TOPICS COVERED

ഫിഫ വേൾഡ് കപ്പ് പേജും അങ്ങനെ ‘മലയാളി’കളുടേതായി. ഫ്രഞ്ച് താരം കിലിയൻ‍ എംബപെയുടെ മാസ് പ്രകടനത്തിനൊപ്പം ‘കിളിയേ കിളിയേ’ എന്ന പാട്ടുമിട്ടൊരു റീല്‍ പേജില്‍ വന്നപ്പോഴേക്കും ‘അഡ്മിന്‍ നാട്ടിലെവിടെയാ’ എന്ന പച്ചമലയാളം കമന്‍റുകളുടെ മേളമാണ് കമന്‍റ് ബോക്സില്‍. വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഫിഫ വേൾഡ് കപ്പിന്റെ ഔദ്യോഗിക പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വിഡിയോ ഇട്ടതാരാണെന്ന് അന്വേഷിക്കുകയാണ് സമൂഹമാധ്യമലോകം. ‘അളിയാ, നാട്ടിലെവിടെയാ’ എന്നാണ് പലരും ചോദിക്കുന്നത്. ഫിഫയുടെ സോഷ്യൽ മീഡിയ പേജ് കൈകാര്യം ചെയ്യുന്നത് മലയാളിയായിരിക്കും എന്നും ചിലർ സരസമായി കുറിച്ചു. നാല് മില്യണിലേറെ പേരാണ് വിഡിയോ ഇതിനോടകം കണ്ടത്. അഞ്ചര ലക്ഷത്തോളം പേര്‍ റീല്‍ ലൈക്ക് ചെയ്തിട്ടുമുണ്ട്.

‘എടാ എടാ.. ആരാടാ അഡ്മിൻ സത്യം പറഞ്ഞോ.. കുന്നംകുളംകാരൻ കുട്ടാപ്പി അല്ലെ’, ‘മലപ്പുറത്ത് നിന്ന് ആരോ അഡ്മിന്‍ പാനലില്‍ കേറിയിട്ടുണ്ട്’, ‘അല്ല ഗഡിയേ നാട്ടിൽ എവിടെയാ?’ എന്നുതുടങ്ങി ആവേശം സിനിമയിലെ ‘ശ്രദ്ധിക്ക് അമ്പാനെ’, ‘എടാ മോനെ’ തുടങ്ങിയ മലയാളം കമന്‍റുകളും ഡയലോഗുകളും കൊണ്ടുനിറയുകയാണ് കമന്‍റ് ബോക്സ്.

പാട്ടിന്‍റെ വിശദാംശങ്ങളും പലരും കമന്‍റായി ഇടുന്നുണ്ട്. 1983ൽ പുറത്തിറങ്ങിയ ‘ആ രാത്രി’ എന്ന ചിത്രത്തിനു വേണ്ടി ഇളയരാജ ഈണമൊരുക്കിയ ഗാനമാണ് ‘കിളിയേ കിളിയേ’. പൂവച്ചൽ ഖാദർ വരികൾ കുറിച്ച ഗാനം എസ്.ജാനകി ആലപിച്ചു. ഏതാനും വർഷങ്ങൾക്കു മുൻപ് ഡിജെ ശേഖർ പാട്ടിന്‍റെ റീമിക്സ് പുറത്തിറക്കിയത് ഏറെ ശ്രദ്ധേയമായിരുന്നു.

ENGLISH SUMMARY:

Kiliye kiliye malayalam song became the part of fifa world cup video.