കളക്ഷനില്‍ പുതിയ റെക്കോര്‍ഡുകള്‍ തീര്‍ത്ത് ബോക്സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കുകയാണ് ‘എമ്പുരാന്‍’. വിവാദങ്ങള്‍ പിടിമുറുക്കുമ്പോഴും ചിത്രത്തെ അനുകൂലിച്ച് രംഗത്തെത്തുന്നവര്‍ അനുദിനം വര്‍ധിക്കുകയാണ്. നടന്‍ റഹ്മാന്‍ ചിത്രം കണ്ടതിനു ശേഷം പങ്കുവച്ചിരിക്കുന്ന ഒരു കുറിപ്പ് ശ്രദ്ധേയമാകുകയാണ്. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍, എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്. കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം എന്നാണ് റഹ്മാന്‍ കുറിച്ചിരിക്കുന്നത്.

റഹ്മാന്‍ പങ്കുവച്ച കുറിപ്പ്;

എല്ലാവര്‍ക്കും ഈദ് ആശംസകള്‍. ഞാന്‍ എമ്പുരാന്‍ കണ്ട് ഇറങ്ങിയതേ ഉള്ളൂ. അത് നല്‍കിയ അനുഭവത്തില്‍ നിന്ന് ഇപ്പോഴും മുക്തനായിട്ടില്ല. ഗംഭീരമാണ് ചിത്രത്തിന്‍റെ സ്റ്റോറിലൈന്‍. ചിന്തിപ്പിക്കുന്നതും അതേസമയം എന്‍ഗേജ് ചെയ്യിപ്പിക്കുന്നതുമാണ് ഇതിന്‍റെ തിരക്കഥ. രചയിതാവ് മുരളി ഗോപിക്ക് ഒരു വലിയ കൈയടി. 

മോഹന്‍ലാല്‍, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ അഭിനേതാക്കള്‍ അതിഗംഭീര പ്രകടനങ്ങളാണ് നടത്തിയിരിക്കുന്നത്. ചെയ്യുന്ന ഓരോ റോളിലും ആശ്ചര്യപ്പെടുത്തുന്ന മോഹന്‍ലാലിനെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്? 

എടുത്തുപറയേണ്ടത് പൃഥ്വിരാജ് എന്ന സംവിധായകന്‍റെ മികവാണ്. കഥയെയും കഥാപാത്രങ്ങളെയുമൊക്കെ ചേര്‍ത്ത് വിഷ്വലി ഗംഭീരവും ശക്തവുമായ ഒരു സിനിമാറ്റിക് എക്സിപീരിയന്‍സ് സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം. 

ഒരു നടന്‍ എന്ന നിലയില്‍ നമ്മുടെ സിനിമ അന്തര്‍ദേശീയ തലത്തില്‍ തിളങ്ങുന്നത് കാണുന്നത് ആവേശം പകരുന്നു. നമ്മള്‍ എല്ലാവരെ സംബന്ധിച്ചും അഭിമാന മുഹൂര്‍ത്തമാണ് ഇത്. 

ഈ ചിത്രം ആരും കാണാതിരിക്കരുത്. ‘മസ്റ്റ് വാച്ച്’ എന്നുതന്നെ പറയാം. നിര്‍മാതാക്കളായ ആന്‍റണി പെരുമ്പാവൂര്‍, സുചി ലാല്‍, ആശീര്‍വാദ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ്, ഗോകുലം ഗോപാലന്‍, ലൈക പ്രൊഡക്ഷന്‍സ് എന്നിവരും കയ്യടി അര്‍ഹിക്കുന്നു.

ENGLISH SUMMARY:

Empuraan is making history at the box office, setting new records in collections. Despite ongoing controversies, the film continues to gain support from audiences. Actor Rahman’s note after watching the film has caught attention. He praised the film’s storyline and highlighted director Prithviraj’s brilliance. According to Rahman, Prithviraj has crafted a visually stunning and powerful cinematic experience by seamlessly integrating the story and characters.