സേതുപതി, ചിത്ത, വീര ധീര സൂരന്‍ മുതലായ ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധ നേടിയ സംവിധായകനാണ് അരുണ്‍ കുമാര്‍. സേതുപതി എന്ന ചിത്രത്തില്‍ തനിക്ക് സംഭവിച്ച പൊളിറ്റിക്കലി ഇന്‍കറക്ടായ രംഗത്തെ പറ്റി സംസാരിക്കുകയാണ് അരുണ്‍. ചിത്രത്തില്‍ നായകന്‍ നായികയെ തല്ലുന്ന രംഗം പൊളിറ്റിക്കലി ഇന്‍കറക്ടായി പോയെന്ന് അരുണ്‍ പറഞ്ഞു. അന്ന് ആ തെറ്റ് മനസിലാക്കാനുള്ള വിവരം തനിക്കില്ലായിരുന്നു എന്നും തിരിച്ചറിഞ്ഞതിനുശേഷം കരുതലെടുക്കാറുണ്ടെന്നും എസ്.എസ്.മ്യൂസിക് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അരുണ്‍ പറഞ്ഞു.
'അടിക്കുന്നത് തെറ്റാണ്. അവര്‍ തമ്മില്‍ വഴക്ക് പിടിക്കുന്നതാണ് കാണിക്കുന്നതെങ്കില്‍ അത് വലിയ തെറ്റല്ല. നായകന്‍ അടിച്ചതിനുശേഷം രമ്യ നമ്പീശന്‍ പറയുന്നത് കുറച്ചുകഴിയുമ്പോള്‍ അവന്‍ എന്‍റെ അടുത്ത് വന്ന് കൊഞ്ചും. അപ്പോള്‍ ഞാന്‍ ഇവിടെ ഉണ്ടാവണം എന്നാണ്. അത് തെറ്റാണ്. അന്ന് എനിക്ക് അങ്ങനെ ചിന്തിക്കാനുള്ള വിവരം ഇല്ലായിരുന്നു. അന്ന് തെറ്റ് ചെയ്തു. ആ രംഗം സ്ത്രീകളും സ്റ്റാറ്റസായി വക്കാന്‍ തുടങ്ങിയതോടെയാണ് എനിക്ക് പേടിയായത്. അതേ ചിത്രത്തില്‍ അവരുടെ കുട്ടി തോക്കെടുക്കുമ്പോള്‍ രമ്യ അത് പെട്ടെന്ന് പിടിച്ചുവാങ്ങുന്നുണ്ട്. കുട്ടിയുടെ കയ്യില്‍ ആയുധം ഇരിക്കുന്നത് തെറ്റാണെന്ന് ചിന്തിക്കാനുള്ള വിവരം ഉണ്ടായിരുന്ന എനിക്ക് അടിക്കുന്നതിലെ തെറ്റ് അന്ന് മനസിലായില്ല.
എന്തൊക്കെ പറഞ്ഞാലും ഞാന്‍ ഒരു ആണാണ്. ഒരു പെണ്ണിനെ പറ്റി പറയുമ്പോള്‍ എത് ശരിയാണോ എന്ന് പത്ത് സ്ത്രീകളുടെ അടുത്തെങ്കിലും ചോദിക്കണം. അവര്‍ പൊളിറ്റിക്കലി കറക്ടായ പെണ്ണുങ്ങളുമായിരിക്കണം. മേല്‍പറഞ്ഞ രംഗം വാട്സാപ്പ് സ്റ്റാറ്റസാക്കുന്ന പെണ്ണുങ്ങളോട് ചോദിച്ചിട്ട് കാര്യമില്ല. അവരെ ഞാന്‍ കുറ്റം പറയുകയല്ല. അവര്‍ വളര്‍ന്നുവന്ന രീതിയും അന്നത്തെ കാലവുമൊക്കെ അനുസരിച്ചിരിക്കും അത്. അതിനുശേഷം പൊളിറ്റിക്കലി ഇന്‍കറക്ടായ ഒന്നും ചെയ്യരുതെന്ന കരുതല്‍ ഞാന്‍ മനപ്പൂര്‍വമായി എടുത്തു,' അരുണ്‍ പറഞ്ഞു.