ചുരുങ്ങിയ കാലത്തിനുളളില്‍ തന്നെ ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച് തെന്നിന്ത്യന്‍ സിനിമാലോകത്ത് തന്‍റേതായ ഇരിപ്പിടം കണ്ടെത്തിയ ആളാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. പ്രമുഖ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം അനിരുദ്ധിന്‍റെ സംഗീതം അവിഭാജ്യഘടമായി മാറിയെന്ന് തന്നെ പറയാം. ഇപ്പോഴിതാ അനിരുദ്ധിന്‍റെ സംഗീതത്തെക്കുറിച്ച് ഇതിഹാസതാരം എ.ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പതിനായിരക്കണക്കിനു സംഗീതസംവിധായകരുണ്ടെങ്കിലും അവരിൽ നിന്നൊക്കെ അനിരുദ്ധ് വേറിട്ടു നിൽക്കുവെന്ന് എ.ആർ റഹ്മാൻ പറയുന്നു. അനിരുദ്ധിന്‍റെ സംഗീതത്തെ പ്രശംസിക്കുന്നതിനൊപ്പം തന്നെ ചെറിയൊരു അഭ്യര്‍ത്ഥനയും എ.ആര്‍ റഹ്മാന്‍ മുന്നോട്ടുവെച്ചു. ‘കാതലിക്ക നേരമില്ലൈ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതലിക്ക നേരമില്ലൈ’. ഈ ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചിലാണ് അനിരുദ്ധിന്‍റെ സംഗീതത്തെക്കുറിച്ച് എ.ആർ റഹ്മാൻ പരാമര്‍ശിച്ചത്. എ.ആര്‍ റഹ്മാന്‍റെ വാക്കുകള്‍ ഇങ്ങനെ: ‘അനി മികച്ച സംഗീതമാണ് ഒരുക്കുന്നത്. പ്രമുഖ താരങ്ങളുടെ ചിത്രങ്ങളില്‍ അദ്ദേഹം തുടര്‍ച്ചയായി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കുന്നു. അനിരുദ്ധിന്‍റെ സര്‍ഗാത്മകതയും ഊര്‍ജവും അദ്ദേഹത്തിന്‍റെ പാട്ടുകളില്‍ വ്യക്തമാണ്. 10 അല്ല 10,000 സംഗീതസംവിധായകരുണ്ട് ഇവിടെ. എന്നാൽ അനിരുദ്ധ് വേറിട്ട് നിൽക്കുന്നു. അത് അദ്ദേഹത്തിന്റെ കഴിവ് കൊണ്ടാണ്. എനിക്ക് അനിയോട് ഒരു അഭ്യർഥനയുണ്ട്. ക്ലാസിക്കൽ സംഗീതം പഠിച്ച് പാട്ടുകള്‍ ചെയ്യണം. രാഗം അടിസ്ഥാനമാക്കി കുറേ പാട്ടുകൾ അണിയിച്ചൊരുക്കണം. അതിലൂടെ നിങ്ങളുടെ സംഗീതത്തെ സമ്പന്നമാക്കുക മാത്രമല്ല, അടുത്ത തലമുറയെ പ്രചോദിപ്പിക്കാനും പഠിപ്പിക്കാനും നിങ്ങള്‍ക്ക് സാധിക്കും’, എന്നായിരുന്നു എ.ആര്‍ റഹ്മാന്‍റെ വാക്കുകള്‍.
ഓഡിയോ ലോഞ്ചിന്‍റെ വിഡിയോ പുറത്തുവന്നതിന് പിന്നാലെ റഹ്മാന്‍റെ വാക്കുകള്‍ സൈബറിടത്ത് ശ്രദ്ധനേടി. എ ആര്‍ റഹ്മാന്‍റെ വലിയ ആരാധകനാണ് അനിരുദ്ധ്. റഹ്മാനോടുളള അനിരുദ്ധിന്‍റെ പൊതുവേദിയിൽ ഉള്‍പ്പടെ പലപ്പോഴും അനിരുദ്ധും പ്രകടമാക്കിയിട്ടുണ്ട്. ശങ്കർ ചിത്രം 'ഐ'യില്‍ റഹ്മാനുവേണ്ടി അനിരുദ്ധ് ഗാനം ആലപിച്ചിട്ടുണ്ട്. റഹ്മാൻ ചിട്ടപ്പെടുത്തിയ ‘മെർസലായിട്ടെൻ’ എന്ന ഗാനമാണ് ചിത്രത്തില്‍ അനിരുദ്ധ് പാടിയത്.