ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺകുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രമാണ് 'വീര ധീര സൂരൻ'. വലിയ പ്രതീക്ഷകളോടെ എത്തിയ സിനിമ തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. വിക്രത്തിനോടൊപ്പം എസ്. ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ ഗംഭീര പ്രകടനമാണ് കാഴ്‌ച വച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകളാണ് പുറത്ത് വരുന്നത്. തമിഴ്നാട്ടില്‍ എമ്പുരാനെക്കാളും കളക്ഷന്‍ വിക്രം ചിത്രത്തിനാണ്.
തമിഴ്നാട്ടിൽ ആദ്യദിനം 1.94 കോടി രൂപ ഗ്രോസ് നേടിയ മോഹന്‍ലാല്‍ ചിത്രം 5 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 6 കോടി രൂപയാണ് ഗ്രോസ് ചെയ്തത് എന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാൽ, ലോകമെമ്പാടും 200 കോടി രൂപയിലധികം ഗ്രോസ് ചെയ്ത് മലയാള സിനിമയിലെ ചരിത്ര റെക്കോർഡ് ചിത്രം സൃഷ്ടിച്ചു. 200 കോടി ഏറ്റവും വേഗം കടന്ന മലയാള ചിത്രമെന്ന റെക്കോർഡും എമ്പുരാന്‍ നേടി.
എന്നാൽ തമിഴ്നാട്ടിൽ ആദ്യദിനം രണ്ട് ഷോ മാത്രമായി മാര്‍ച്ച് 27ന് വൈകിട്ട് റിലീസായ വീര ധീര സൂരൻ ആദ്യ ദിവസം തന്നെ 3 കോടിയിലധികം കളക്ഷന്‍ നേടി. തുടർന്ന് രണ്ടാം ദിവസം 3.7 കോടിയും മൂന്നാം ദിവസം 5.5 കോടി, നാലാം ദിവസം 6.75 കോടി, അഞ്ചാം ദിവസം 4.35 കോടി എന്നിങ്ങനെ 5 ദിവസത്തിനുള്ളിൽ തമിഴ്നാട്ടിൽ മാത്രം 23.50 കോടി രൂപ ഗ്രോസ് നേടിയിട്ടുണ്ട്. ആഗോള കളക്ഷനില്‍ 50 കോടി രൂപയിലധികം വീര ധീര സൂരൻ കളക്ട് ചെയ്തതായാണ് റിപ്പോർട്ടുകൾ.