samantha-bold

TOPICS COVERED

ലിംഗഭേദമില്ലാതെ തുല്യമായ പ്രതിഫലം അഭിനേതാക്കള്‍ക്കും അണിയപ്രവര്‍ത്തകര്‍ക്കും നല്‍കാനുള്ള സമന്തയുടെ തീരുമാനം വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 2023ല്‍ സമന്ത ആരംഭിച്ച ട്രലാല മൂവിങ് പിക്‌ച്ചേഴ്‌സ് നിര്‍മിക്കുന്ന ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയാണ് ഇക്കാര്യം പങ്കുവെച്ചത്. ഇപ്പോഴിതാ താന്‍ നേരിട്ട വേതനത്തിലെ അനീതികളെ പറ്റി സംസാരിക്കുകയാണ് സമന്ത. 

തുല്യപ്രാധാന്യമുള്ള വേഷങ്ങളിലും പ്രതിഫലത്തില്‍ വലിയ വ്യത്യാസം നേരിട്ടിരുന്നുവെന്ന് സമന്ത പറഞ്ഞു. അന്നത്തെ തന്‍റെ സാഹചര്യങ്ങളെ തനിക്ക് തിരുത്താനായില്ലെന്നും എന്നാല്‍ ഭാവിയില്‍ എന്തെങ്കിലുമൊക്കെ ചെയ്യാനാവുമെന്നും ഫുഡ്​ഫാര്‍മറിന് നല്‍കിയ അഭിമുഖത്തില്‍ സമന്ത പറഞ്ഞു. 

'എന്തുകൊണ്ടാണെന്ന് അറിയില്ല, ഒരേ തരത്തിലുള്ള റോളുകള്‍ക്കും പ്രതിഫലം വ്യത്യസ്​തമായിരുന്നു. നായകകേന്ദ്രീകൃതമായ വലിയ സിനിമകള്‍ എനിക്കറിയാം. ഹീറോയാണ് ആളുകളെ തിയേറ്ററിലേക്ക് കൊണ്ടുവരുന്നത്. അവിടുത്തെ വ്യത്യാസം എനിക്ക് മനസിലാവും. എന്നാല്‍ തുല്യപ്രാധാന്യമുള്ള റോളുകളിലും പ്രതിഫലത്തില്‍ വലിയ വ്യത്യാസം വരുന്നു. 

15 വര്‍ഷങ്ങളായി ഞാന്‍ ഈ ഇന്‍ഡസ്​ട്രിയില്‍ ഉണ്ട്. ഞാന്‍ ഇപ്പോള്‍ ചെയ്യാന്‍ ശ്രമിക്കുന്നത് എന്‍റെ മുമ്പില്‍ കണ്ട തെറ്റുകളെ തിരുത്താനാണ്. ഞാന്‍ വന്ന സമയത്ത് അങ്ങനെയായിരുന്നു. എന്‍റെ സാഹചര്യങ്ങളെ എനിക്ക് തിരുത്താനാകുമായിരുന്നില്ല. എന്നാല്‍ ഭാവിയില്‍ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാനാവും. ഞാന്‍ ചെയ്​തില്ലെങ്കില്‍ പിന്നെ ആര് ചെയ്യും. നിങ്ങളെ അലട്ടുന്ന കാര്യങ്ങളില്‍ ശ്രദ്ധ വേണം. നമ്മെ ചിന്തിപ്പിക്കുന്ന കാര്യങ്ങളില്‍ നാം ലക്ഷ്യം കണ്ടെത്തും. അതാണ് എന്‍റെ മന്ത്ര,' സമന്ത പറഞ്ഞു. 

ENGLISH SUMMARY:

Actress Samantha revealed that she had faced significant pay disparity despite playing equally important roles in films. She admitted she couldn’t change the circumstances back then but expressed hope that she can make a difference in the future.