2016ലെ അവധിക്കാലത്ത് കുടുംബത്തോടോപ്പം തിയേറ്ററില്‍ മോഹന്‍ലാലിന്റെ ‘ഒപ്പം’ എന്ന സിനിമ കാണാമ്പോഴാണ് തന്റെ ചിത്രം സിനിമയില്‍ ഉപയോഗിച്ചത് പ്രന്‍സി കാണുന്നത്. അപ്പോഴേക്കും പലരും സിനിമ കണ്ടുകഴിഞ്ഞിരുന്നു. ഇതോടെ പലരും കളിയാക്കാന്‍ തുടങ്ങി. തുടര്‍ന്ന് എന്ത് ചെയ്യാനാകും എന്ന ചിന്തയില്‍ നിന്നുമാണ് കോടതിയെ സമീപിച്ചത്. ആദ്യം ഹൈക്കോടതിയെയാണ് സമീപിച്ചത്. തുടര്‍ന്ന് കോടതി തന്നെയാണ് ചാലക്കുടി മുൻസിഫ് കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചത്. 

സിനിമയുടെ നിര്‍മാണ കമ്പനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും ഒരു പ്രതികരണവും ഉണ്ടായില്ല. തീര്‍ത്തും അവഗണിക്കുന്ന തരത്തിലായിരുന്ന പ്രതികരണം. അഡ്വ. നാരായണന്‍ കുട്ടിയാണ് പ്രിന്‍സിക്ക് വേണ്ടി കോടതിയില്‍ ഹാജരായത്. ഇപ്പോഴും ഒരു സ്ത്രീയുടെ ചിത്രം അനുവാദമില്ലാതെ അവിടെ ഉപയോഗിച്ചത് മോശമായി എന്ന ചിന്ത അവര്‍ക്ക് ഉണ്ടെന്ന് തോന്നുന്നില്ല. 

ചിത്രത്തില്‍ നിന്നും പ്രിന്‍സിയുടെ ഫോട്ടോ മാറ്റണമെന്ന് കോടതി ഉത്തരവിട്ടു. ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും കോടതി ചെലവിലേക്കായി 1,68,000 രൂപയും നൽകാനാണ് ചാലക്കുടി മുൻസിഫ് കോടതി വിധിച്ചിരിക്കുന്നത്.  സിനിമയുടെ നിർമാതാവ് ആന്‍റണി പെരുമ്പാവൂർ, സംവിധായകൻ പ്രിയദർശൻ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. 

തൃശൂര്‍ സ്വദേശി സജി ജോസഫിന്‍റെ ഭാര്യയും കൊടുങ്ങല്ലൂർ അസ്മാബി കോളേജ് അധ്യാപികയാണ് പ്രിൻസി ഫ്രാൻസ്. ഈ സിനിമയുടെ 29–ാം മിനിറ്റിൽ അനുശ്രീ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രം ഒരു ക്രൈം ഫയൽ മറച്ചു നോക്കുന്ന രംഗമുണ്ട്. ഇതിൽ ഒരു സ്ത്രീയുടെ ഫോട്ടോ കാണിക്കുന്നുണ്ട്. അത് പ്രിൻസിയുടേതാണ്. ക്രൂരമായി കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ എന്ന നിലയിലാണ് പ്രിൻസി ഫ്രാൻസിസിന്‍റെ ഫോട്ടോ സിനിമയില്‍ കാണിക്കുന്നത്.

ഈ ഫോട്ടോ തന്‍റെ അനുവാദമില്ലാതെ ബ്ലോഗിൽനിന്ന് എടുക്കുകയായിരുന്നെന്ന് പരാതിക്കാരി പറഞ്ഞു. 2017-ൽ കോടതിയെ സമീപിച്ചതാണ് പക്ഷേ പ്രതികൾ പരാതി നിഷേധിച്ചു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് കോടതിയെ സമീപിച്ചതെന്നും സാധാരണക്കാരായ സ്ത്രീകൾക്ക് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നും പ്രിൻസി ഫ്രാൻസിസ് പ്രതികരിച്ചു.