hanuman-04

TOPICS COVERED

Wait a minute (uh),get it how you live it (uh)...... മൂന്നുമിനിട്ടും 54 സെക്കൻഡുമുള്ള ഇം​ഗ്ലീഷ് റാപ്പ് ഒരു മാസത്തിനിടെ യൂട്യൂബിൽ നിന്ന് നേടിയത് 4.8 കോടി വ്യൂസ്.  ലോകമെങ്ങുമുള്ള സം​ഗീതപ്രേമികളെ തന്റെ ആരാധകരാക്കാൻ 'ഹനുമാൻ കൈൻഡ്' എന്ന സാക്ഷാൽ സൂരജ് ചെറുകാടിന് ആ ഒറ്റപ്പാട്ട് മതിയായിരുന്നു.

hanuman-03

ഇംഗ്ലീഷിൽ സംസാരിക്കാൻ തുടങ്ങിയാൽ നല്ല അമേരിക്കൻ ഇംഗ്ലീഷ്, മലയാളം പറയാൻ തുടങ്ങിയാൽ  അസ്സൽ മലപ്പുറംകാരനാവും... അതെ ചെക്കൻ റോമിങാണെങ്കിലും ജനിച്ചത് നമ്മുടെ കൊണ്ടോട്ടിയിലാണ്. വളർന്നത് അമേരിക്കയിലെ ഹൂസ്റ്റണിലും.

കോളേജ്, പഠനം, നല്ല ശമ്പളമുള്ള ജോലി, വിവാഹം, വീട്, കുട്ടികൾ എന്നിങ്ങനെയുള്ള സോഫ്റ്റ് മെലഡിയാണ് മാതാപിതാക്കൾ സൂരജിൽ നിന്ന് പ്രതീക്ഷിച്ചത്. എന്നാൽ കിടിലൻ ബീറ്റുമിട്ട് പാട്ട് സൂരജിനെ വേറൊരു ലോകത്തേക്ക് വിളിച്ചുകൊണ്ടുപോയി. ഹൂസ്റ്റണിൽ നിന്ന് ബിരുദം നേടി 2012 ൽ ഇന്ത്യയിലേക്ക് തിരിച്ചെത്തി. പിന്നീടുള്ള വിദ്യാഭ്യാസം കോയമ്പത്തൂർ പി.എസ്.ജിയില്. പഠനം പൂര്ത്തിയാക്കിയതിന് പിന്നാലെ ഗോൾഡ്മാൻ സാക്സിൽ ജോലി കിട്ടി. ഒമ്പത് മുതൽ അഞ്ച് മണിവരെ വീട്ടുകാർക്ക് സന്തോഷം നൽകുന്ന ജോലി ചെയ്ത് ജീവിച്ച മകന് ബാക്കി സമയം സ്വന്തം സന്തോഷത്തിന്  റാപ്പ് ചെയ്തു. ആ ട്രാക്ക് അധികകാലം മുന്നോട്ട് പോയില്ല. കുറച്ചു കഴിഞ്ഞപ്പോൾ സംഗതി മാറി.  സംഗീതമാണ് തന്റെ വഴിയെന്ന് സൂരജ് തിരിച്ചറിഞ്ഞു.

hanuman-02

 ചെറിയ റാപ്പ് ഇവന്റുകളിലൂടെയായിരുന്നു തുടക്കം. ഫ്രീ സ്റ്റൈലിൽ നിമിഷാർധം കൊണ്ട് കാണികളെ ആവേശക്കൊടുമുടിയിലെത്തിച്ച സൂരജ് വളരെ പെട്ടെന്ന് ആരാധകരുടെ മനം കവർന്നു. ബെംഗളൂരു കേന്ദ്രമാക്കിയാണ് സൂരജ് സംഗീത ജീവിതം തുടങ്ങിയത്. പിന്നീട് ഹനുമാൻകൈൻഡ് എന്ന പേരും സ്വീകരിച്ചു.  ബഹുമാനം, ധൈര്യം, വിശ്വസ്തത എന്നിവയുടെ പര്യായം ആണ് സൂരജിന് ഹനുമാൻ, അതും മനുഷ്യകുലം എന്ന വാക്കും ഒന്നിച്ചു ചേർത്താണ് ബാൻഡിന് ആ പേര് നൽകിയത്.

കളരി എന്ന ട്രാക്കാണ് ഹനുമാൻ കൈൻഡിന്റേതായി ആദ്യം പുറത്തു വന്ന ആൽബം. അതു വേഗം ഹിറ്റായി. മലയാളി റാപ്പർമാരുടെ കൂടെ അസോസിയേറ്റ് ചെയ്ത ട്രാക്കുകളും സൂപ്പർ ഹിറ്റ്. ബീർ ആന്റ് ബിരിയാണി, ജെങ്കിസ്, ഡാംസൺ, റഷ് അവർ, ഗോ ടു സ്ലീപ് തുടങ്ങി തൊട്ടതെല്ലാം പൊന്നായതോടെ ചെക്കൻ കേറിക്കൊളുത്തി. ഹനുമാൻ കൈൻഡിന്റെ റാപ്പുകൾക്കായി ആരാധകർ കാത്തിരിക്കുന്ന അവസ്ഥയായി. റെക്കോർഡഡ് ട്രാക്കുകളേക്കാൾ ആരാധകർ കാത്തിരുന്നത് ഹനുമാൻകൈൻഡിന്റെ ലൈവ് പെർഫോമൻസുകൾക്കായിരുന്നു. ആ മാജിക്കൽ റാപ്പ് വേദികളെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു . ഫഹദ് ഫാസിൽ- ജിതു മാധവൻ ചിത്രം ആവേശത്തിലെ സുഷിൻ ശ്യാം കമ്പോസ് ചെയ്ത 'ദി ലാസ്റ്റ് ഡാൻസ്' എന്ന ട്രാക്ക് ചിട്ടപ്പെടുത്തിയതും ഹനുമാൻ കൈൻഡാണ്. 

ലോകം മുഴുവൻ ഹിറ്റായി മാറിയ ബി​ഗ് ഡോ​ഗ്സ് ഹനുമാൻ കൈൻഡ് എഴുതിയത് വെറും ഇരുപത് മിനുട്ടുകൊണ്ടാണ്. ഇരുപത് മിനുട്ടുകൊണ്ട് റെക്കോഡിങും പൂർത്തിയാക്കി. അതായത് നാലരക്കോടിയിലേറെ ആളുകൾകണ്ട റാപ്പ് ചെക്കൻ സെറ്റാക്കിയത് വെറും 40 മിനുട്ടുകൊണ്ടാണെന്ന്! വിഡിയോ ചിത്രീകരിക്കാനാണ് സമയം എടുത്തത്. ബിജോയ് ഷെട്ടിയുടെ സംവിധാന മികവിൽ ഒരുങ്ങിയ വിഡിയോയുടെ മുഖ്യ ആകർഷണം ഇന്റര്നാഷണൽ ലെവൽ ക്വാളിറ്റിയും പ്രൊഡക്ഷനുമാണ്. മലയാളിയായ മഷർ ഹംസയാണ് കോസ്റ്റ്യൂംസ്. റാപ്പർ ഹനുമാൻ കൈൻഡിനൊപ്പം മരണക്കിണറിൽ സുൽത്താൻ ഷേയ്ഖ്, ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷേയ്ഥ്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരും പ്രത്യക്ഷപ്പെടുന്നു. ആരെയും പിടിച്ചിരുത്തുന്ന ദൃശ്യങ്ങൾക്ക് പിന്നിൽ അഭിനയ് പണ്ഡിറ്റാണ്. 

റിച്ച് ബാക്ക് ​ഗ്രൗണ്ടിൽ ട്രെന്ഡി വസ്ത്രങ്ങൾ ധരിച്ച് റാപ്പ് ചെയ്യുന്നവർക്കിടയിലേക്കാണ് ഹനുമാൻ കൈൻഡ് കാഷ്വലായി വെള്ള സ്ലീവ് ലെസ് ബനിയനും ബാ​ഗി ജീൻസും കോൺവേഴ്സുമിട്ട് പ്രത്യക്ഷപ്പെട്ടത്. ട്രാക്ക് അമേരിക്കൻ സ്റ്റൈൽ പിന്തുടർന്നപ്പോഴും വിഷ്വൽസ് ഇന്ത്യൻ പശ്ചാത്തലത്തിലായത് റാപ്പിന് മൊത്തത്തിലൊരു ലോക്കൽ ഫ്ലേവർ നൽകി. റിയൽ ബൈക്ക് സ്റ്റണ്ടേഴ്സും തെല്ലും കൃത്രിമത്വം തോന്നിപ്പിക്കാത്ത മരണക്കിണർ വിഷ്വൽസും റാപ്പിന് കറക്ട് റാപ്പോ സമ്മാനിക്കുന്നു. ഒരു തവണ കണ്ടവർ പോലും വീണ്ടും കണ്ടുപോകും. 

പല രാജ്യങ്ങളിൽ നിന്നുള്ള സംഗീതപ്രേമികളുടെ സ്നേഹം കമന്റായി ഹനുമാൻ കൈൻഡിന്റ വിഡിയോയുടെ ചുവടെ വന്നു കുമിയുന്നുണ്ട്. 'ലോകം മുഴുവൻ ഇവിടെ ഒത്തുകൂടിയതു പോലെയാണല്ലോ.. എല്ലാവർക്കും സ്നേഹം..' ഇതായിരുന്നു ഹനുമാൻ കൈൻഡിന്റെ മറുപടി. പ്രായഭേദമില്ലാതെ എല്ലാവരും കേൾക്കുന്ന തിരയുന്ന ട്രെൻഡായ സാക്ഷാൽ ഹനുമാൻ കൈൻഡിനെ ചൂണ്ടി നമുക്ക് അഭിമാനത്തോടുകൂടി പറയാം മലയാളിയുടെ റാപ്പ് ബീറ്റ് വേടനിലും നീരജ് മാധവിലും ഡബ്സിയിലും അവസാനിക്കുന്നില്ല നമുക്കൊരു ഇന്റർനാഷണൽ ഐറ്റം കൂടിയുണ്ടെന്ന്. 

ENGLISH SUMMARY:

Who is hanumankind the kerala born rapper who smashed global records