laapata-burqa-city

കിരൺ റാവുവിന്‍റെ സംവിധാനത്തിൽ 2023ല്‍ പുറത്തുവന്ന ലാപത ലേഡീസിനെതിരായ കോപ്പിയടി ആരോപണമാണ് ഇപ്പോള്‍ സിനമാ ലോകത്തെ ചര്‍ച്ച. ചിത്രത്തിന് 2019-ൽ പുറത്തിറങ്ങിയ അറബി ചിത്രമായ ബുർഖ സിറ്റിയുമായി സാമ്യമുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ബുർഖ സിറ്റിയിൽ നിന്നുള്ള രംഗങ്ങള്‍ ഉൾക്കൊള്ളുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്നാണ് വിമര്‍ശനങ്ങളുയര്‍ന്നത്. 

ഇരുചിത്രങ്ങളും തമ്മിലുള്ള സാമ്യം കണ്ട് താന്‍ ഞെട്ടിയെന്നും സങ്കടമുണ്ടാക്കിയെന്നും ബുര്‍ഖ സിറ്റിയുടെ സംവിധായകന്‍ ഫാബ്രിസ് ബ്രാക് പറഞ്ഞു. സ്നേഹസമ്പന്നനായ ഭര്‍ത്താവും ക്രൂരനായ ഭര്‍ത്താവും അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനുമെല്ലാം തന്‍റെ ഷോട്ട് ഫിലിമിലെ കഥാപാത്രങ്ങളുമായി സാമ്യമുള്ളതാണെന്നും മുഖം മറച്ച വധുവിന്‍റെ ചിത്രം കാണിക്കുന്ന രംഗത്തിന് വരെ സാമ്യതയുണ്ടെന്നും അദ്ദേഹം ഐഎഫ്​പിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'2017ലാണ് ബുര്‍ഖ സിറ്റി എഴുതിയത്. 2018ല്‍ ഷൂട്ട് ചെയ്​ത ചിത്രം 2019ലാണ് ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചത്. 2020ല്‍ ഇന്ത്യയിലെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പിച്ചു. ഇന്ത്യയില്‍ സിനിമ വലിയ ഹിറ്റാണെന്നും ഓസ്​കാറിനായി ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടുവെന്നും കേട്ടപ്പോള്‍ സങ്കടവും ഞെട്ടലുമായി. ബുര്‍ഖ സിറ്റി സിനിമയാക്കാനുള്ള പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇനി അതിന് സാധ്യതയുണ്ടോ?,'ഫാബ്രിസ് പറഞ്ഞു. 

എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച് ലാപത ലേഡീസ് തിരക്കഥാകൃത്ത് ബിപ്ലവ് ഗോസ്വാമി രംഗത്തെത്തി. സ്ക്രീന്‍​റൈറ്റേഴ്​സ് അസോസിയേഷനുമായി 2024ല്‍ ലാപത ലേഡീസിന്‍റെ സ്ക്രിപ്​റ്റ് രജിസ്റ്റര്‍ ചെയ്​തതാണെന്ന് ബിപ്ലവ് ഗോസ്വാമി പറഞ്ഞു. ഇത്തരം വാദങ്ങള്‍ തന്‍റെ പരിശ്രമത്തെ കുറച്ചുകാണുക മാത്രമല്ല സിനിമയുടെ മൊത്തം ടീമിന്‍റേയും പരിശ്രമത്തേയും കുറക്കുന്നതാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. 

ENGLISH SUMMARY:

The 2023 film Laapataa Ladies, directed by Kiran Rao, is currently facing plagiarism allegations. Critics claim that the film bears similarities to the 2019 Arabic film Burqa City. The controversy intensified after a viral video on social media showcased scenes from Burqa City that appear similar to those in Laapataa Ladies.