എമ്പുരാന്‍ റിലീസാകുന്നതിനു മുൻപ് ചിത്രം മോഹന്‍ലാല്‍ കണ്ടിരുന്നില്ല എന്ന് സംവിധായകന്‍ മേജര്‍ രവി. ഒരു സിനിമയുടെ കഥ കേട്ടുകഴിഞ്ഞാൽ പിന്നെ മോഹൻലാൽ കഥയിൽ ഇടപെടില്ലെന്നും സിനിമ റിലീസിന് മുൻപ് കാണാറില്ലെന്നും മേജർ രവി പറഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിവാദങ്ങളിൽ മോഹന്‍ലാലിന് വിഷമമുണ്ടെന്നും അദ്ദേഹം പ്രേക്ഷകരോട് മാപ്പ് പറയുമെന്നും മേജര്‍ രവി പറയുന്നു. മോഹൻലാൽ മാപ്പ് എഴുതിവച്ചിട്ടുണ്ടെന്ന് തനിക്കറിയാം അത് അദ്ദേഹം താമസിയാതെ തന്നെ പോസ്റ്റ് ചെയ്യും.
സൈനിക വേഷം ധരിച്ച് മോഹൻലാൽ മോശം കാര്യങ്ങൾ ചെയ്യുന്നതൊന്നും സിനിമയിൽ കാണിച്ചിട്ടില്ലെന്നും സിനിമയുടെ പേരിൽ മോഹൻലാലിന്റെ സൈനിക പദവി എടുത്തുകളയണം എന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും മേജർ രവി തന്റെ ഫെയ്സ്ബുക്കിൽ പങ്കുവച്ച ലൈവ് വിഡിയോയിൽ പറഞ്ഞു.‘എനിക്ക് ഇന്നലെ മുതൽ ഏറ്റവുമധികം കോൾസ് വന്നിരുന്നത് എന്റെ ആർമിയിലുള്ള ഫ്രണ്ട്സിന്റെ സർക്കിളിൽ. പലരും എന്നെ വിളിച്ച് ചീത്ത പറഞ്ഞു. എന്താടാ അവിടെ നടക്കുന്നത് എന്നാണ് ചോദിക്കുന്നത്. ഞാൻ ഇവിടെ ആരെയും വൈറ്റ് വാഷ് ചെയ്യാനോ വെള്ള പൂശാനോ ഒന്നും വന്നതല്ല. നിങ്ങൾ വിശ്വസിക്കുന്ന മേജർ രവി പറയാൻ ആഗ്രഹിക്കുന്ന കുറച്ചു കാര്യങ്ങളുണ്ട്. നിങ്ങൾ എപ്പോഴും എന്നെ മോഹൻലാലിന്റെ കൂടെ കാണില്ല പക്ഷേ ഞങ്ങൾ വളരെ വളരെയധികം ആത്മബന്ധമുള്ള സുഹൃത്തുക്കളാണ്. എല്ലാ സമയത്തും അദ്ദേഹത്തിന്റെ കൂടെ അവിടെ നടക്കാനും വഴി കാണിച്ചു കൊടുക്കാനും എന്നെ കാണാറുണ്ടാവില്ല. ചില സന്ദർഭങ്ങളിൽ കാണും അത് നല്ല കാര്യങ്ങൾ പലയിടത്തും ചെയ്യുന്ന സമയത്ത് ഞാൻ ലാലിന്റെ കൂടെ ഉണ്ടാകുന്നുണ്ട്.
ആദ്യം ഈ കേണൽ റാങ്കിന്റെയും കേണലിന്റെ പ്രശ്നവും പറയാം. ഈ സിനിമ എന്നുള്ളതല്ല ഏത് സിനിമയാണെങ്കിലും എന്താണെങ്കിലും ശരി ഒരു കേണൽ റാങ്ക് എടുത്തുകളയുക അല്ലെങ്കിൽ കിട്ടുക എന്നൊക്കെ പറയുന്നത് അതിനു അതിന്റെതായിട്ടുള്ള ചില മാനദണ്ഡങ്ങളും അതിന്റെ പ്രൊസീജസും എല്ലാം ഉണ്ട്. മേജറിന്റെ പടത്തിൽ അഭിനയിച്ചുകൊണ്ട് കിട്ടിയതല്ല അത്. അതിനകത്ത് കുറെ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. അന്ന് കോൺഗ്രസ് ഗവൺമെന്റ് ആയിരുന്നു ഭരിച്ചിരുന്നത് ആ സമയത്ത് നമ്മൾ ചെയ്തിട്ടുള്ള കുറച്ചു സിനിമകളെല്ലാം അവിടെ സെൻസറിന് പോകുന്ന സമയത്ത് ഇങ്ങനെ ഒരു ആശയം വന്നു. സൗത്തിൽ നിന്ന് ഒരാളിനെ ബ്രാൻഡ് അംബാസഡർ ആയിട്ട് കിട്ടികഴിഞ്ഞാൽ നല്ലതാണ് എന്ന്. അതുപോലെതന്നെ അദ്ദേഹം രാജ്യസ്നേഹമുള്ള സിനിമകൾ ചെയ്തു എന്നുള്ളത് എല്ലാവരും ഓർക്കും. നിങ്ങൾ ഓരോരുത്തരും മോഹൻലാൽ എന്നുള്ള നടന് കൊടുക്കുന്ന ഇഷ്ടം എനിക്കറിയാം. മേജര്‍ രവി പറഞ്ഞു.