സ്പോട്ടിഫൈയിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഗായകൻ എന്ന ബഹുമതി ഇനി അര്‍ജിത് സിങിന് സ്വന്തം. സംഗീത പ്രേമികളുടെ ഇഷ്ട മ്യൂസിക് സ്ട്രീമിങ് പ്ലാറ്റ്ഫോമായ സ്പോട്ടിഫൈയിലാണ് അര്‍ജിത് സിങിന്റെ ഈ അപൂര്‍വ നേട്ടം. ലോകത്തിലെ മുന്‍നിര താരങ്ങളെയെല്ലാം പിന്നിലാക്കിയാണ് അര്‍ജിത്തിന്റെ കുതിപ്പ് .
പോപ് താരം ടെയ്ലർ സ്വിഫ്റ്റ് ആയിരുന്നു ഏറെ കാലമായി ഒന്നാം സ്ഥാനത്ത് . അര്‍ജിത് സിങും ടെയ്ലര് സ്വിഫ്റ്റും തമ്മില്‍ ഫോളോവേഴ്സിന്റെ കാര്യത്തില്‍ കടുത്തപോരാട്ടമാണ് നിലനിന്നിരുന്നത്. ഒടുവില്‍ ടെയ്ലറെ പിന്നിലാക്കി അര്‍ജിത് ഒന്നാം സ്ഥാനത്തേയ്ക്ക് കുതിച്ചിരിക്കുകയാണ്. സ്പോട്ടിഫൈയില്‍ നിലവില്‍ അര്‍ജിത് സിങിനെ ഫോളോ ചെയ്യുന്നത് 11.72 കോടി സംഗീതാസ്വാദകരാണ്. ടെയ്ലര് സ്വിഫ്റ്റിന് 11.7കോടി ഫോളോവേഴ്സാണുളളത്. ബ്രിട്ടിഷ് ഗായകൻ എഡ് ഷീരനാണ് മുന്നാം സ്ഥാനത്ത്. 11.5.കോടിയാണ് ഷീരന്റെ ഫോളോവേഴ്സ്. നാലാം സ്ഥാനത്തുളളത് പോപ് ഗായിക അരിയാന ഗ്രാൻഡെയാണ്. 9.8 കോടി ആസ്വാദകര്‍ അരിയാനയെ ഫോളോ ചെയ്യുന്നു. അഞ്ചാം സ്ഥാനത്ത് ബില്ലി ഐലിഷുമുണ്ട്. 9.6 കോടി ആളുകളാണ് ബില്ലിയെ ഫോളോ ചെയ്യുന്നത്.
പ്രിയ ഗായകന് സ്പോര്‍ട്ടിഫൈയില്‍ ഒന്നാമതെത്തിയ സന്തോഷം ആരാധകരും ആഘോഷമാക്കുകയാണ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ അർജിത് സിങ്ങും അദ്ദേഹത്തിന്റെ പാട്ടുകളും വലിയ ചർച്ചയായിക്കഴിഞ്ഞു. അര്ജിതിനുളള ആശംസകള്‍ നിറയുകയാണ് സോഷ്യല്‍ വാളുകളും.