാക്കുകള്‍ക്ക് ‘വിരഹച്ചുവയുണ്ട്’ എന്നാണ് ചിലര്‍ കണ്ടെത്തിയത്. ഇപ്പോഴിതാ പ്രണയബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് വിജയ്. 

എല്ലാ ബന്ധങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കണം എന്നാണ് വിജയ് പറഞ്ഞത്. പ്രണയബന്ധത്തെ ഐസ്ക്രീമിനോടാണ് വിജയ് ഉപമിച്ചിരിക്കുന്നത്.  എല്ലാ രുചിവൈഭവത്തോടെയും അത് സ്വീകരിക്കാനാകണം. മധുരവും കയ്പ്പും നിറഞ്ഞ ഒരു ഐസ്ക്രീം പോലെയാണ് ബന്ധങ്ങള്‍. നമ്മളിലേക്ക് വരുന്നതെന്തോ അതിനെ അങ്ങനെ തന്നെ സ്വീകരിക്കാന്‍ തയ്യാറായിരിക്കണം. നമ്മള്‍ ആസ്വദിച്ചാണ് ഐസ്ക്രീം കഴിക്കാറുള്ളത് അല്ലേ?. ഐസ്ക്രീം ആയതുകൊണ്ടു തന്നെ അത് ഏത് ഫ്ലേവര്‍ ആണെങ്കിലും നമ്മള്‍ സന്തോഷത്തോടെ സ്വീകരിക്കും. ഇതുപോലെയാണ് ബന്ധങ്ങളും എന്നാണ് വിജയ് പറഞ്ഞിരിക്കുന്നത്.

നടന്‍ വിജയ് വര്‍മയുമായി രണ്ടു വര്‍ഷത്തോളമായി തമന്ന ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍‌ നേരത്തെ തന്നെ പുറത്തുവന്നതാണ്. പല അഭിമുഖങ്ങളിലും പ്രണയത്തിലാണെന്ന വിവരം ഇരുവരും തുറന്നു സമ്മതിച്ചിരുന്നു. സാധാരണയായി താരങ്ങള്‍ പ്രണയം മൂടിവയ്ക്കുമ്പോള്‍ തമന്നയും വിജയ്‌യും ഇക്കാര്യം തുറന്നുപറയാന്‍ മടികാട്ടിയില്ല. ‘ഞങ്ങള്‍ പരസ്പരം സ്നേഹിക്കുന്നു, ഒന്നിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നു. അതില്‍ മറച്ചുവയ്ക്കാന്‍ എന്തിരിക്കുന്നു? ഒരു ബന്ധം രഹസ്യമായി സൂക്ഷിക്കണമെങ്കില്‍ വലിയ കഷ്ടപ്പാടാണ്. ഒന്നിച്ചൊന്ന് പുറത്തുപോകാന്‍ കഴിയില്ല. കൂട്ടുകാര്‍‌ക്കൊപ്പം പോയാല്‍ അവരോടൊപ്പം ഞങ്ങള്‍ ഒന്നിച്ചുള്ള ഫോട്ടോ എടുക്കാന്‍ പോലും കഴിയില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. എനിക്ക് അത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനോട് താല്‍പര്യമില്ല’ എന്ന് വിജയ് തുറന്നുപറഞ്ഞിരുന്നു.

പിന്നാലെ 2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്ന റിപ്പോര്‍ട്ടുകളുമെത്തി. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്ന വാര്‍ത്തയടക്കം വന്നശേഷം തമന്നയും വിജയ്‌യും പിരിയുന്നു എന്നാണ് കേട്ടത്. പ്രണയബന്ധം അവസാനിപ്പിച്ചുവെങ്കിലും ഉറ്റ സുഹൃത്തുക്കളായി ഇരുവരും തുടരുമെന്നും പരസ്പര ബഹുമാനം നിലനിര്‍ത്തിയാണ് പിരിയുന്നതെന്നും ഇവരുടെ ഒരു സുഹൃത്ത് വെളിപ്പെടുത്തിയതായ റിപ്പോര്‍ട്ടുകളുമെത്തിയിരുന്നു. ഇരുവരും സ്വന്തം ജോലികളില്‍ വ്യാപൃതരാണെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

The romance and rumored breakup of Tamannaah Bhatia and Vijay Varma have become a hot topic on social media. Speculations about their wedding plans surfaced recently, only to be followed by breakup rumors. Fans are eager to know what really happened between the two. While neither Tamannaah nor Vijay has made an official statement, some believe Tamannaah's recent Instagram posts hint at heartbreak. Now, Vijay has finally opened up about their relationship.