വഴക്ക് എന്‍ 18/9, ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാനഗരം' തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീറാം നടരാജന്‍. അദ്ദേഹം അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ശ്രീറാം കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന രീതിയിലാണ് ആരാധകര്‍ പ്രതികരിച്ചത്. ശരീരം മെലിഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകള്‍ ഉന്തിയ നിലയുള്ള ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതോടെയാണ് ആരാധകര്‍ ആശങ്ക പ്രകടിപ്പിച്ച് കമന്‍റുകളിട്ടത്. മാനസികസമ്മര്‍ദം, ലഹരി ഉപയോഗം തുടങ്ങി ഒരു സ്ഥിരീകരണവുമില്ലാത്ത കാരണങ്ങള്‍ നിരത്തി ഒട്ടേറെപ്പേര്‍ ശ്രീറാമിന്‍റെ പോസ്റ്റില്‍ കമന്‍റ് ചെയ്യുന്നുണ്ട്.
ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ശ്രീറാം അഭിനയരംഗത്ത് എത്തിയത്. ബാലാജി ശക്തിവേലിന്‍റെ വഴക്ക് എന്‍ 18/9 എന്ന സിനിമയാണ് അദ്ദേഹത്തെ തമിഴ് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. പിന്നീട് മിഷ്കിന്‍റെ ഓനയും ആട്ടുകുട്ടിയും, സോനേ പപ്ടി, വില്‍ അമ്പു തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ലോകേഷ് കനകരാജിന്‍റെ മാനഗരം ശ്രീരാമിന്‍റെ കരിയറിലെ തന്നെ മികച്ച സിനിമയായാണ് കണക്കാക്കുന്നത്. തമിഴ് സിനിമയിലെ തന്നെ മികച്ച നായകനടനായി മാറുമെന്ന് വരെ പ്രവചിച്ചവരുണ്ട്. എന്നാല്‍ മാനഗരത്തിന്‍റെ വിജയത്തിന് ശേഷം ശ്രീരാമിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചില്ല.
അടുത്തിടെ ഇന്‍സ്റ്റയില്‍ പങ്കുവച്ച ഒരു ചിത്രത്തില്‍, കിടക്കയില്‍ വളരെ ക്ഷീണിച്ച് കിടക്കുന്ന ശ്രീരാമിനെ കാണാം. അവസരങ്ങള്‍ കുറഞ്ഞപ്പോള്‍ വിഷാദം ബാധിച്ചതോ ലഹരി ഉപയോഗമോ ഒക്കെ ആരാധകര്‍ ആശങ്ക പങ്കുവയ്ക്കുന്ന പോസ്റ്റുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. വ്യക്തിപരമായ പ്രശ്നങ്ങള്‍ അദ്ദേഹത്തെ പൊതുജീവിതത്തില്‍ നിന്ന് അകറ്റിയതാകാമെന്ന് പറയുന്നവരും കുറവല്ല.
ശ്രീറാമിന്‍റെ പഴയ ചിത്രങ്ങളുമായി ഇപ്പോള്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ താരതമ്യപ്പെടുത്തിയുള്ള പോസ്റ്റുകളും ചിലര്‍ പങ്കുവെച്ചുതുടങ്ങിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ മാറ്റം ഭയപ്പെടുത്തുന്നതാണെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യങ്ങളിലൊന്നും ശ്രീറാം പ്രതികരിച്ചിട്ടില്ല. ആരോഗ്യസ്ഥിതിയെക്കുറിച്ച് ഒരു പ്രസ്താവനയോ വിശദീകരണമോ ഉടൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.