വിദേശ നാണയ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ഗോകുലം ഗ്രൂപ്പ് സ്ഥാപനങ്ങളിലെ ഇഡി പരിശോധന അവസാനിച്ചു. രേഖകളും ഒന്നരക്കോടി രൂപയും പിടിച്ചെടുത്തതായി സൂചനയുണ്ട്. പുലര്‍ച്ചെയോടെയാണ് ചെന്നൈ ഓഫിസിലെ പരിശോധന അവസാനിപ്പിച്ചത്. കേസില്‍ ഗോകുലം ഗോപാലനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും. സാമ്പത്തികയിടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിച്ചശേഷം മാത്രമേ ചോദ്യം ചെയ്യലില്‍ തീരുമാനമുണ്ടാകൂ.
ഗോകുലം ഗ്രൂപ്പ് വിദേശനാണയവിനിമയച്ചട്ടം ലംഘിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്ന് വിലയിരുത്തുന്നത്. ശ്രീ ഗോകുലം ചിറ്റ്സില്‍ പ്രവാസികളില്‍നിന്നടക്കം ചട്ടങ്ങള്‍ ലംഘിച്ച് പണം സ്വീകരിച്ചുവെന്നും ഇഡി പറയുന്നു. എമ്പുരാന്‍ സിനിമയ്ക്കയി ചെലവഴിച്ച പണത്തിലും അന്വേഷണം നടന്നെന്നാണ് സൂചന.
ചെന്നൈ കോടമ്പാക്കത്തെ ഓഫീസിലും വീട്ടിലും ഇന്നലെ പതിനാല് മണിക്കൂർ നീണ്ട പരിശോധന അർധരാത്രിയോടെയാണ് പൂർത്തിയായത്. ഗോകുലം ഗ്രൂപ്പ് ചെയർമാൻ ഗോകുലം ഗോപാലനെ കോഴിക്കോടും ചെന്നൈയിലുമായി ഏഴര മണിക്കൂറിലേറെയാണ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യൽ ഇന്നും തുടരുമെന്നാണ് സൂചന. ഗോകുലം ചിട്ടിയിടപാടുകളുമായി ബന്ധപെട്ട് നടന്ന ഇടപാടുകൾ കേന്ദ്രീകരിച്ചാണ് ഇഡിയുടെ പരിശോധന. 2022 ൽ കൊച്ചി യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിന്റെ ഭാഗമായാണ് അന്വേഷണം. ഗോകുലം ഗ്രൂപ്പിന്‍റെ മറ്റ് സാമ്പത്തികയിടപാടുകളും പരിശോധിക്കുന്നുണ്ട്.