എമ്പുരാൻ സിനിമക്കെതിരെ തമിഴ്നാട്ടിലും പ്രതിഷേധം. മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിന്റെ താത്പര്യങ്ങൾക്ക് വിരുദ്ധമായ പരാമർശങ്ങൾ എമ്പുരാനിലുണ്ടെന്നെന്നാരോപിച്ച് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘം രംഗത്തെത്തി. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ കമ്പത്ത് നിർമ്മാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനം ഉപരോധിക്കും.
എമ്പുരാനിൽ ചിത്രികരിച്ചിരിക്കുന്ന ഡാമും മുല്ലപ്പെരിയാർ അണെക്കട്ടും തമ്മിൽ ബന്ധമുണ്ടെന്നാണ് പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘത്തിന്റെ വാദം. ചിത്രത്തിലെ ചില രംഗങ്ങളിൽ കരാർ പ്രകാരം തമിഴ്നാടിന്റെ താല്പര്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ള പരാമർശങ്ങളുണ്ടെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. പ്രതിഷേധത്തിന്റെ ഭാഗമായി നിർമാതാവ് ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള കമ്പത്തെയും തേനിയിലെയും ധനകാര്യ സ്ഥാപനങ്ങൾ ഉപരോധിക്കും
അണക്കെട്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ എല്ലാ ജില്ലയിലും പ്രതിഷേധിക്കും. എമ്പുരാൻ ബഹിഷ്കരിക്കനും സംഘടന ആഹ്വാനം ചെയ്‌തു. ഇതിനിടയിൽ ചെന്നൈ അടക്കമുള്ള നഗരങ്ങളിൽ മികച്ച പ്രകടനം നടത്തി മുന്നേറുകയാണ് എമ്പുരാൻ. നേരത്തെ മുല്ലപ്പെരിയാർ വിഷയത്തിൽ പലതവണ പ്രതിഷേധവുമായി പെരിയാർ വൈഗ ഇറിഗേഷൻ കർഷക സംഘം രംഗത്തെത്തിയിരുന്നു. മുല്ലപ്പെരിയാറിനെ ചൊല്ലി വീണ്ടും പ്രതിഷേധത്തിന് കളം ഒരുങ്ങുമ്പോൾ വിഷയം തമിഴ്നാട്ടിലെ പ്രതിപക്ഷ പാർട്ടികൾ ഏറ്റെടുക്കുമോ എന്നതും ഉറ്റുനോക്കുകയാണ്.