vivek-prithi

എമ്പുരാനെതിരെ വിമര്‍ശനവുമായി നടന്‍ വിവേക് ഗോപൻ. ഗോദ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ലെന്ന് വിവേക് ഗോപൻ പറഞ്ഞു. ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം നേടിയ ആൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകുന്നതായാണ് ചിത്രത്തിൽ കാണുന്നത്. ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗത്തിലൂടെ എന്ത് സന്ദേശമാണ് ഇവർ നൽകുന്നതെന്നെന്നും വിമര്‍ശിച്ച് നടന്‍ വിവേക് ​ഗോപൻ ചോദിക്കുന്നു, 

 

ഫെയ്സ്ബുക്ക് കുറിപ്പ്

ഞാൻ ആദ്യദിനം തന്നെ ഒരു റിവ്യൂവിന്റെയും പിൻബലം ഇല്ലാതെ എമ്പുരാൻ കണ്ടു.സിനിമയെ സിനിമയായി കാണണം, ഇത് ആവിഷ്കാര സ്വാതന്ത്ര്യം ആണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രത്തിന്റെ ഉള്ളടക്കം ചർച്ചയാകുമ്പോൾ കേൾക്കുന്ന വാക്യമാണിത്.. അതെ സിനിമയെ സിനിമയായി കാണണം..പക്ഷേ..സാങ്കൽപ്പിക കഥകൾ സിനിമയായി വരും പോലെയല്ല ചരിത്ര സംഭവങ്ങൾ അഭ്രപാളിയിൽ എത്തുമ്പോൾ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ ഭഗത് സിംഗ് പങ്കെടുത്തിട്ടില്ല എന്ന് വരുത്തി തീർക്കുന്ന സിനിമയുമായി ആരെങ്കിലും വന്നാൽ സാമാന്യബോധമുള്ള ജനതയ്‌ക്ക് അത് അംഗീകരിക്കാൻ കഴിയില്ല.. അതുപോലെ ഗോധ്ര ഇല്ലെങ്കിൽ ഗുജറാത്ത് ഇല്ല എന്നതും വസ്തുതയാണ്..അല്ലെങ്കിൽ ഗോധ്ര സംഭവവും ഗുജറാത്ത് കലാപവും ഒന്നുപോലെ കാണിക്കാൻ മതേതര ജനാധിപത്യ ബോധമുള്ളവർ എന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അടക്കമുള്ളവർ തയ്യാറാകേണ്ടതല്ലേ? ഗോധ്രയെ മറന്ന് ഗുജറാത്ത് മാത്രം കാണിക്കുന്നത് അത് അത്ര നിഷ്കളങ്കമാണെന്നും ഈ ചരിത്രം അറിയാത്ത ആളാണ് പൃഥ്വിരാജ് എന്നും പറയാൻ കഴിയില്ല..ഈ സിനിമയിലെ വില്ലൻ കഥാപാത്രത്തിന് ബജരംഗി എന്ന പേര് നൽകിയതും യാദൃശ്ചികം അല്ല

 

ഭാരതത്തിന്റെ ഭരണ യന്ത്രം തിരിക്കുന്നവരെ ഉൾപ്പെടെ തേജോവധം ചെയ്യുകയും ശാന്തമായി നിലനിന്നു പോകുന്ന ഈ രാഷ്‌ട്രത്തിന്റെ മാനസികാവസ്ഥയെ അസ്ഥിരപ്പെടുത്താനുമാണ് ഇത് വളച്ചൊടിച്ചത് എന്ന് ആരെങ്കിലും സ്വാഭാവികമായും സംശയിച്ചാൽ കുറ്റം പറയാൻ ആകുമോ? ജിഹാദ് ടെറർ ഗ്രൂപ്പിൽ നിന്നു പരിശീലനം സിദ്ധിച്ചു വന്ന ഒരാൾ രാജ്യസുരക്ഷയ്‌ക്ക് കാവലാളാകും എന്ന് വരുത്തുന്ന തരത്തിലുള്ള ഭീകരവാദത്തെ വെള്ളപൂശുന്ന ഭാഗം കൂടി ചിത്രീകരിച്ചിരിക്കുന്നത് നമുക്ക് ഇവിടെ കാണാം. ഇതിലൂടെ എന്ത് സന്ദേശമാണ് ഇവർ നൽകുന്നത്?പക്ഷേ ഇതിനൊക്കെ എതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയതും വളരെ ശ്രദ്ധേയമായി എടുത്തു പറയേണ്ടതാണ്.ടിപി 51 എന്ന സിനിമ എടുത്ത സംവിധായകന് പാതിരാത്രിയിൽ പിഞ്ചുകുഞ്ഞുങ്ങളുമായി താൻ താമസിച്ച വീട് വിട്ട് കണ്ണൂരിൽ നിന്ന് മാറി താമസിക്കേണ്ടി വന്നതുപോലെ പൃഥ്വിരാജിന് ഉണ്ടായില്ലലെഫ്റ്റ് ആൻഡ് റൈറ്റ് സിനിമ പ്രദർശിപ്പിച്ചപ്പോൾ തിയറ്റർ കത്തിക്കാൻ ചിലർ ചെന്ന പോലെ ആരും ഇവിടെ തയ്യാറായില്ല.കേരള സ്റ്റോറി പ്രദർശന സമയത്ത് കാട്ടിയ ഗുണ്ടായിസം പോലെ ഒരു കാര്യത്തിനും ആരും മുതിർന്നില്ല.ചുരുക്കത്തിൽ പറഞ്ഞാൽ ചിലർ ആഗ്രഹിച്ച പോലെ ഇവിടെ കലാപം ഉണ്ടായില്ല.സഹിഷ്ണുതയോടെ പ്രതിഷേധം രേഖപ്പെടുത്തി നിയമപരമായി നേരിട്ടു അതിന്റെ ഫലമായി തമ്പുരാന് 17 ഓളം കട്ടുകൾ ചെയ്യേണ്ടിവന്നു എങ്കിൽ ചരിത്രത്തെ ഏകപക്ഷീയമായി വളച്ചൊടിച്ചു എന്ന ബോധ്യം ഈ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഉണ്ടായി എന്നതല്ലേ സത്യം? അങ്ങനെയെങ്കിൽ സ്ക്രിപ്റ്റ് കൃത്യമായി വായിച്ചിട്ടില്ല എന്ന് പറഞ്ഞിട്ടും മോഹൻലാൽ എന്ന വ്യക്തിത്വം സാമാന്യ മര്യാദയുടെ പേരിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ പ്രകടിപ്പിച്ച ഖേദപ്രകടനം സത്യത്തിൽ ആദ്യം ചെയ്യേണ്ടത് എല്ലാകാര്യത്തിലും പ്രതികരിക്കുമെന്ന് അവകാശപ്പെടുന്ന പൃഥ്വിരാജ് അല്ലേ? ഇതിനിടയിലും മറ്റൊരു കാര്യം വിസ്മരിച്ചു കൂടാ ഈ ചിത്രം സെൻസറിംഗിന് വന്നപ്പോൾ അതിനെ നീതിപൂർവ്വം സെൻസർ ചെയ്യാതെ അപ്പ്രൂവ് ചെയ്ത സെൻസർ ബോർഡ് ഈ സമൂഹത്തോട് കാട്ടിയത് അനീതി തന്നെയാണ്. കുറച്ചുകാലം സെൻസർ ബോർഡ് അംഗമെന്ന നിലയിൽ പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ സെൻസർ ബോർഡിനോടുള്ള പ്രതിഷേധം കൂടിയാണ് ഈ കുറിപ്പ്.

ENGLISH SUMMARY:

Actor Vivek Gopan has criticized Empuraan, stating that the film selectively highlights Gujarat while ignoring the Godhra incident. He remarked that Prithviraj cannot be unaware of this history. Vivek also pointed out that the movie portrays a person trained by a jihadist terror group as a national security officer, questioning the message conveyed through such scenes.