വിവാദങ്ങള്‍ക്കിടയിലും മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ തിയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. റീ എഡിറ്റ് ചെയ്ത എമ്പുരാന്‍റെ ആദ്യ ഭാഗങ്ങളിലെ മൂന്ന് മിനിറ്റ് രംഗം വെട്ടി മാറ്റിയാണ് പ്രദര്‍ശനത്തിനെത്തുന്നത്. ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്ന രംഗവും ചില സ്ഥലത്തിന്റെ പേരും അന്വേഷണ ഏജന്‍സികളുടെ ബോര്‍ഡും വെട്ടി മാറ്റിയിരുന്നു. വിവാദമായ വില്ലന്റെ ബാബ ബജ്രംഗി എന്ന പേരും മാറ്റി. ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. അതേ സമയം ചിത്രത്തിലെ ആന്‍റണി പെരുമ്പാവൂരിന്‍റെ ക്യാരക്ടറെ പരിചയപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ മോഹന്‍ലാല്‍.
ഡാനിയല്‍ റാവുത്തര്‍ എന്നാണ് ആന്‍റണിയുടെ കഥാപാത്രത്തിന്‍റെ പേര്. ചിത്രത്തിലെ പ്രധാന ഭാഗത്താണ് ആന്‍റണിയുടെ കഥാപാത്രം വരുന്നത്. ഗോവർദ്ധന് പ്രഷറുള്‍പ്പെടെയുള്ള ആരോഗ്യപ്രശ്നമുണ്ടോ എന്ന ഒറ്റചോദ്യം കൊണ്ട് തിയറ്ററില്‍ കയ്യടി വാങ്ങി കൂട്ടിയിരുന്നു, മാസ്കാ ബാപ്പ്, ഇതാണ് മാസ്, ഇജ്ജാതി ലുക്ക് എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേ സമയം എമ്പുരാൻ സിനിമയുടെ നിർമാതാക്കൾക്ക് സെൻസറിങ്ങുമായി ബന്ധപ്പെട്ട് യാതൊരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. സിനിമയുടെ താങ്ക്സ് കാർഡിൽ നിന്ന് എന്റെ പേര് ഒഴിവാക്കാൻ ആദ്യം ആവശ്യപ്പെട്ടത് ഞാൻ തന്നെയായിരുന്നു, അത് തന്നെയാണ് സത്യം. ഇത് തെറ്റാണെന്ന് തെളിയിച്ചാൽ ഏത് ശിക്ഷയും സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേഷ്‌ഗോപി പറഞ്ഞു. ജോൺബ്രിട്ടാസ് എംപിക്ക് നൽകിയ മറുപടിയിലാണ് കേന്ദ്രമന്ത്രി ആഞ്ഞടിച്ചത്.