സമൂഹമാധ്യമങ്ങളില്‍ വൈറലായ പാകിസ്താന്‍ ഗായകന്‍ ചാഹത് ഫത്തേ അലി ഖാന്‍റെ ഗാനം യൂട്യൂബില്‍ നിന്ന് പിന്‍വലിച്ചു. ഇദ്ദേഹത്തിന്‍റെ ബഡോ ബഡി എന്ന ഗാനം വൈറലായിരുന്നു. ഇതിഹാസ ഗായകന്‍ നൂര്‍ ജഹാന്‍റെ ഗാനത്തിന്‍റെ കവറായാണ് ഫത്തേ അലി ഖാനെത്തിയത്. മുപ്പത് ദശലക്ഷത്തിനടുത്ത് കാഴ്ച്ചക്കാരുണ്ടായ കവര്‍ വെര്‍ഷനെ ഇന്‍റര്‍നെറ്റ് ഏറ്റെടുത്തിരുന്നു. പിന്നീട് പല സോഷ്യല്‍ മീഡിയ പേജുകളിലും ഇത് ട്രോളായും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പകര്‍പ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട പ്രശ്നം ഉടലെടുത്തതോടെ ഗാനം യൂട്യൂബ് നീക്കം ചെയ്തു.
ഏപ്രിലിലാണ് വൈറൽ ഗാനം യൂട്യൂബില്‍ എത്തിയത്. പിന്നാലെ ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ദക്ഷിണേഷ്യയിലുടനീളം ഗാനം വൈറലായിരുന്നു. കൂടെ ഗായകനായ ഫത്തേ അലി ഖാനും വൈറലായി.2020 ലെ കൊവിഡ് സമയത്ത് ചാഹത് ഫത്തേ അലി ഖാൻ പാകിസ്ഥാനിൽ അറിയപ്പെടുന്ന വ്യക്തിയായി മാറിയത്. അദ്ദേഹത്തിൻ്റെ ഗാനങ്ങൾ നിരവധി മീമുകള്‍ക്ക് കാരണമായിരുന്നു. "ജാനി കി ഷാ", "പബ്ലിക് ഡിമാൻഡ് വിത്ത് മൊഹ്‌സിൻ അബ്ബാസ് ഹൈദർ", "ഹോണസ്റ്റ് അവർ" പോഡ്‌കാസ്റ്റ് തുടങ്ങിയ വിവിധ ടോക്ക് ഷോകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ പാട്ടുകളും അവതരണവും പല മീമുകള്‍ക്കും കാരണമായതോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. ചിലര്‍ ഒരു നേരം പോക്കായി കണ്ടെങ്കിലും പാട്ടുകള്‍ക്ക് തീരെ ക്വാളിറ്റിയില്ലെന്ന് പറഞ്ഞ് പലരും അദ്ദേഹത്തിനെതിരെ വിമര്‍ശനങ്ങളുമായി എത്തിയിരുന്നു.1973-ൽ പുറത്തിറങ്ങിയ "ബനാർസി തഗ്" എന്ന ചിത്രത്തിന് വേണ്ടി നൂർ ജഹാൻ അവതരിപ്പിച്ച "ബഡോ ബാഡി" എന്ന ഗാനത്തിന്‍റെ കവര്‍ പതിപ്പായിരുന്നു ചാഹത് ഫത്തേ അലി ഖാന്‍ അവതരിപ്പിച്ചത്.