‘എമ്പുരാൻ’ സിനിമയെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ബിജെപി അംഗവുമായ സോണിയ മൽഹാർ. സിനിമയിൽ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കാണെന്നും ഇതുകൊണ്ട് എന്താണ് അർഥമാക്കുന്നതെന്നും നടി ചോദിക്കുന്നു. മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് ‘എമ്പുരാനിലും’ സംഭവിച്ചതെന്നും സോണിയ മൽഹാർ പറയുന്നു.

‘ലോക രാജ്യങ്ങളുടെ മുന്നിൽ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വർഷം ഭരിച്ച കോൺഗ്രസ്‍ സർക്കാർ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യൽമീഡിയയോ ഡിജിറ്റൽ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മൾ പലതും വിശ്വസിച്ചു. ഏതോ ഗർഭിണിയുടെ വയറ്റിൽ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മൾ കേൾക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ ആർഎസ്എസ്, ബിജെപി എന്നൊക്കെ. കഴിഞ്ഞ ഒൻപത് വർഷം ഇതുമായി ബന്ധപ്പെട്ട് റിസർച്ച് ചെയ്തു. പലതും പഠിച്ചു, പല സംസ്ഥാനങ്ങളിൽ യാത്ര ചെയ്തു. പാർട്ടിയെക്കുറിച്ച് പഠിച്ചു. ഈ പറയുന്നതൊന്നുമല്ല വാസ്തവം. യാഥാർഥ്യം വേറെയാണ്. അതുകൊണ്ട് ബിജെപിയുടെ ഭാഗമാകാൻ തീരുമാനിച്ചത്.  സത്യം തിരിച്ചറിയാൻ എപ്പോഴും സാധിക്കണമെന്നു വരില്ല, ഗോധ്ര സംഭവം പറയാതെ ഗുജറാത്ത് സംഭവം പറഞ്ഞാൽ എങ്ങനെയാണ് മനസ്സിലാകുക. ഒരാൾ ഒരടി കൊടുക്കുമ്പോഴാണ് തിരിച്ചടി കൊടുത്തതിന്റെ കാരണം മനസ്സിലാകുക. ഗോധ്ര കലാപത്തെ ടൈറ്റിൽ മാത്രം ഓടിച്ചുപോകുന്ന രീതിയിൽ കാണിച്ചാൽ ആർക്കും മനസ്സിലാകില്ല, ഇതെന്താണെന്ന്. പ്രത്യേകിച്ച് പുതിയ തലമുറയില്‍പ്പെട്ട കുട്ടികൾക്ക്. പത്ത് പതിനെട്ട് വയസ്സായ കുട്ടി ഇതുകാണുമ്പോൾ അവന് ഭയങ്കര സംശയങ്ങൾ ഉണ്ടാകും. 

ഈ സിനിമയിലൂടെ സമൂഹത്തിൽ വലിയൊരു നെഗറ്റീവ് ഇംപാക്ട് വന്നിട്ടുണ്ട്. ഇതിനകത്തു തന്നെ ഗുജറാത്ത് കലാപത്തിൽ ഇരയാക്കപ്പെടുന്ന പയ്യൻ ഓടിപ്പോയി രക്ഷപ്പെടുന്നത് പള്ളിയിലോ അമ്പലത്തിലോ അല്ല. അവൻ പോകുന്നത് ലഷ്കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. എന്താണ് അതുകൊണ്ട് അർഥമാക്കുന്നത്. ഇതിനെയൊക്കെ ഇതുപോലെ ഗ്ലോറിഫൈ ചെയ്യുമ്പോൾ പുതുതലമുറയും ഇങ്ങനെ ചിന്തിച്ചാൽ അവരെ കുറ്റം പറയാൻ പറ്റില്ല. സിനിമയെ മഹത്വവത്കരിച്ച് കാണിക്കാൻ പറ്റില്ലെങ്കിലും ചരിത്രത്തെ തൊട്ടുകളിക്കുമ്പോൾ ആ സിനിമയ്ക്കൊരു നയം ഉണ്ടാകണം. അല്ലെങ്കിൽ ഇതുപോലെ കുഴപ്പങ്ങളുണ്ടാകും. കുഴപ്പങ്ങളുണ്ടായതുകൊണ്ടാണല്ലോ 24 ഭാഗത്ത് വെട്ടാൻ തയാറയത്.

പ്രധാന വില്ലന്റെ പേരുമാറ്റി, എൻഐഎ ബോർഡ് നീക്കി അതുപോലെ ഒരുപാട് കാര്യങ്ങൾ. ഇതുകൂടാതെ നമ്മെ വേദനിപ്പിക്കുന്ന ഒരുപാട് രംഗങ്ങൾ സിനിമയിലുണ്ട്. ഗർഭിണിയായ സ്ത്രീയെ വീണ്ടും റേപ്പ് ചെയ്യുന്ന സീൻ വളരെ ക്രൂരമായി കാണിക്കുന്നു. അതൊക്കെ പല സിനിമകളിലും ഇതിനു മുമ്പും വന്നിട്ടുണ്ട്. പക്ഷേ അത് ഈ ചരിത്രത്തെ വച്ച് അളക്കുമ്പോൾ പലരുടെയും മനസ്സിൽ തെറ്റിദ്ധാരണ ഉണ്ടാകും. എല്ലാ ക്രിമിനിൽ വില്ലന്റെ പേരും ഹിന്ദുക്കളാണ്. സിനിമ ചെയ്തിരിക്കുന്നതും ഹൈന്ദവരാണ്. ജാതി പ്രശ്നത്തിൽ ഞാൻ വിശ്വസിക്കുന്നില്ല.മതത്തെ വച്ചും വർഗീയത വിറ്റും സിനിമയെ വളർത്താൻ നോക്കിയാൽ അത് ചിലപ്പോൾ എവിടെങ്കിലുമൊക്കെ പിഴയ്ക്കും ’ സോണിയ മൽഹാറിന്റെ വാക്കുകൾ.

ENGLISH SUMMARY:

Actress and BJP member Sonia Malhar has sharply criticized the film Empuran, questioning its portrayal of a young boy escaping the Gujarat riots not by seeking refuge in a mosque or temple, but in a Lashkar-e-Taiba militant camp. She raised concerns over the film's attempt to promote religious and communal themes, stating that when films try to manipulate religion and communalism for their narrative, they often end up sending the wrong message. Malhar emphasized that Empuran falls into this category by distorting the message in its portrayal