വിവാദങ്ങള്‍ക്കിടയിലും ‘എമ്പുരാൻ’ തിയറ്ററുകളിൽ ഹൗസ്ഫുൾ ആയി തുടരുകയാണ്. തന്‍റെ തിയറ്ററുകളില്‍ ഒരു സിനിമ റിലീസ് ചെയ്ത് അഞ്ചുദിവസം ഹൗസ് ഫുള്‍ ആയി പ്രദര്‍ശിപ്പിക്കുന്നത് ആദ്യ അനുഭവമാണെന്ന് നിർമാതാവും തിയറ്റർ ഉടമയുമായ ലിബർട്ടി ബഷീർ പറയുന്നു. ‘എന്റെ നാൽപ്പത് വർഷത്തെ സിനിമാ തിയറ്റർ ജീവിതത്തിൽ ആദ്യമായാണ് റിലീസ് ആയിട്ട് അഞ്ചു ദിവസവും എന്റെ ഏഴ് തിയറ്ററിലും ഹൗസ്ഫുൾ ഷോ നടന്നു പോകുന്നത്. അടുത്ത ആഴ്ചയിലേക്കുള്ള ബുക്കിങ്ങും ഫുള്ളാണ്. ഇത് ആദ്യ സംഭവമാണ്. ഇത്തരം സിനിമകൾ മലയാളത്തിൽ ഉണ്ടാകുമ്പോൾ അതിനെ വിമർശിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് എമ്പുരാന്‍റെ വിജയം.’ ലിബർട്ടി ബഷീറിന്റെ വാക്കുകൾ.
അതേ സമയം എമ്പുരാൻ സിനിമയ്ക്കെതിരായ വിവാദം സിപിഎം പാർലമെന്റിൽ ഉന്നയിക്കും. സഭാ നടപടികൾ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് എ.എ. റഹീം എംപി രാജ്യസഭാധ്യക്ഷന് കത്തു നൽകി. സംഘപരിവാര്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ കടന്നുകയറ്റം നടത്തുകയാണെന്നും ഇതാണ് എമ്പുരാൻ വിഷയത്തിൽ പ്രകടമാകുന്നതെന്നും റഹീം പറഞ്ഞു.
‘എമ്പുരാൻ’. റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളിൽ ചിത്രം 200 കോടി ക്ലബ്ബിലെത്തി. മലയാളത്തില്‍ അതിവേഗത്തിൽ 100 കോടിയും 200 കോടിയും നേടുന്ന ചിത്രമായി സിനിമ മാറി. 2025ല്‍ ഇന്ത്യയിൽ ആദ്യ ആഴ്ച ബോക്സ്ഓഫിസിൽ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച സിനിമയെന്ന റെക്കോർഡും എമ്പുരാൻ സ്വന്തമാക്കി കഴിഞ്ഞു. വിക്കി കൗശൽ ചിത്രം ‘ഛാവ’യെ പിന്തുള്ളിയാണ് ‘എമ്പുരാൻ’ മുന്നിലെത്തിയത്. വേൾഡ് വൈഡ് ബോക്സ് ഓഫിസിലും ചിത്രം മൂന്നാമതാണ്. ഏകദേശം 19 മില്യൻ ഡോളറാണ് സിനിമയുടെ ആഗോള കലക്‌ഷൻ.