തല്ലുമാല’യുടെ ഹാങ് ഓവർ വിട്ടുമാറാത്ത പ്രേക്ഷകർക്കു മുന്നിലേക്കാണ് വീണ്ടും ഇടിക്കൂട്ടുമായി ‘ആലപ്പുഴ ജിംഖാന’യിലൂടെ ഖാലിദ് റഹ്മാനും കൂട്ടരും എത്തിയത്. ചിത്രത്തിന്റെ ആദ്യദിനം വമ്പൻ വരവേൽപ്പാണ് ബോക്സ്ഓഫിസിൽ നിന്നും ലഭിച്ചത്. 2.70 കോടി രൂപയാണ് ആദ്യദിനം കേരള ബോക്സ് ഓഫിസിൽ നിന്നും നേടിയത്. രണ്ടാം ദിവസവും മികച്ച അഡ്വാൻസ് ബുക്കിങ് ആണ് സിനിമയ്ക്കുള്ളത്. വരുന്ന മൂന്ന് ദിവസങ്ങളിൽ മികച്ച കലക്‌ഷൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാർ. ചിത്രത്തിന്‍റെ വിജയത്തിലൂടെ മലയാളത്തിലെ മുന്‍നിര താരമായി മാറിയിരിക്കുകയാണ് നസ്‌ലെൻ.
ഇപ്പോള്‍ സൈബറിടത്ത് വൈറല്‍ നസ്‌ലെന്‍റെ ഒരു വിഡിയോ ആണ്. ആരാധകരുടെ ഇടയിലൂടെ ഇറങ്ങി വരുന്ന താരത്തിന്‍റെ അടുത്ത് കുറെയാളുകള്‍ ചിത്രം എടുക്കാന്‍ തിരക്ക് കൂട്ടുന്നുണ്ട്. ഇതിനിടെ ഒരാള്‍ നസ്‌ലെന്‍റെ തോളില്‍ കയ്യിട്ട് ചിത്രം എടുക്കാന്‍ ശ്രമിക്കുന്നു ഈ സമയം താരം ‘ടാ.ടാ പിടിവിടടാ..’ എന്ന് പറഞ്ഞ് തട്ടിമാറ്റി പുറത്തേയ്ക്ക് പോകുന്നു. താരത്തിന്‍റെ നടപടിയെ പ്രശംസിച്ചും വിമര്‍ശിച്ചും കമന്‍റുകള്‍ വരുന്നുണ്ട്, രണ്ട് സിനിമ വിജയിക്കുമ്പോള്‍ ഇവര്‍ക്ക് ജാഡ തുടങ്ങും, ഇപ്പോഴെ ഇത്രയ്ക്ക് അഹങ്കാരമോ, അനുവാദമില്ലാതെ തോളില്‍ എന്തിനാണ് കൈയ്യിട്ടത് തുടങ്ങി നിരവധി കമന്‍റുകളാണ് വരുന്നത്.
പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് നിർമാണം. പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ആദ്യ നിർമ്മാണ സംരംഭമാണിത്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായ് സംഭാഷണങ്ങൾ തയ്യാറാക്കിയിരിക്കുന്നത് രതീഷ് രവിയാണ്.