murali-gopi

എമ്പുരാന്‍ വിവാദത്തില്‍ മൗനം തുടരുന്ന തിരക്കഥാകൃത്തി മുരളി ഗോപിയുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സിനിമാസ്വാദകരും ചിത്രത്തിനൊപ്പം നിന്നവരും എതിര്‍ത്തവരുമെല്ലാം. പക്ഷേ ഒരാഴ്ച പിന്നിട്ടിട്ടും മുരളി ഗോപി മൗനം നിലപാടായി ഉയര്‍ത്തപ്പിടിക്കുകയാണ്. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ മുരളി ഇടുന്ന പോസ്റ്റുകളെല്ലാം സിനിമയുമായി ബന്ധമുള്ളതായാലും ഇല്ലെങ്കിലും നിമിഷനേരം കൊണ്ട് വൈറലാകുകയും ചെയ്യുന്നുണ്ട്.

ഇതിനിടെയാണ്  മുരളി ഗോപി ഫെയ്സ്ബുക് പേജിന്‍റെ കവര്‍ ചിത്രം മാറ്റിയത്. മഷിക്കുപ്പിയും തൂലികയും ഉള്‍പ്പെട്ട ചിത്രമാണ് മുരളി പോസ്റ്റ് ചെയ്തത്. ഒരുമണിക്കൂര്‍ കൊണ്ട് പതിനേഴായിരം പേര്‍ ചിത്രം ലൈക്ക് ചെയ്തു. 1300ലധികം കമന്‍റുകളും വന്നു. എമ്പുരാന്‍ വിവാദത്തിന്‍റെ മുരളി ഗോപിയെ പിന്തുണയ്ക്കുന്ന കമന്റുകളാണ് ഏറെയും. തൂലികയുടെ ശക്തി ഓര്‍മിപ്പിച്ചുള്ള കമന്‍റുകളും ധാരാളം. ചിത്രത്തിന്‍റെ അര്‍ഥത്തെക്കുറിച്ചുള്ള ചര്‍ച്ചയും കമന്‍റ് ബോക്സില്‍ നടക്കുന്നുണ്ട്.

എമ്പുരാന്‍റെ ഉള്ളടക്കത്തെക്കുറിച്ച് വിവാദമുയര്‍ന്നപ്പോള്‍ മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് പോസ്റ്റ് ഇട്ടിരുന്നു. സംവിധായകന്‍ പൃഥ്വിരാജ് സുകുമാരന്‍ ലാലിന്‍റെ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. ഇതിനുപിന്നാലെ ചിത്രത്തിലെ വിവാദരംഗങ്ങള്‍ എഡിറ്റ് ചെയ്തുമാറ്റി. വില്ലന്‍റെ പേരുള്‍പ്പെടെ പരിഷ്കരിച്ചാണ് റീ എഡിറ്റഡ് എമ്പുരാന്‍ തിയറ്ററുകളില്‍ എത്തിയത്. അതിനുശേഷവും മുരളി ഗോപി മൗനം തുടരുകയായിരുന്നു. ‘ഖേദപ്രകടനപോസ്റ്റ് പങ്കുവച്ചില്ലെങ്കിലും റീ എഡിറ്റിന് മുരളി ഗോപിയുടെ സമ്മതമുണ്ടെന്ന് കരുതിയാല്‍ മതി’ എന്നായിരുന്നു നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂരിന്‍റെ നിലപാട്.

ENGLISH SUMMARY:

Screenwriter Murali Gopy, who has remained silent on the controversy surrounding Empuran, has kept audiences and critics waiting for his response. Despite a week passing since the issue, Gopy continues to maintain his silence. Recently, he changed his Facebook cover, and fans are speculating whether this could be a subtle hint related to the film’s stance. Posts from Gopy's social media accounts, often related to the movie, go viral within moments, further fueling the curiosity surrounding his opinion.