Image Credit: Instagram
ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരം വിരാട് കോലിയെ കണ്ട സന്തോഷം പങ്കുവച്ച് റാപ്പര്‍ ഹനുമാന്‍ കൈന്‍ഡ്. കോലിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തിനൊപ്പം ഹൃദ്യമായൊരു കുറിപ്പും ഹനുമാന്‍ കൈന്‍ഡ് പങ്കുവച്ചു. ഐപിഎല്‍ 2025 സീസണിന് മുന്നോടിയായി ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന ആര്‍സിബി അണ്‍ബോക്‌സ് പരിപാടിക്ക് ശേഷമാണ് ഹനുമാന്‍ കൈന്‍ഡ് വിരാട് കോലിയെ കണ്ടുമുട്ടിയത്. പരിപാടിയ്ക്ക് മാറ്റുകൂട്ടാന്‍ ഹനുമാന്‍ കൈന്‍ഡിന്‍റെ പെര്‍ഫോര്‍മെന്‍സും ഉണ്ടായിരുന്നു.
ആര്‍സിബിയുടെ ജേഴ്സിയണിഞ്ഞാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 'എക്കാലത്തെയും മികച്ച (GOAT) താരത്തെ കണ്ടുമുട്ടി' എന്ന അടിക്കുറിപ്പോടെയാണ് ഹനുമാന്‍ കൈന്‍ഡ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചിത്രങ്ങള്‍ ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതേസമയം ഐ.പി.എൽ മത്സരങ്ങൾക്ക് മാര്‍ച്ച് 22ന് തുടക്കമാകും. ചാംപ്യൻസ് ട്രോഫിയിലെ മികച്ച പ്രകടനത്തിന് പിന്നാലെയാണ് കോലി ഐ.പി.എല്ലിനെത്തുന്നത്.
റാപ്പര്‍ എന്നതിനപ്പുറം അഭിനേതാവായും പ്രേക്ഷകമനസില്‍ ഇടംപിടിച്ചിരിക്കുകയാണ് ഹനുമാന്‍ കൈന്‍ഡ്. റൈഫിള്‍ ക്ലബിലെ വില്ലന്‍ വേഷത്തിന് മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്. 'ബിഗ് ഡൗഗ്‌സ്' എന്ന ഒറ്റപ്പാട്ടിലൂടെ ആഗോളതലത്തില്‍ തരംഗം തീര്‍ത്ത ഹനുമാന്‍ കൈന്‍ഡ് മറ്റൊരു മാസ്റ്റ്‍പീസ് ഐറ്റവുമായി വീണ്ടുമെത്തിയിരിക്കുകയാണ്. ഹനുമാന്‍കൈന്‍ഡിന്റെ ഏറ്റവും പുതിയ ഗാനമായ 'റണ്‍ ഇറ്റ് അപ്' സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയ ഗാനം ഇതിനോടകം യൂട്യൂബിൽ 1.7 കോടിയിലധികം ആളുകൾ കണ്ടുകഴിഞ്ഞു.