ശിവരാത്രിനാളില്‍ കിഷോര്‍കുമാര്‍ ഗാനങ്ങളിലൂടെ ഡല്‍ഹിയുടെ മനംനിറച്ച് മലയാളി യുവാവ്. എറണാകുളം ചോറ്റാനിക്കര സ്വദേശിയായ കസ്റ്റംസ് അസിസ്റ്റന്‍റ് കമ്മിഷണര്‍ അനില്‍ കുമാറാണ് കിഷോര്‍ കുമാറിന്‍റെ അനശ്വര ഗാനങ്ങള്‍ ആലപിച്ച് ശ്രോതാക്കളെ കയ്യിലെടുത്തത്. മണ്ഡി ഹൗസിലെ ശ്രീറാം സെന്‍ററില്‍ ചാവറ കള്‍ച്ചര്‍ സെന്‍ററും വോയ്സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് കിഷോര്‍ ദാ എന്ന പേരില്‍ ഒരുക്കിയ ഗാനസന്ധ്യയില്‍ പ്രശസ്ത ഗായിക അങ്കിത പാഠക്കും ഉണ്ടായിരുന്നു.
ശിവരാത്രിദിനത്തിലെ തണുത്ത സന്ധ്യ... കിഷോര്‍ദായുടെ ഗാനങ്ങള്‍ പ്രണയമായും പ്രകൃതിയായും ഒഴുകിയെത്തി....അനില്‍കുമാറിന്‍റെ ശബ്ദമാധുരിയിലൂടെ. ആസ്വാദകവൃന്ദം ഗൃഹാതുരത്വത്തിലലിഞ്ഞു
ഗോല്‍മാല്‍ എന്ന ചിത്രത്തിലെ ആനേവാല പല്‍ എന്ന ഗാനത്തിലൂടെയാണ് തുടങ്ങിയത്. പിന്നാലെ നിലെ നിലെ അംബര്‍ പര്‍ എന്ന എക്കാലത്തെയും മനോഹരമായ മെലഡിയും രൂപ് തെരാ മസ്താന ഉള്‍പ്പെടെ ചടുല ഗാനങ്ങളും. താളംപിടിച്ച് സദസ്സും ആ പാട്ടുകളിലലിഞ്ഞു.
ചോറ്റാനിക്കര പുതിയകാവ് സ്വദേശിയായ അനില്‍കുമാര്‍ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ വേദികളില്‍ കിഷോര്‍ കുമാര്‍ ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനാണ്. കാലാഭവനില്‍ പാട്ടുപഠിക്കാനെത്തിയപ്പോഴാണ് കിഷോര്‍ ദാ ഹരമായിമാറിയതെന്ന് അനില്‍ കുമാര്‍ പറയുന്നു. കസ്റ്റംസില്‍ അസിസ്റ്റന്‍റ് കമ്മിഷണറായ അനില്‍ ജോലി ആവശ്യാര്‍ഥം ഒരു വര്‍ഷം മുന്‍പാണ് ഡല്‍ഹിയില്‍ എത്തിയത്. രാജ്യ തലസ്ഥാനത്തെ ആദ്യ വേദിയായിരുന്നു ഇത്.