സ്വയം വെട്ടിത്തിരുത്തിയതോടെ എമ്പുരാന്‍ വിവാദം പൊടിക്ക് ഒന്നടങ്ങിയ മട്ടാണെങ്കിലും നടന്നതൊക്കെ തീര്‍ത്തും യാദൃശ്ചികം മാത്രമാണോ? ഗുജറാത്ത് കലാപ പശ്ചാത്തലത്തില്‍ സിനിമയെടുക്കാന്‍ അസാമാന്യധൈര്യം കാണിച്ച എമ്പുരാന്‍ ടീം ഒരു പ്രതിരോധവുമില്ലാതെ എഡിറ്റു ചെയ്തു കീഴടങ്ങിയോ? അങ്ങനെ തീര്‍ത്തുമങ്ങ് വിശ്വസിക്കാന്‍ വരട്ടെ. ഇത് ഷോക്ക് മാര്‍ക്കറ്റിങ് തന്ത്രമാകാമെന്നു ചൂണ്ടിക്കാണിക്കുന്നു ചിലര്‍. കൊച്ചിയില്‍ നിന്നുള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറും സംരംഭകനുമായ മണി കാര്‍ത്തിക്, എമ്പുരാന്‍ ഷോക്ക് മാര്‍ക്കറ്റിങ് ആണെന്നു വിശദീകരിക്കുന്നു സ്വന്തം പേജില്‍.
മാര്‍ക്കറ്റിങിലെ പുതിയ രീതികളിലൊന്നാണ് ഷോക്ക് മാര്‍ക്കറ്റിങ്. പ്രിഥ്വിരാജ് ഒരു സിനിമ സംവിധാനം ചെയ്യുക മാത്രമല്ല, ഷോക്ക് മാര്‍ക്കറ്റിങിലൂടെ സമൂഹത്തെ മൊത്തം പ്രചാരണത്തിനായി ഉപയോഗിക്കുകയുമാണ് ചെയ്തത് എന്നാണ് മണി കാര്‍ത്തിക് ചൂണ്ടിക്കാണിക്കുന്നത്. ഗുജറാത്ത് കലാപം മാത്രമല്ല മുല്ലപ്പെരിയാര്‍ വിഷയവും സിനിമയില്‍ പശ്ചാത്തലമാക്കിയത് വളരെ ശ്രദ്ധാപൂര്‍വമുള്ള തിരഞ്ഞെടുപ്പാണ്.
പൊട്ടിത്തെറിക്കുന്ന രണ്ടു വിഷയങ്ങളുമായി സിനിമ റിലീസ് ചെയ്തു. തീപ്പൊരി എറിഞ്ഞ് സംവിധായകന്‍ പൂര്‍ണമായും രംഗത്തു നിന്ന് പിന്‍വാങ്ങി. അത് സമര്‍ഥമായ നീക്കമായിരുന്നു. വിവാദത്തീ പടര്‍ന്നു. തുടക്കത്തില്‍ എമ്പുരാനെ പിന്തുണച്ച ബി.ജെ.പി േനതാക്കള്‍ പൊടുന്നനെ പ്രതിരോധത്തിലായി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അനുകൂലമായി സംസാരിക്കേണ്ടി വന്നു. ഇടതുപക്ഷനേതാക്കളാകട്ടെ എമ്പുരാനെ ഏറ്റെടുത്ത് പരിപൂര്‍ണ പിന്തുണയുമായെത്തി.
എല്ലാവര്‍ക്കും ഒരു നിലപാടെടുക്കാതെ തരമില്ലെന്നായി. ഏതെങ്കിലുമൊരു പക്ഷം ചേരുകയല്ലാതെ നിവൃത്തിയില്ലാതായി. ഇതാണ് ഷോക്ക് മാര്‍ക്കറ്റിങിന്റെ രണ്ടാം ഘട്ടം. വാര്‍ത്താമാധ്യമങ്ങളും സമൂഹമാധ്യമങ്ങളും 24 മണിക്കൂറും സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന അവസ്ഥയില്‍ കൂടുതല്‍ പരസ്യങ്ങളുടെ ആവശ്യമേയില്ലാതായി. മോഹന്‍ലാല്‍ ഖേദം പ്രകടിപ്പിച്ച് കുറിപ്പ് പ്രസിദ്ധീകരിക്കുന്നു. 17 കട്ടുകളുമായി എഡിറ്റ് ചെയ്ത് സിനിമ വീണ്ടും റിലീസ് ചെയ്യുമെന്നു മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ ജനം തിയറ്ററുകളിലേക്ക് ഇരമ്പിക്കയറി.
എന്തെങ്കിലുമൊന്ന് ഒഴിവാക്കുമെന്നു കേള്‍ക്കുന്നതോടെ അതറിയാനുള്ള ജനക്കൂട്ടത്തിന്റെ വെപ്രാളവും കൃത്യമായി ഉപയോഗിക്കപ്പെട്ടു. ഇതിനേക്കാളൊക്കെ ബ്രില്യന്‍റ് മാര്‍ക്കറ്റിങ് പോയന്റാണ് പ്രിഥ്വിരാജ് ഇതുവരെ ഒരു വാക്കു പോലും പരസ്യമായി പ്രതികരിച്ചിട്ടില്ല എന്നത്. ദേശീയവാദികള്‍ സിനിമയില്‍ അജന്‍ഡയാണ് കണ്ടതെങ്കില്‍, ലിബറലുകള്‍ സത്യമാണ് കണ്ടതെങ്കില്‍ തിയറ്ററുകള്‍ കണ്ടത് ഇരച്ചുകയറുന്ന ജനക്കൂട്ടത്തെയാണ്.
ഒരു ശരാശരി ചിത്രത്തെ മറക്കാനാകാത്ത അനുഭവമാക്കി മാറ്റുന്ന പ്രചാരണതന്ത്രമാണ് കണ്ടത്. എല്ലാവരെയും സന്തോഷിപ്പിക്കുകയായിരുന്നില്ല ലക്ഷ്യം, മറിച്ച് ആര്‍ക്കും അവഗണിക്കാനാകാത്ത ഒരു പ്രശ്നമായി സിനിമയെ മാറ്റി എന്നതാണ് സംഭവിച്ചത്. അത് കരുതിക്കൂട്ടിയുള്ള ആസൂത്രണമായിരുന്നു, സാഹസികമായിരുന്നു, പക്ഷേ പൂര്‍ണമായും വിജയം കണ്ട മാര്‍ക്കറ്റിങ് എന്നതാണ് ക്ലൈമാക്സ് എന്നും മണി കാര്‍ത്തിക് ചൂണ്ടിക്കാണിക്കുന്നു. ഈ പോസ്റ്റ് ഇതിനോടകം പത്തു ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.
എമ്പുരാന്‍ ഷോക്ക് മാര്‍ക്കറ്റിങിലൂടെ വന്‍വിജയം നേടി എന്ന നിരീക്ഷണം അംഗീകരിച്ചാലും ഇല്ലെങ്കിലും ചില പോയന്റുകള്‍ ശ്രദ്ധേയമാണ്. ഒന്നാമത് സിനിമ റിലീസ് ചെയ്ത മാര്‍ച്ച് 27 നു തൊട്ടു മുന്‍പു വരെ കൃത്യമായി പറഞ്ഞാല്‍ മണിക്കൂറുകള്‍ മുന്‍പു വരെ സിനിമയെക്കുറിച്ച് വാതോരാതെ സംസാരിച്ച് പ്രമോഷന്‍ മുന്നില്‍ നിന്നു നയിച്ച സംവിധായകന്‍ പ്രിഥ്വിരാജ് സിനിമ റിലീസ് ചെയ്ത ശേഷം ഇതുവരെ ഒരക്ഷരം പോലും പരസ്യമായി പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് 26 വൈകിട്ട് കൊച്ചിയില്‍ മടങ്ങിയെത്തും വരെ പ്രിഥ്വിരാജും മോഹന്‍ലാലും നിരവധി അനവധി പ്രമോഷന്‍ ഇവന്റുകളില്‍ സംസാരിച്ചു. ഇംഗ്ലിഷിലും ഹിന്ദിയിലും തെലുങ്കിലും തമിഴിലുമെല്ലാം യൂട്യൂബ് ചാനലുകള്‍ക്കടക്കം അഭിമുഖങ്ങള്‍ നല്‍കി വന്‍ പ്രമോഷനായിരുന്നു. എന്നാല്‍ സിനിമ റിലീസായ ശേഷം സംവിധായകനോ നായകനോ കളത്തിലില്ല. ചിത്രം കണ്ടവരാരും വിവാദങ്ങള്‍ അപ്രതീക്ഷിതമെന്നു കരുതുന്നുമില്ല. ശക്തമായ രാഷ്ട്രീയം പറയാന്‍ ധൈര്യം കാണിച്ച സിനിമയുടെ സ്രഷ്ടാക്കള്‍ റിലീസിനു ശേഷം പ്രേക്ഷകരോടോ ഫാന്‍സിനോടോ വിശദീകരണത്തിനു തുനിയാത്തതും നേരത്തേ തീരുമാനിക്കപ്പെട്ട മാര്‍ക്കറ്റിങ് തന്ത്രമാണെന്നു വിശ്വസിക്കാന്‍ കാരണങ്ങളേറെയുണ്ട്.
കലക്ഷന്‍ 200 കോടി കടന്നുവെന്നുറപ്പായ ശേഷമാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പോലും പരസ്യമായി പ്രതികരിക്കാന്‍ തയാറായത്. നായകനും സംവിധായകനും തിരക്കഥാകൃത്തിനുമിടയില്‍ നിലപാടിനെച്ചൊല്ലി ഭിന്നതയെന്ന് അഭ്യൂഹങ്ങള്‍ പരക്കാന്‍ ആവോളം സമയം നല്‍കിയതും മികച്ച മാര്‍ക്കറ്റിങ് തന്ത്രമാണോയെന്നു ന്യായമായും സംശയിക്കാം.
ഒടുവില്‍ പ്രതിഷേധിച്ചവരെ ആശ്വസിപ്പിക്കാന്‍ 24 വെട്ടും തിരുത്തുമായി എമ്പുരാനും മുഖം മിനുക്കുമ്പോള്‍ ആര്‍ക്കും നഷ്ടമില്ല. ലാഭക്കണക്കാകട്ടെ ചില്ലറയിലൊന്നും ഒതുങ്ങുന്നതുമല്ല. സമൂഹത്തിന്റെ ആധിയും ആശങ്കയും മുതലെടുക്കുന്ന മാര്‍ക്കറ്റിങ് രീതികള്‍ ശരിയാണോയെന്ന ചോദ്യം നിലനില്‍ക്കും. പക്ഷേ വന്‍വിജയങ്ങള്‍ക്കു മുന്നില്‍ ആ ചോദ്യത്തിന്റെ ശബ്ദം തുലോം നിസാരമാണ്. മാത്രമല്ല ഇന്നത്തെ ഇന്ത്യയില്‍ എത്ര സാമ്പത്തികലാഭം ലക്ഷ്യം വച്ചാല്‍ പോലും അതിനേക്കാള്‍ വലിയ റിസ്ക് എടുക്കാനുള്ള ധൈര്യം എമ്പുരാന്‍ ടീം കാണിച്ചുവെന്നതും അവഗണിക്കാനാകില്ല.
ഷോക്ക് മാര്‍ക്കറ്റിങ്,ഷോക്വെര്‍ടൈസിങ് എന്നും അറിയപ്പെടുന്നുണ്ട്. സമൂഹത്തെ ആകെ ഇളക്കിമറിച്ചുകൊണ്ട് ഒരു പ്രൊഡക്റ്റ് അവതരിപ്പിക്കുന്നതിനെയാണ് ഷോക്ക് മാര്‍ക്കറ്റിങ് എന്നു പറയുന്നത്. സമൂഹത്തിന്റെ മൊത്തം വൈകാരികപ്രതികരണമാണ് ലക്ഷ്യം വയ്ക്കുന്നത്. ടാര്‍ഗറ്റ് ഓഡിയന്‍സിന്റെ ഒന്നാകെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രകോപനപരമായതോ വിവാദം സൃഷ്ടിക്കുന്നതോ ആയ രീതികള്‍ തിരഞ്ഞെടുക്കുക. നല്ല ഉദ്ദേശം വച്ചു തന്നെ ഷോക്ക് മാര്‍ക്കറ്റിങ് രീതികള്‍ അവലംബിക്കുന്നതും പതിവാണ്.
ഉദാഹരണത്തിന് നമ്മള്‍ തിയറ്ററില്‍ കണ്ട് മുഖം തിരിക്കുന്ന പുകവലിക്കെതിരായ ഭീകരപരസ്യങ്ങള്‍ ഷോക്ക് മാര്‍ക്കറ്റിങ് ഗണത്തില്‍ പെടുത്താവുന്നതാണ്. പ്രേക്ഷകരില്‍ അലോസരമുണ്ടാക്കിയാലും ആശയം ശ്രദ്ധിക്കപ്പെടുമെന്നതാണ് ലക്ഷ്യം. ഡിജിറ്റല്‍ മാര്‍ക്കറ്റിങിലാണ് ഷോക്ക് മാര്‍ക്കറ്റിങ് കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കപ്പെടുന്നത്. വിജയിച്ചാല്‍ വന്‍നേട്ടമാണെങ്കിലും വന്‍ റിസ്കുള്ള പരിപാടി കൂടിയാണ് ഇത്.
പ്രചാരണം പൂര്‍ണമായി തിരിച്ചടിക്കാം. പ്രേക്ഷകരുടെ സഹനശേഷിക്കും മൂല്യങ്ങള്‍ക്കും അപ്പുറത്തുള്ള തന്ത്രങ്ങള്‍ പരീക്ഷിച്ചാല്‍ വന്‍തിരിച്ചടി നേരിടേണ്ടി വരും. പക്ഷേ ഇതുവരെ കണ്ടിടത്തോളം എമ്പുരാന്‍ ഷോക്ക് മാര്‍ക്കറ്റിങ് വിജയമാണ്. കൃത്യമായ ചേരുവയില്‍ കൃത്യമായ അളവില്‍ ചര്‍ച്ചാവിഷയങ്ങള്‍ ലക്ഷ്യം വച്ച പ്രേക്ഷകസമൂഹത്തിലെത്തി. സിനിമ വന്‍വിജയമാക്കേണ്ട ഉത്തരവാദിത്തം സമൂഹത്തിന്റേതായി.