singer-hooster

Image Credit: Facebook/Ai generated image

സംഗീതപരിപാടിക്കിടെ വേദിയിലെത്തിയ കോഴിയെ പരസ്യമായി കഴുത്തറുത്ത് കൊന്ന  ഗായകനെതിരെ കേസെടുത്ത് പൊലീസ്. അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലാണ് അത്രിക്രൂരമെന്ന് വിശേഷിപ്പിക്കാവുന്ന സംഭവം നടന്നത്. വേദിയിലെത്തിയ കോഴിയെ കഴുത്തറുന്ന് കൊന്ന് ചോര കുടിച്ച ഗായകന്‍ കോന്‍ വായ് സണ്ണിനെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ഒക്ടോബര്‍ 27ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ മൃഗസംരക്ഷണ സംഘടനകള്‍ കോന്‍ വായ്ക്കെതിരെ പരാതിയുമായി രംഗത്ത് വരികയായിരുന്നു. 

ലൈവ് സംഗീതപരിപാടിക്കിടയിലാണ് അപ്രതീക്ഷിതമായി ഒരു കോഴി വേദിയിലെത്തിയത്. ഉടന്‍ തന്നെ കോന്‍ വായ് കോഴിയെ പിടിച്ച് കഴുത്തറുത്ത് ചോരകുടിച്ചു. ഗായകന്‍റെ പ്രവൃത്തി കണ്ട് വേദിയിലും സദസ്സിലുമുണ്ടായിരുന്നവർ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ലോകമെമ്പാടും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഒഫ് അനിമൽസ് (പെറ്റ) ഇന്ത്യ ഗായകനെതിരെ രംഗത്തെത്തി. തുടര്‍ന്നാണ് ഇറ്റാനഗർ പൊലീസ് കോന്‍ വായ്ക്കെതിരെ കേസെടുത്തത്.

മൃഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരമാണ് ഗായകനെതിരെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നത് ആഴത്തിലുള്ള മാനസിക വൈകല്യത്തെയാണ് സൂചിപ്പിക്കുന്നതെന്നും ഇത്തരത്തിലുള്ളവർ കൗൺസലിങ്ങിനു വിധേയരാകണമെന്നും പെറ്റ ഇന്ത്യ ശുപാർശ ചെയ്‌തു. അതേസമയം സംഭവം വിവാദമായതോടെ ഗായകൻ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. വേദിയില്‍ നടന്ന കാര്യങ്ങളൊന്നും മുന്‍കൂട്ടി കരുതിയതായിരുന്നില്ലെന്നും വിഷയത്തിന്‍റെ ഗൗരവം മനസ്സിലാക്കി അതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നെന്നും ഗായകൻ കോന്‍ വായ് സണ്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. 

ENGLISH SUMMARY:

Arunachal Musician Kills Chicken, Drinks Its Blood On Stage, Case Filed