മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഏപ്രിൽ 10 ന് തിയറ്ററിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് അപ്ഡേറ്റാണ് ഇപ്പോൾ പുറത്തുവരുന്നത്. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് സെയിലിൽ ലഭിക്കുന്നതെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ബുക്കിംഗ് ആരംഭിച്ച് ഇതുവരെയുള്ള കണക്കുകൾ പ്രകാരം ചിത്രം കേരളത്തിൽ നിന്ന് 33 ലക്ഷം അഡ്വാൻസ് സെയിലിൽ നേടിയിട്ടുണ്ട്. പിവിആർ ഉൾപ്പെടെയുള്ള മട്ടിപ്ലെക്സ് സ്‌ക്രീനുകളിൽ ബുക്കിംഗ് തുടങ്ങാനിരിക്കെ കളക്ഷൻ ഇനിയും വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. ഓവർസീസ് മാർക്കറ്റിൽ നിന്നും 44 ലക്ഷമാണ് ബസൂക്കയുടെ ഇതുവരെയുള്ള അഡ്വാൻസ് സെയിൽ നേട്ടം. ഇതോടെ ആഗോള ബോക്സ് ഓഫീസിൽ നിന്നും സിനിമ ഒരു കോടിയ്ക്കടുത്ത് കളക്ഷൻ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റിലീസിന് ഇനിയും ദിവസം ബാക്കി നിൽക്കെ ആദ്യ ദിനം മികച്ച കളക്ഷൻ ബസൂക്കയ്ക്ക് നേടാനാകുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ടുകൾ പറയുന്നത്.
മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക.