എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഈദ് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ മോഹന്‍ലാല്‍ പങ്കുവച്ച ആശംസയ്ക്ക് താഴെയും കമന്‍റ് പൂരമാണ്. കമന്‍റ് ബോക്സിലും എമ്പുരാനും ഖേദം പ്രകടിപ്പിച്ചതുമാണ് ചര്‍ച്ചയാവുന്നത്.
'സ്നേഹത്തിന്‍റേയും ഐക്യത്തിന്‍റേയും വളയാത്ത നട്ടല്ലിന്‍റേയും ഒരായിരം പെരുന്നാൾ ആശംസകൾ. ഇത് പറഞ്ഞതിന് നിരുപാധികം ഖേദം പ്രകടിപ്പിക്കേണ്ടിവരാതിരിക്കട്ടെ', 'ലാൽ ഏട്ടന് ചന്ദ്രനെ വളരെ അടുത്ത് നിന്നും കാണാൻ പറ്റുന്നുണ്ടാവും അല്ലെ...', 'മാപ്പ് ഉണ്ടോ ലാലേട്ടാ ഒരു സിനിമയെടുക്കാൻ', 'സെൻസർ കത്രിക വെക്കുമെന്ന് ഉറപ്പായപ്പോൾ ഇന്നലെ മാത്രം 2 ലക്ഷം ടിക്കറ്റ് വെറുതെ അങ്ങോട്ട് പോയതല്ല അത് ഈ നാടിന്റെ പൊതു വികാരം കൂടിയായിരുന്നു അതിലാണ് മാപ്പ് പറഞ്ഞു നശിപ്പിച്ചത്', 'ചേട്ടാ പടത്തിൻ്റെ പേര് മാറ്റിയോ ഓ എമ്പ്ര എന്നാക്കിയോ' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേസമയം എമ്പുരാനെതിരായ വിവാദങ്ങള്‍ കടുത്തതോടെ ചില ഭാഗങ്ങള്‍ നീക്കാന്‍ നിര്‍മാതാക്കള്‍ തന്നെ തീരുമാനിച്ചിരുന്നു. വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. വിവാദ ഭാഗങ്ങള്‍ സിനിമയില്‍നിന്ന് നീക്കാന്‍ തീരുമാനിച്ചത് ഒരുമിച്ചാണെന്നും മോഹന്‍ലാല്‍ ഫെയ്സ്ബുക് പോസ്റ്റില്‍ അറിയിച്ചു. മോഹന്‍ലാലിന്റെ പോസ്റ്റ് പൃഥ്വിരാജും നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരും ഷെയര്‍ ചെയ്യുകയും ചെയ്തു.
അതിനിടെ, വിവാദഭാഗങ്ങൾ നീക്കം ചെയ്ത എമ്പുരാൻ നാളെ (ചൊവ്വാഴ്ച )പ്രദർശനത്തിന് എത്തിയേക്കും. ഗര്‍ഭിണിയെ ബലാല്‍സംഗം ചെയ്യുന്നതടക്കമുള്ള മൂന്ന് മിനിറ്റ് ദൃശ്യങ്ങൾ നീക്കം ചെയ്ത ചിത്രത്തിന്റെ ഗ്രേഡിങ് ഉൾപ്പെടെ പൂർത്തിയാകേണ്ടതുണ്ട്. ചിത്രത്തിലെ വില്ലൻ കഥാപാത്രമായ ബജ്റംഗിയുടെ പേര് ബൽരാജ് എന്ന് തിരുത്തിയേക്കും. ചിത്രത്തിലെ ആദ്യ 20 മിനിറ്റ് നീക്കം ചെയ്യാൻ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സെൻസർ ബോർഡ് ഇടപെടൽ ഉണ്ടായെങ്കിലും പിന്നീടുള്ള ചർച്ചയിൽ നിർണായകദൃശ്യങ്ങൾ മാത്രം ഒഴിവാക്കാർ തീരുമാനമാകുകയായിരുന്നു.