എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് പൃഥ്വിരാജിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ മേജര്‍ രവിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മല്ലിക സുകുമാരന്‍. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്‍റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. പടം കണ്ടിറങ്ങിയ ഉടനെ ' അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ... ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച് , എന്‍റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് ചതിച്ചെന്ന് പറയണമെങ്കില്‍ ഇത്രയുമേയുള്ളോ ഇവരുടെയൊക്കെ വാക്കിന്‍റെ വില? ഇവരൊക്കെയാണോ ദേശം നോക്കുന്ന കമാന്‍ഡേോസ്? ഇത് ദേശ സ്നേഹം കൊണ്ടല്ല, വ്യക്തി സ്നേഹം കൊണ്ടാണ് പൃഥ്വിരാജിനെ ചീത്ത വിളിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
മേജര്‍ രവിയുടെ പോസ്റ്റിന് പിന്നാലെ മോഹന്‍ലാലിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു കിട്ടിയില്ലെന്നും ആന്‍റണി പെരുമ്പാവൂരിനെയും മുരളി ഗോപിയെയും താന്‍ വിളിച്ചിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുന്നത് മേജര്‍ രവിയെപ്പോലെയുള്ള കൂട്ടുകാരല്ലേ? 'മൂന്നുനാലു ദിവസം മുന്‍പേ സങ്കടമെഴുതി ഒരാളെ ഏല്‍പ്പിച്ചിട്ടുണ്ട്. രണ്ട് ദിവസം കഴിഞ്ഞ് പറയും. ഇങ്ങനെയൊക്കെ മോഹന്‍ലാലിനെ കൊച്ചാക്കാമോ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍. അതിപ്പോ മേജര്‍ രവിയല്ല, ആരുമാകട്ടെ.. അതാ മോഹന്‍ലാലിന്‍റെ വ്യക്തിത്വത്തെ കൂടി ബാധിക്കുന്നതല്ലേ? മോഹന്‍ലാല്‍ അങ്ങനെയൊരു പേടിത്തൊണ്ടനാണോ? വേറൊന്നുമല്ല, എഴുതിക്കയ്യില്‍ കൊടുത്തിട്ട് ഇദ്ദേഹത്തിന്‍റെ കയ്യില്‍ കൊടുത്തെന്നോ?- മല്ലിക ചോദ്യങ്ങളുയര്‍ത്തുന്നു.
മേജര്‍ രവിയെ താന്‍ ഫോണില്‍ വിളിച്ചുവെന്നും കാരണം ചോദിച്ചപ്പോള്‍ പട്ടാളക്കാരുടെ ഗ്രൂപ്പില്‍ സംസാരമുണ്ടായതിനെ തുടര്‍ന്ന് പോസ്റ്റ് ചെയ്തതാണെന്ന് പറഞ്ഞുവെന്നും അവര്‍ വെളിപ്പെടുത്തി. പ്രിവ്യൂ ഇല്ലാത്തൊരു സിനിമയ്ക്ക് എങ്ങനെ പ്രിവ്യൂ കാണാന്‍ ആണ്? മോഹന്‍ലാല്‍ സിനിമയുടെ ഷോട്ട് ബൈ ഷോട്ട് കണ്ടിട്ടുണ്ടെന്നും അവസാന പേജിലെ ഡയലോഗ് വരെ കാണാപ്പാഠം അറിയാമെന്നും മല്ലിക സുകുമാന്‍ അവകാശപ്പെട്ടു. ഇക്കാര്യങ്ങളൊക്കെ അന്വേഷിച്ചിട്ട് വേണ്ടേ മേജര്‍ രവി പോസ്റ്റിടാനെന്നും അവര്‍ ചോദ്യമുയര്‍ത്തി. ഇതൊക്കെ അന്വേഷിച്ചിട്ട് വേണ്ടേ മേജര്‍ രവി പൃഥ്വി പറ്റിച്ചുവെന്ന് പോസ്റ്റിടാന്‍?' അവര്‍ വിശദീകരിച്ചു.