സുരേഷ് ഗോപിയുടെ വൈറൽ ഡയലോഗ് വേദിയിൽ അവതരിപ്പിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് നടന്‍ ടിനി ടോം. ജബൽപൂർ വിഷയത്തിൽ സുരേഷ് ഗോപി നടത്തിയ പ്രതികരണവും തൃശൂരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വൈറൽ ഡയലോഗും ഒരു ഉദ്ഘാടനവേദിയിൽ ടിനി ടോം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചിരുന്നു. ആ വിഡിയോ പിന്നീട് ട്രോൾ പേജുകളിൽ നിറഞ്ഞു. ഒടുവിൽ, വിഷയത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം.
താന്‍ ഒരിക്കലും കളിയാക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും സുരേഷ് ഏട്ടന് താന്‍ ആദ്യം ആ വിഡിയോ അയച്ച് കൊടുത്തെന്നും ഞാന്‍ നിന്നെയും തിരിച്ച് അനുകരിച്ചോളാം എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ടിനി ടോം പറഞ്ഞു. ‘സുരേഷേട്ടന് ഞാന്‍ വിഡിയോ അയച്ചു, ഞാന്‍ നിന്നെയും തിരിച്ച് അനുകരിച്ചോളാം എന്ന് അദ്ദേഹം പറഞ്ഞു,‘സുരേഷ് ഏട്ടന്‍ ചെയ്ത നല്ല കാര്യങ്ങള്‍ സംസാരിക്കു, ഒരാളെയും ദ്രേഹിക്കരുതെന്നുള്ള ആളാണ് , ഒരു മനുഷ്യനെന്ന നിലയില്‍ ഞാന്‍ അദ്ദേഹത്തിനൊപ്പമാണ്, ഞാന്‍ പറഞ്ഞത് തൃശൂരുകാരോടല്ലാ, മാധ്യമങ്ങളോട് പറഞ്ഞ കാര്യമാണ്, വെയിലത്ത് നിന്ന് പണിയെടുത്ത് ഉണ്ടാക്കുന്ന പണമാണ് സുരേഷ് ഏട്ടന്‍ പലര്‍ക്കും കൊടുത്ത് സഹായിക്കുന്നത്’ ടിനി ടോം പറഞ്ഞു.
ജബല്‍പൂര്‍ വിഷയത്തില്‍ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് ക്ഷുഭിതനായി സംസാരിച്ച കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നടപടി വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചോദ്യങ്ങൾ ചോദിച്ചപ്പോൾ നിങ്ങളൊക്കെ ആരാണെന്നു ആയിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. ഈ സംഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു ടിനി ടോമിന്റെ മിമിക്രി.
തൃശൂർ ആയതുകൊണ്ട് അതുമായി ബന്ധപ്പെട്ട ഒരാളുണ്ട്. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നേനെ. എങ്കിൽ അദ്ദേഹം പറഞ്ഞേനെ, ‘മിഖായേൽ എനിക്കു വേണം... നിങ്ങൾ അതെനിക്കു തരണം’! അങ്ങനെ പറഞ്ഞിരുന്ന ആൾ ഇന്നു കാലത്ത് ഞാൻ മൊബൈൽ എടുത്തു നോക്കിയപ്പോൾ പറയുകയാണ്, ‘നിങ്ങളൊക്കെ ആരാ? ആരാ? മാധ്യമമോ? എനിക്കു ജനങ്ങളോടേ പറയാനുള്ളൂ. നിങ്ങളോടൊന്നുമില്ല. പള്ളിയിലൊക്കെ കുരിശൊക്കെ പിടിച്ചു നിൽക്കുമ്പോലെ’! ആരാണ് അത്? ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ല,’ എന്നായിരുന്നു ഉദ്ഘാടനവേദിയിൽ ടിനി ടോം പറഞ്ഞത്.