എമ്പുരാൻ സിനിമയിൽ നിന്ന് ചില ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്ന് അറിയിച്ച് നടൻ മോഹൻലാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വിശദീകരണത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ടി.സിദ്ദിഖ് എംഎൽഎ. മോഹൻലാലിന്റെ പോസ്റ്റിന് കമന്റായാണ് ടി.സിദ്ദഖ് അതൃപ്തി േരഖപ്പെടുത്തിയത്.
‘സംഘപരിവാറിന് താൽപര്യമില്ലാത്ത സീനുകൾ വെട്ടിമാറ്റി എമ്പുരാൻ വരുമ്പോൾ കോൺഗ്രസിനെയും സിപിഎമ്മിനെയും വിമർശിക്കുന്ന ഭാഗങ്ങൾ കൂടി വെട്ടി മാറ്റുമോ ? ഇല്ല അല്ലേ ! അങ്ങനെ വെട്ടിയാൽ 3 മണിക്കൂർ സിനിമ 3 മിനിറ്റുള്ള റീൽസ് ആയി കാണാം’ ടി.സിദ്ദിഖ് കുറിച്ചു.
നേരത്തെ എമ്പുരാനും അണിയറ പ്രവർത്തകർക്കും നേരെ സൈബർ ആക്രമണം ഉണ്ടായപ്പോൾ ശക്തമായ പിന്തുണയുമായി സിദ്ദിഖ് രംഗത്തെത്തിയിരുന്നു. ‘എമ്പുരാൻ എന്ന സിനിമ കോൺഗ്രസിനെയും സിപിഎമ്മിനെയും അതിരൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. ഗാന്ധി കുടുംബത്തെയും പിണറായി വിജയനെയും വിമർശിക്കുന്നുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും സിനിമയ്ക്ക് പിന്തുണ നൽകി ഒപ്പം നിൽക്കുന്നു. കേരളത്തിലെ ജനങ്ങളെ പതിറ്റാണ്ടുകളായി അറിയുന്ന ഈ പാർട്ടികളൊക്കെ ഇവിടെ നിൽക്കുന്നത് എന്തുകൊണ്ടാണ് എന്ന് സംഘപരിവാർ പഠിക്കണം.