ഒടുവില്‍ എമ്പുരാനിലെ സീനുകള്‍ക്ക് 24 വെട്ടുകള്‍. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. പ്രധാന വില്ലന്‍ കഥാപാത്രത്തിന്‍റെ പേര് ബല്‍ദേവ് എന്ന് മാറ്റി. കലാപത്തീയതി 2002ല്‍ എന്ന് കാണിക്കുന്നത് ഏതാനും വര്‍ഷം മുന്‍പെന്ന് തിരുത്തി. എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു. NIA ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി. പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും വെട്ടി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീനും വെട്ടിമാറ്റി. സിനിമയുടെ നന്ദി കാര്‍ഡില്‍നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. സിനിമ ദേശവിരുദ്ധമായതിനാല്‍ ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ വരുത്തിയ എമ്പുരാന്‍ ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
എമ്പുരാനിലെ വെട്ടുകള്‍ ഇങ്ങിനെ
1)നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര്
2)നന്ദി കാര്‍ഡില്‍ നിന്ന് IRS ഓഫീസര്‍ ജ്യോതിസ് മോഹന്‍റെ പേര്
3)കലാപവര്‍ഷം 2002 എന്നത് ഏതാനും വര്‍ഷം മുന്‍പ് എന്ന് മാറ്റി
4)കൊലപാതക സീനിന്‍റെ നീളം കുറച്ചു
5)മതപരമായ ചിഹ്നങ്ങള്‍ക്ക് മുന്നിലൂടെ വാഹനങ്ങള്‍ പോകുന്ന സീന്‍
6)പ്രിഥ്വിരാജിന്‍റെ കഥാപാത്രവും അച്ഛന്‍ കഥാപാത്രവും തമ്മിലുള്ള സംസാരം
7)വില്ലന്‍ കഥാപാത്രമായ ബല്‍രാജിന്‍റെ ദൃശ്യങ്ങള്‍ മൂന്നിടത്ത് വെട്ട്
8)സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ നാലിടത്ത് വെട്ട്
9)NIA ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി
10)NIA എന്ന വാക്ക് മ്യൂട്ട് ചെയ്തു
11)നന്ദുവിന്‍റെ കഥാപാത്രത്തിന്‍റെ ദൃശ്യം ഒരിടത്ത് വെട്ടി
12)വില്ലന്‍ കഥാപാത്രങ്ങളായ ബല്‍രാജും മുന്നയും തമ്മിലുള്ള സംഭാഷണം
13)ബജ്രംഗിയായി മാറിയ ബല്‍രാജിന്‍റെ പേര് ബല്‍ദേവ് എന്നാക്കി
അതേസമയം എമ്പുരാൻ സിനിമ ഹിന്ദു വിരുദ്ധമെന്ന ആര്‍.എസ്.എസ്., ബി.ജെ.പി. ആരോപണങ്ങള്‍ തള്ളി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. വിവാദമില്ലെന്നും എല്ലാം കച്ചവടതന്ത്രമാണെന്നും മന്ത്രി പ്രതികരിച്ചു. എമ്പുരാന്‍ വിവാദത്തില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ആവശ്യപ്പെട്ട് എല്‍.ഡി.എഫ്, യു.ഡി.എഫ് എംപിമാര്‍ നല്‍കിയ നോട്ടിസുകള്‍ തള്ളി. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ലോക്സഭ രണ്ടുമണിവരെ നിര്‍ത്തിവച്ചു.
എമ്പുരാനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരേ ആര്‍.എസ്.എസ്, ബി.ജെ.പി. നേതൃത്വം അതിരൂക്ഷ വിമര്‍ശനം ഉന്നയിക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ ഈ പ്രതികരണം. എന്താണ് വിവാദമെന്നും ജനങ്ങളെ പിരി കയറ്റി നേട്ടം ഉണ്ടാക്കാനുള്ള ബിസിനസ് തന്ത്രമെന്നും മന്ത്രി. പൃഥ്വിരാജ് നിരന്തരം ഹിന്ദു വിരുദ്ധ സിനിമകള്‍ ചെയ്യുന്നുവെന്നും കഥാപാത്രത്തിന്‍റെ പേര് ലഷ്കര്‍ ഭീകരന്റേതായത് യാദൃശ്ചികമല്ലെന്നും അടക്കമുള്ള ആര്‍എസ് എസ് ആരോപണങ്ങള്‍ തള്ളുന്ന നിലപാടാണിത്. വിവാദം സൃഷ്ടിച്ച് പണംവാരാന്‍ അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവും പ്രതികരണത്തിലുണ്ട്.
എമ്പുരാനെതിരായ സൈബര്‍ ആക്രമണം അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും എതിരാണെന്നും സഭ നിര്‍ത്തി ചര്‍ച്ചചെയ്യണം എന്നു ആവശ്യപ്പെട്ട് ലോക്സഭയില്‍ ഹൈബി ഈഡനും രാജ്യസഭയില്‍ എ.എ.റഹീം, പി.സന്തോഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് എന്നിവരും നോട്ടിസ് നല്‍കിയിരുന്നെങ്കിലും തള്ളി. ഉന്നയിച്ച വിഷയങ്ങള്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ പ്രതിപക്ഷം ബഹളംവച്ചു. തുടര്‍ന്ന് രണ്ടുമണിവരെ സഭ നിര്‍ത്തിവച്ചു. രാജ്യസഭയിൽ സന്തോഷ് കുമാർ എംപി സംസാരിക്കാൻ എഴുന്നേറ്റെങ്കിലും അനുവദിച്ചില്ല. തുടർന്ന് ഇടത് എംപിമാർ ഇറങ്ങി പോയി.