റീല്‍സ് നോക്കാതെ ഭക്ഷണം കഴിക്കാനാവുന്നില്ലേ? ബോറടിച്ചാല്‍ ഉടനെ ഫോണിനായി പരതാറുണ്ടോ? നിങ്ങള്‍ക്കും ഫബ്ബിങ് ആണ് !!!!
ഫോണില്ലാത്ത ഒരു ജീവിതം ഇന്ന് നമുക്ക് ആലോചിക്കാനാവില്ല. രാവിലെ എഴുന്നേറ്റ് കണ്ണ് തുറന്നാലുടന്‍ ഫോണ്‍ തപ്പി നോക്കുന്നവരാണ് നമ്മളില്‍ പലരും. ടോയ്ലറ്റില് തീന്‍ മേശയില്‍ ബെഡ്റൂമില്‍ എല്ലാം ഒരു കൈയില്‍ നമുക്ക് ഫോണ്‍ വേണം. എന്നാല്‍ ഈ അമിതമായ ഫോണ്‍ ഉപയോഗം നമ്മുടെ വ്യക്തിബന്ധങ്ങളെ തകര്‍ക്കുന്നുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? സംഭവം സത്യമാണ്.
സ്വന്തം ഫോണിലോ മറ്റ് മൊബൈൽ ഉപകരണത്തിലോ ശ്രദ്ധിക്കാൻ വേണ്ടി കൂട്ടുകാരെയോ പങ്കാളിയേയോ അവഗണിക്കുന്ന രീതിയെയാണ് ഫബ്ബിങ് എന്ന് പറയുന്നത്.മൊബൈൽ ഫോണുകളെയും ഇന്റർനെറ്റിനെയും നമ്മൾ കൂടുതലായി ആശ്രയിക്കുന്നതിന്‍റെ ഒരു ലക്ഷണം മാത്രമാണ് ഫബ്ബിങ്.2012 മുതൽ നിലവിലുള്ള ഈ പദം ആദ്യമായി ഉപയോഗിച്ചത് മക്കാൻ എന്ന പരസ്യ ഏജൻസിയാണ്. ഫബ്ബിങ് ചെയ്യുന്നയാള്‍ കൂടെയുള്ളയാളെ അവഗണിക്കുന്നു എന്നാണ് കണക്കാക്കുന്നത്.ഇത് മാനസിക അകലം, സംഘർഷം എന്നിവയ്ക്ക് കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. പക്ഷേ നമ്മുടെ ജീവിതത്തിൽ ഫോണുകളുടെ പങ്ക് കണക്കിലെടുക്കുമ്പോൾ ഫബ്ബിങ് കൂടുന്നതില്‍ അതിശയപ്പെടാനൊന്നുമില്ല.ഫബ്ബിങ് എന്ന സംസ്കാരത്തെ കുറിച്ച് ആളുകളെ ബോധവാന്മാരാക്കാനും ഫോണ്‍ ഉപയോഗം കുറയ്ക്കാനുമായി മക്കാൻ ഗ്രൂപ്പ് ഒരു ക്യാമ്പെയ്ൻ തന്നെ ആരംഭിച്ചിരുന്നു.
ഫബ്ബിങ് റൊമാന്‍റിക് ബന്ധങ്ങളിൽ മാത്രം സംഭവിക്കുന്നതല്ല. കുടുംബ സംഗമങ്ങൾ മുതൽ പ്രൊഫഷണൽ മീറ്റിംഗുകൾ വരെ ഏത് സാമൂഹിക സാഹചര്യത്തിലും ഇത് സംഭവിക്കാം. സ്മാർട്ട്ഫോൺ അടിമത്തം, ഫിയര്‍ ഓഫ് മിസിങ് ഔട്ട്, സോഷ്യൽ മീഡിയയുടെ വ്യാപക ഉപയോഗം തുടങ്ങിയവ ഈ പ്രവണതയെ ശക്തിപ്പെടുത്തുന്നു. സോഷ്യൽ ആംഗ്സൈറ്റിയുള്ളവർ അവരുടെ മാനസിക അസ്വസ്ഥത മറയ്ക്കുന്നതിനായി ഫോണിലേക്കു ശ്രദ്ധ തിരിക്കാറുണ്ട്. അതുപോലെ ചിലർ ദുർബലമായ സാമൂഹിക ആശയവിനിമയം മറികടക്കാനാണ് ഫോൺ ഉപയോഗിക്കുന്നത്. ചിലർക്ക് അത് വെറുതെയൊരു ശീലമാകാം, ബോറടി ഒഴിവാക്കാനോ അപ്രിയമായ സംഭാഷണങ്ങളിൽ നിന്ന് മാറിനിൽക്കാനോ അവർ ഫോൺ നോക്കിയിരിക്കാം. എന്നാല്‍ ഇത്തരത്തിലുള്ള ഫോണ്‍ അഡിക്ഷന്‍ വ്യക്തികളെ മാനസികമായി ബാധിക്കാം. മുഖാമുഖമുള്ള സംവാദങ്ങൾ കുറയുന്നതിനാല്‍ ഒറ്റപ്പെടലും നിരാശയുമുണ്ടാകാൻ സാധ്യതയുണ്ട്. പഠനങ്ങൾ പ്രകാരം, ഫബ്ബിങ് ഡിപ്പ്രഷനും ആംഗ്സൈറ്റിയുമുള്ളവരെയും കൂടുതൽ ബാധിച്ചേക്കാം.
ഫബ്ബിങ് ഇന്‍റർപേഴ്‌സണൽ കമ്മ്യൂണിക്കേഷൻ ബുദ്ധിമുട്ടാക്കുകയും ബന്ധങ്ങളിൽ അകലം ഉണ്ടാക്കുകയും ചെയ്യുന്നു. ഫബ്ബിങ് അനുഭവിക്കുന്ന വ്യക്തിക്ക് അവഗണിക്കപ്പെടുന്നതായോ അപമാനിക്കപ്പെടുന്നതായോ തോന്നാം. ഫബ്ബിങ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ എന്ന് മനസിലാക്കേണ്ടത് അതിനെ തടയാനുള്ള ആദ്യ ഘട്ടമാണ്. നിങ്ങളുടെ ജീവിതത്തിൽ ഫബ്ബിങ് ഉണ്ടാകുന്ന സാഹചര്യങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. ചില സൂചനകൾ ഇവയാണ്;വ്യക്തി ബന്ധങ്ങളെക്കാള്‍ ഫോണിന് അമിത പ്രാധാന്യം നല്‍കുക, പ്രധാനപ്പെട്ട എന്തെങ്കിലും സംസാരിക്കുമ്പോള്‍ അതിന് ചെവികൊടുക്കാതെ ഫോൺ പരിശോധിക്കുക,യഥാർത്ഥ ജീവിത പരിസ്ഥിതികളെ നേരിടാനുള്ള ബുദ്ധിമുട്ടുകൊണ്ട് അവയില്‍ നിന്നും ഒഴിഞ്ഞുമാറാനായി ഫോൺ ഉപയോഗിക്കുന്നത് എന്നിവയൊക്കെയും ഫബ്ബിങിന്‍റെ ലക്ഷണങ്ങളാണ്. നിങ്ങൾക്കും നിങ്ങളുടെ പ്രിയപ്പെട്ടവർക്കും ഈ പ്രവണതയുണ്ടെങ്കിൽ, അത് പരിശോധിക്കുകയും നിങ്ങളുടെ ഫോണ്‍ ഉപയോഗവുമായി ബന്ധപ്പെട്ട ശീലങ്ങള്‍ പുനഃപരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.
ഫബ്ബിങ് നിർഭാഗ്യകരമായ പല പ്രശ്നങ്ങളും നിത്യജീവിതത്തില്‍ ഉണ്ടാക്കും. വളരെ അടുപ്പമുള്ളവര്‍ പോലും മാനസികമായി ഏറെ അകന്നുപോവുക, കമ്മ്യൂണിക്കേഷനില്‍ വരുന്ന പ്രശ്നങ്ങള്‍, പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തില്‍ അവഗണനയും മടുപ്പും അനുഭവപ്പെടുക എന്നിവ ഫബ്ബിങ് മൂലമുണ്ടാകുന്ന പ്രശ്നങ്ങളാണ്.ഇവയെ കുറിച്ച് ജാഗ്രത പുലർത്തുകയും, ഫബ്ബിങ് കുറയ്ക്കുന്നതിനായി തക്ക നടപടി സ്വീകരിക്കുകയും ചെയ്യുന്നത് അത്യാവശ്യമാണ്. ഫോൺ ഉപയോഗിക്കാതിരിക്കുക എന്നത് ഈ ഡിജിറ്റല്‍യുഗത്തില്‍ പ്രായോഗികമല്ല, പക്ഷേ, ഫബ്ബിങ് ഒഴിവാക്കി ഫോണിന്‍റെ ഉപയോഗം നിയന്ത്രിക്കാനാകുമെന്നതാണ് സത്യം. അതിനായി വ്യക്തിജീവിതത്തിന് ഡിജിറ്റൽ ജീവിതത്തേക്കാൾ മുൻഗണന നല്‍കാന്‍ തയാറാകണം