എമ്പുരാൻ വിവാദത്തിൽ രാജ്യസഭയിൽ ഏറ്റുമുട്ടി കേന്ദ്രമന്ത്രി ജോർജ് കുര്യനും കേരള എം.പിമാരും. സിനിമയെ വീണ്ടും വെട്ടിമുറിച്ചത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുതെന്നും ജോൺ ബ്രിട്ടാസും ജെബി മേത്തറും ആവശ്യപ്പെട്ടു. എമ്പുരാൻ ക്രൈസ്തവ വിശ്വാസത്തിന് എതിരാണെന്ന് ജോര്‍ജ് കുര്യന്‍ പ്രതികരിച്ചു. കമ്മ്യൂണിസ്റ്റുകൾ ക്രിസ്ത്യാനികളെ അപമാനിക്കുന്നുവെന്ന് മന്ത്രി പറഞ്ഞത് പ്രതിഷേധത്തിനിടയാക്കി.
രാജ്യസഭാ നടപടികൾ ആരംഭിച്ചയുടൻ ജോൺ ബ്രിട്ടാസ് എംപിയാണ് എമ്പുരാൻ വിവാദം ഉന്നയിച്ചത്. മുറിവേറ്റവരാൽ രാജ്യം നിറഞ്ഞിരിക്കുകയാണെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള ആക്രമണം ആവർത്തിക്കപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റുകൾ ക്രിസ്ത്യാനികളെ അപമാനിക്കുകയാണെന്നും KCBC യും CBCI യും സിനിമയെ എതിർത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്നും മന്ത്രിയുടെ മറുപടി. സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ വിദ്വേഷ പ്രചാരണവും പൃഥ്വിരാജിനും കുടുംബത്തിനും എതിരെ സൈബർ ആക്രമണവും നടക്കുകയാണെന്ന് ജെബി മേത്തർ എംപിയും പറഞ്ഞു. നോട്ടീസിൽ ഉന്നയിച്ച വിഷയമല്ല ജെബി മേത്തർ സംസാരിക്കുന്നതെന്നും സഭാ രേഖകളിൽ നിന്നും നീക്കുമെന്നും രാജ്യസഭാ അധ്യക്ഷൻ അറിയിച്ചു.