സംഘപരിവാര്‍ അനുകൂലികളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് എമ്പുരാന്‍ 24 വെട്ടുമായി സ്വയം തിരുത്തിയതിനെ എതിര്‍ത്തും അനുകൂലിച്ചും അഭിപ്രായപ്രകടനങ്ങള്‍ അരങ്ങു തകര്‍ക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്ന ഭീതിയുടെ അന്തരീക്ഷത്തില്‍ 24 വെട്ടിനെ ന്യായീകരിക്കുന്നവര്‍ ഒന്നു തിരിഞ്ഞു നോക്കണമെന്ന് ഓര്‍മിപ്പിക്കുന്നു ചലച്ചിത്രപ്രേമികള്‍. കാരണം ഗുജറാത്ത് കലാപം പ്രമേയമാകുന്ന ആദ്യ ഇന്ത്യന്‍ സിനിമയല്ല എമ്പുരാന്‍.
ഏറ്റവുമൊടുവില്‍ ഇറങ്ങിയ സബര്‍മതി റിപ്പോര്‍ട്ടിന്റെയും മുഖ്യപ്രമേയം ഗോധ്ര ട്രെയിന്‍ തീപിടിത്തമാണ്. അതു പക്ഷേ സംഘപരിവാര്‍ ഭാഷ്യങ്ങളെ അനുകൂലിക്കുന്ന വ്യാഖ്യാനമായിരുന്നുവെന്നു പറയാം. അതല്ലാതെ തന്നെ ഒരു പിടി ചിത്രങ്ങള്‍ ഗുജറാത്ത് കലാപത്തെ നിശിതവിമര്‍ശനവുമായി സമീപിച്ചിട്ടുണ്ട്. രാജ്യാന്തരവേദികളിലടക്കം വലിയ നിരൂപകപ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
2002ല്‍ ഗുജറാത്ത് കലാപം നടന്ന് 3 വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ കലാപം പശ്ചാത്തലമായി ആദ്യചിത്രം ഇറങ്ങി, ചാന്ദ് ബുജ് ഗയ. റൊമാന്റിക് ഡ്രാമ ഗണത്തിലാണ് ചിത്രമെങ്കിലും സബര്‍മതി എക്സ്പ്രസ് തീപിടിത്തവും നരേന്ദ്രമോദിയോടു സാമ്യമുള്ള രാഷ്ട്രീയനേതാവുമൊക്കെ ചിത്രത്തിലുണ്ടായിരുന്നു. നിരോധിക്കാന്‍ പല തരത്തില്‍ ശ്രമം നടന്നെങ്കിലും 2005ല്‍ ഇറങ്ങിയ ചിത്രത്തിന് കോടതി പ്രദര്‍ശനാനുമതി നല്‍കി. പക്ഷേ പരോക്ഷമായി ശക്തമായ സമ്മര്‍ദം ഉയര്‍ത്തി ഗുജറാത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ സംസ്ഥാനത്ത് ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞു.
കൈ പോ ചെ, ഫൈനല്‍ സൊലുഷന്‍, പര്‍സാനിയ, ഫിറാഖ്, ഒമേര്‍ത, ദോ ബാര തുടങ്ങിയ ചിത്രങ്ങളിലെല്ലാം ഗുജറാത്ത് കലാപം പ്രധാന പ്രമേയമായി കടന്നു വന്നു. ഇതില്‍ ഫിറാഖ് സംവിധാനം ചെയ്തത് പ്രശസ്ത നടി നന്ദിത ദാസ് ആണ്. ഗോധ്ര കലാപാനന്തരമുള്ള ജീവിതം ചിത്രീകരിച്ച ഫിറാഖില്‍ നസറുദീന്‍ ഷാ ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചത്. പരേഷ് റാവല്‍, ദീപ്തി നവാല്‍, സഞ്ജയ് സൂരി തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അണി നിരന്നിരുന്നു. ഒട്ടേറെ രാജ്യാന്തരവേദികളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം പല പ്രമുഖ ചലച്ചിത്രോല്‍സവ വേദികളിലും പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. പക്ഷേ ഫിറാഖും ഗുജറാത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. നേരിട്ട് നിരോധനമൊന്നും ഏര്‍പ്പെടുത്തിയില്ല. പക്ഷേ സംസ്ഥാനത്തെ തിയറ്ററുകളെല്ലാം ഒരേ നിലപാടില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ വിസമ്മതിച്ചു. വിതരണക്കരാര്‍ പ്രശ്നമെന്നൊക്കെ ന്യായീകരിച്ചെങ്കിലും നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ചിത്രം നേരിടുന്ന യഥാര്‍ഥ പ്രശ്നമെന്തെന്ന് പകല്‍ പോലെ വ്യക്തമായിരുന്നു. ഞങ്ങളെന്തു ചെയ്തു എന്ന് ഇപ്പോള്‍ സംഘപരിവാര്‍ സംഘടനകള്‍ എമ്പുരാന്റെ കാര്യത്തില്‍ കൈമലര്‍ത്തുന്നതുപോലെ തന്നെ ഭീതിയുടെ അന്തരീക്ഷം പ്രകടവും വ്യക്തവുമായിരുന്നു.
2008ല്‍ ഇറങ്ങിയ ഫിറാഖിനും മുന്‍പ് 2005ല്‍ പുറത്തിറങ്ങിയ പര്‍സാനിയയ്ക്കും ഗുജറാത്തില്‍ ഇതേ ഗതി തന്നെയാണ് നേരിടേണ്ടി വന്നത്. ഗുര്‍ബര്‍ഗ കൂട്ടക്കൊലയ്ക്കു ശേഷം നാട്ടില്‍ നിന്നു കാണാതായ പാര്‍സി വംശജന്റെ കഥയായിരുന്നു പര്‍സാനിയ. സംവിധാനം രാഹുല്‍ ദോലാകിയ. സരികയും നസിറുദീന്‍ ഷായുമായിരുന്നു മുഖ്യവേഷങ്ങളില്‍. ചിത്രത്തിനെതിരെ രംഗത്തു വന്നത് ബജ്റംഗ്ദള്‍ ആണ്. ഔദ്യോഗിക നിരോധനമൊന്നുമുണ്ടായില്ല. പക്ഷേ ഒരൊറ്റ തിയറ്റര്‍ പോലും ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള ധൈര്യം കാണിച്ചില്ല.
ഈ ചിത്രങ്ങളെല്ലാം പിന്നീട് ഡിജിറ്റല്‍ റിലീസിലൂടെ പ്രേക്ഷകരിലേക്കെത്തിയെങ്കിലും ആവിഷ്കാരസ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയും ചോദ്യങ്ങളോടുള്ള വെറുപ്പും ഭരണകൂടരാഷ്ട്രീയം മറയില്ലാതെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ എല്ലായിടത്തും ഒടുവില്‍ ഞങ്ങളെന്തു ചെയ്തുവെന്നു കൈ മലര്‍ത്തിക്കാണിക്കാനും മറന്നില്ല. ഈ ചിത്രങ്ങളുടെ സ്രഷ്ടാക്കള്‍ പക്ഷേ കീഴടങ്ങിയില്ല. ഭരണകര്‍ത്താക്കളുടെ വേദന മാനിച്ചു കൊണ്ട് ഒരു തവണ പോലും ചിത്രം എഡിറ്റ് ചെയ്യാന്‍ അവര്‍ തയാറായില്ല. ചിത്രങ്ങള്‍ അതേ പടി തന്നെ ഓണ്‍ലൈന്‍ റിലീസിലൂടെ പ്രേക്ഷകര്‍ കണ്ടു.