മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച വാര്‍ത്തകള്‍ അടുത്തിടെ മലയാള സിനിമ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. എമ്പുരാന്‍ പ്രമോഷന്‍ പരിപാടിക്കിടെ മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും ഭയപ്പെടേണ്ട ആവശ്യമില്ല എന്നും മോഹൻലാൽ പറഞ്ഞതും ശ്രദ്ധ നേടിയിരുന്നു. പറയുന്ന പോലെ വലിയ ആരോഗ്യപ്രശ്നങ്ങള്‍ മമ്മൂട്ടിക്ക് ഇല്ലെന്നും സാധാരണ ആളുകള്‍ക്ക് വരുന്നതുപോലെയുള്ള പ്രശ്നങ്ങളെ ഉള്ളുവെന്നും പറയുകയാണ് നിര്‍മാതാവ് എം.എന്‍.ബാദുഷ. നോമ്പ് കഴിഞ്ഞാല്‍ അദ്ദേഹം ഷൂട്ടിലേക്ക് മടങ്ങുമെന്നും മൈല്‍സ്റ്റോണ്‍ മേക്കേഴ്സ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാദുഷ പറഞ്ഞു.
'ഈ പറയുന്നത്ര സീരിയസ് പ്രശ്നങ്ങളൊന്നുമില്ല. സാധാരണ ആള്‍ക്കാര്‍ക്ക് വരുന്നത് പോലെ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ട്. അതിന്‍റെ ചികില്‍സയിലാണ്. ഇപ്പോള്‍ എല്ലാം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. അടുത്ത മാസം തന്നെ മമ്മൂക്ക അഭിനയിക്കാനായി തുടങ്ങും. നോമ്പ് കാരണമാണ് പ്രധാനമായും ഇപ്പോള്‍ അഭിനയിക്കാതിരിക്കുന്നത്. നോമ്പ് കഴിഞ്ഞാല്‍ അടുത്ത മാസം മഹേഷ് നാരായണന്‍റെ പടത്തില്‍ ജോയിന്‍ ചെയ്യും,' ബാദുഷ പറഞ്ഞു.
മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, ഗ്രേസ് ആന്‍റണി തുടങ്ങി വലിയ താരനിര അണിനിരക്കുന്നുണ്ട്. ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം.