തൃശൂർ ചെറുതുരുത്തിയിൽ ആദിവാസി ഊരിലെ അറുപത്തിയെട്ട് പെൺകുട്ടികൾ നൃത്ത പരിശീലനം പൂർത്തിയാക്കി. വിവിധ ഗോത്ര വിഭാഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് നാലു ദിവസമാണ് കലാമണ്ഡലത്തിൽ പരിശീലനം ഒരുക്കിയത്.
അരങ്ങേറ്റത്തിനായി ഒരുങ്ങുന്ന തിരക്കിലാണ് കുട്ടികൾ ഓരോരുത്തരും. പരിശീലനം നാലുദിവസം മാത്രമാണെങ്കിലും വലിയ ആകാംക്ഷയിലാണ് ഓരോരുത്തരും വേദിയിൽ എത്തിയത്. മിനിറ്റുകൾ കൊണ്ട് വേദിയും മനസ്സും അവർ കീഴടക്കി, അവർ സ്വപ്നങ്ങളിൽ കണ്ടത് അങ്ങനെ പ്രാവർത്തികമായി.
മാതൃകാവിദ്യാഭ്യാസ പദ്ധതിയായ ഗോത്രായനത്തിലൂടെയാണ് ഇവർ നൃത്തം പരിശീലിച്ചത്. ചുവടുകൾ മാത്രമല്ല, ആഗ്രഹങ്ങളും ഇഷ്ടങ്ങളും ചിന്തകളുമെല്ലാം കലയ്ക്കായി സമർപ്പിച്ചാണ് പെൺകുട്ടികൾ വേദിയിൽ നിറഞ്ഞാടിയത്.