എമ്പുരാന്‍ സിനിമയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍. പ്രിയപ്പെട്ടവര്‍ക്കുണ്ടായ മനോവിഷമത്തില്‍ തനിക്കും എമ്പുരാന്‍ ടീമിനും ആത്മാര്‍ഥമായ ഖേദമുണ്ടെന്നും ഉത്തരവാദിത്തമേറ്റെടുക്കുന്നുവെന്നും താരം ഫെയ്സ്ബുക്കില്‍ കുറിച്ചു. വിവാദ വിഷയങ്ങളെ നിര്‍ബന്ധമായും നീക്കം ചെയ്യുമെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു. കലാകാരന്‍ എന്ന നിലയില്‍ തന്‍റെ ഒരു സിനിമയും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ മതവിഭാഗത്തോടോ വിദ്വേഷം പുലര്‍ത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് തന്‍റെ കടമയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു.
മോഹന്‍ലാലിന്‍റെ കുറിപ്പിങ്ങനെ: 'ലൂസിഫർ' ഫ്രാഞ്ചൈസിന്‍റെ രണ്ടാം ഭാഗമായ 'എമ്പുരാൻ' സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എന്‍റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എന്‍റെ കടമയാണ്.
അതുകൊണ്ടു തന്നെ എന്‍റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിന്‍റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു.
കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് ഞാൻ എന്‍റെ സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് എന്‍റെ ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. സ്നേഹപൂർവ്വം മോഹൻലാൽ.'
ചിത്രത്തിനെതിരെ ബിജെപി കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ പതിനേഴിലധികം ഭാഗങ്ങള്‍ സ്വമേധയാ ഒഴിവാക്കുകയാണെന്ന് നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എഡിറ്റഡ് പതിപ്പ് വൈകാതെ തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എമ്പുരാന്‍ സിനിമ പൃഥ്വിരാജിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയ അജന്‍ഡയാണ് എന്ന് ആര്‍എസ്എസ് മുഖപത്രവും വിമര്‍ശനം ഉന്നയിച്ചു. സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ എം.ടി.രമേശ് പറഞ്ഞതാണ് പാർട്ടി നയമെന്നും സിനിമ എല്ലാവരും കാണണമെന്നുമായിരുന്നു കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന്‍റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രത്തില്‍ അഭിനയിച്ചത് ആരാധകരോടുള്ള വഞ്ചനയാണെന്നും 'ഓര്‍ഗനൈസര്‍' ആരോപിച്ചിരുന്നു.