TOPICS COVERED

നിരക്ക് കുറഞ്ഞ പരസ്യരഹിത പ്ലാനുകള്‍ നിര്‍ത്താനുള്ള നീക്കവുമായി വിഡിയോ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. ജൂലൈ 13 ഓടെ 11.99 ഡോളറിന്‍റെ പ്ലാന്‍ അവസാനിപ്പിക്കുകയാണ് എന്ന നോട്ടിഫിക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് വന്നു തുടങ്ങി. 6.99 ഡോളറിന്‍റെ പരസ്യത്തോടു കൂടിയ പ്ലാനോ, 15.49 ഡോളറിന്‍റെ പരസ്യരഹിത പ്ലാനോ, 22.99 ഡോളറിന്‍റെ പരസ്യരഹിത 4K പ്ലാനോ തിരഞ്ഞെടുക്കണമെന്നാണ് നോട്ടിഫിക്കേഷന്‍ വന്നിരിക്കുന്നത്. 

യു.കെയിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ് നിലവില്‍ നോട്ടിഫിക്കേഷന്‍ വന്നിരിക്കുന്നത്. യു.എസ് അടക്കമുള്ളിടങ്ങളിലേക്ക് ഉടന്‍ തന്നെ ഇത് കൊണ്ടുവരുമെന്നാണ് വിവരം. നെറ്റ്ഫ്ലിക്സ് അയച്ച നോട്ടിഫിക്കേഷന്‍റെ സ്ക്രീന്‍ഷോട്ടുകള്‍ റെഡ്ഡിറ്റ് യൂസര്‍മാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. ‘നെറ്റ്ഫ്ലിക്‌സ് നിങ്ങള്‍ക്ക് കാണാനാവുന്ന തിയതി ജൂലൈ 13ന് അവസാനിക്കും. തുടര്‍ന്നും സ്ട്രീമിങ് ആസ്വദിക്കാന്‍ റീച്ചാര്‍ജ് ചെയ്യുക' എന്നാണ് നോട്ടിഫിക്കേഷനിലുള്ളത്.  പുതിയ പ്ലാനിലേക്കുള്ള ക്ലിക്ക് ഓപ്ഷനും നോട്ടിഫിക്കേഷനൊപ്പം വന്നിട്ടുണ്ട്.

ബേസിക് പ്ലാന്‍ പുതിയ യൂസര്‍മാര്‍ക്ക് നല്‍കുന്നത് അമേരിക്കയിലും കാനഡയിലും യുകെയിലും 2023ല്‍ നെറ്റ്‌ഫ്ലിക്‌സ് നിര്‍ത്തിയിരുന്നു. എന്നാല്‍ അതിന് മുമ്പ് റീച്ചാര്‍ജ് ചെയ്‌തിരുന്നവര്‍ക്ക് സേവനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ കഴിയുന്നുണ്ടായിരുന്നു. ഇപ്പോള്‍ ബേസിക് പ്ലാന്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതോടെ ഈ രാജ്യങ്ങളില്‍ പുതിയ പാക്കേജുകള്‍ തെരഞ്ഞെടുത്തേ മതിയാകൂ. 

സ്ട്രീമിങ് പ്ലാറ്റ്ഫോമില്‍ ഏറെ പുതിയ ഫീച്ചറുകളും ഉള്ളടക്കങ്ങളും അവതരിപ്പിക്കാനുള്ള പണം കണ്ടെത്താനാണ് നിരക്കുകള്‍ വര്‍ധിപ്പിക്കുന്നത് എന്നാണ് നെറ്റ്ഫ്ലിക്സിന്‍റെ അവകാശവാദം. എന്നാല്‍ ഇന്ത്യയിലെ നിരക്കുകളില്‍ നെറ്റ്ഫ്ലിക്സ് മാറ്റം കൊണ്ടുവരുമോ എന്ന് വ്യക്തമല്ല. നാല് റീച്ചാര്‍ജ് പ്ലാനുകളാണ് നെറ്റ്‌ഫ്ലിക്സിന് ഇന്ത്യയിലുള്ളത്. 

149 രൂപയാണ് ഇന്ത്യയിലെ ഏറ്റവും അടിസ്ഥാന പാക്കേജിന്‍റെ മാസ വില. മൊബൈല്‍/ടാബ്‌ലെറ്റ് യൂസര്‍മാര്‍ക്കായുള്ളതാണ് ഈ പാക്കേജ്. അതേസമയം മൊബൈലിലും ടാബ്‌ലെറ്റിലും കമ്പ്യൂട്ടറിലും സ്മാര്‍ട്ട് ടിവിയിലും കണക്ട് ചെയ്യാനാവുന്ന നെറ്റ്‌ഫ്ലിക്‌സ് ബേസിക് പ്ലാനിന് മാസംതോറും 199 രൂപയാണ് ചെലവ്. സ്റ്റാന്‍ഡേഡ് പ്ലാനിന് 499 രൂപ, പ്രീമിയം പ്ലാനിന് 649 രൂപ എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിന്‍റെ ഇന്ത്യയിലെ മറ്റ് താരിഫുകള്‍.