പ്രമുഖ വ്യവസായിയും എമ്പുരാന്‍ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. വടകരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുന്നത്. അടുത്തയിടെ നടത്തിയ വലിയ നിക്ഷേപത്തെ കുറിച്ച് ഇഡി വിവരങ്ങള്‍ തേടിയെന്നാണ് സൂചനകള്‍. ഗോകുലം ഗോപാലന്‍റെ കോഴിക്കോട്ടെയും ചെന്നൈ കോടമ്പാക്കത്തെയും ധനകാര്യസ്ഥാപനങ്ങളില്‍ റെയ്ഡും പുരോഗമിക്കുകയാണ്. ഇതിനിടെ ചിത്രത്തിന്‍റെ പുതിയ കളക്ഷന്‍ വിവരം പുറത്ത് വിട്ട് മോഹന്‍ലാല്‍.
ഇന്ത്യയില്‍ കേരളത്തിനു പുറത്ത് 100 കോടി രൂപ എമ്പുരാൻ നേടിയെന്നാണ് റിപ്പോര്‍ട്ട്.വന്‍ ഹൈപ്പിലെത്തിയ എമ്പുരാൻ. 200 കോടി ക്ലബിലും ഇടംനേടി. 120 മണിക്കൂറിലുള്ളില്‍ 30 ലക്ഷം ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയില്‍ എമ്പുരാന്റേതായി വിറ്റത്. എമ്പുരാൻ സിനിമക്കെതിരെ സംഘപരിവാർ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഗോധ്ര സംഭവം, ഗുജറാത്ത് കലാപം എന്നിവയിൽ ചരിത്രത്തെ വളച്ചൊടിച്ചുവെന്ന വിമര്‍ശനമാണ് സംഘപരിവാർ സംഘടനകൾ ഉന്നയിച്ചത്. ശക്തമായ സമ്മര്‍ദത്തെ തുടർന്ന് നിർമാതാക്കൾ തന്നെ ഇടപെട്ട് 24 കട്ടുകൾ നടത്തിയിരുന്നു.
വിവാദ ഭാഗങ്ങളിൽ ചിലത് ഒഴിവാക്കി റീ സെൻസറിംഗ് നടത്തിയ പതിപ്പാണ് ഇപ്പോൾ തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ വേണ്ട നടപടി സ്വീകരിക്കാൻ സംവിധായകൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകർ സ്നേഹിക്കുന്ന താരങ്ങൾ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്നും ഗോകുലം ഗോപാലൻ അന്ന് പ്രതികരിച്ചിരുന്നു.