പ്രതീകാത്മക ചിത്രം
വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണ് രണ്ട് വിദ്യാർത്ഥികള്‍ മരിച്ചു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. 12 വയസ് പ്രായമുളള രണ്ട് കുട്ടികളാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ മറ്റൊരു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. സുഖ്ദാംബ ഗ്രാമത്തിലെ സ്കൂളിന് സമീപത്താണ് സംഭവം നടന്നത്.
വാട്ടര്‍ ടാങ്കില്‍ കുട്ടികള്‍ കയറിയതോടെ സ്ലാബ് ഇളകിവീണതാണ് അപകടത്തിന് കാരണമായത്. വാട്ടര്‍ ടാങ്ക് തകര്‍ന്ന് കുട്ടികളുടെ മുകളിലേക്ക് വീഴുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. ജൽ ജീവൻ മിഷന് കീഴിലുളള വാട്ടർ ടാങ്കാണ് തകര്‍ന്നുവീണതെന്ന് ഗ്രാമീണർ പറഞ്ഞു. കുട്ടികളുടെ മരണത്തിന് കാരണം കുടിവെളളം നല്‍കാന്‍ തയ്യാറാകാത്ത അധികാരികളാണെന്ന് ഗ്രാമീണര്‍ ആരോപിച്ചു.
'ശുദ്ധമായ വെള്ളം നൽകേണ്ടവരുടെ അശ്രദ്ധ കാരണം ഞങ്ങൾക്ക് ഞങ്ങളുടെ കുട്ടിയെ നഷ്ടപ്പെട്ടു. ഇത് വെറുമൊരു അപകടമല്ല, കുറ്റകൃത്യമാണ്' എന്ന് മരിച്ച ഹർഷദ പാഗിയുടെ (വിദ്യാര്‍ഥി) സഹോദരൻ ദീപക് പാഗി പറഞ്ഞു. കുട്ടികളുടെ മരണത്തിന് കാരണക്കാരായ ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും ദീപക് പാഗി പറഞ്ഞു. സംഭവത്തില്‍ പൊലീസ് അപകടമരണത്തിന് കേസെടുത്തു.