2025 ഓസ്കാര്‍ നോമിനേഷനില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായ ‘ലാപതാ ലേഡീസ്’ ടീമിനെ അഭിനന്ദിച്ച് ഇന്ത്യന്‍ റെയില്‍വേ. സിനിമയുടെ നേട്ടത്തില്‍ അങ്ങേയറ്റം അഭിമാനമെന്ന് റെയില്‍വേ എക്സില്‍ കുറിച്ചു. ചിത്രത്തിന്റെ ചരിത്രനേട്ടത്തിനു പിന്നാലെ സകല മേഖലകളില്‍ നിന്നും ടീമിന് വന്‍ കയ്യടിയാണ് ലഭിക്കുന്നത്. തിയേറ്ററില്‍ വിജയമല്ലാതിരുന്ന ചിത്രം ഒടിടി റിലീസോടെയാണ് ജനശ്രദ്ധ നേടിയത്. മറ്റെല്ലാ കഥാപാത്രങ്ങള്‍ക്കുമൊപ്പം ട്രയിനും റെയില്‍വേ സ്റ്റേഷനുമാണ് ചിത്രത്തില്‍ മുക്കാല്‍ ഭാഗം സീനുകളിലും നിറഞ്ഞുനില്‍ക്കുന്നത്.
ട്രെയിന്‍ യാത്രക്കിടെ വധുക്കളെ മാറിപ്പോകുന്നതും പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തെ മനോഹരമാക്കുന്നത്. സിനിമയിലെ പ്രധാന കഥാപാത്രമായ ഫൂലിനെ അവതരിപ്പിച്ച നടി നിതാന്‍ഷി ഗീലിന്റെ ഒരു ഫോട്ടോ ചേര്‍ത്താണ് റെയില്‍വേയുടെ പോസ്റ്റ്. ‘ഓ സജ്നീ രേ...ഒത്തിരിഒത്തിരി സന്തോഷം, ലാപതാ ലേഡീസിന് അഭിനന്ദനം’ എന്നാണ് റെയില്‍വേ കുറിച്ചത്.
റെയില്‍വേയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. ഇന്ത്യന്‍ റെയില്‍വേയില്ലാതെ ഒരു ഇന്ത്യന്‍ സിനിമയും പൂര്‍ണമാകില്ല, റെയില്‍വേയാണ് ലാപതാ ലേഡീസിന്റെ എസ്സന്‍സ് എന്നിങ്ങനെയാണ് അഭിപ്രായങ്ങള്‍. അതേസമയം ഒരു മോശം ലുക്കുള്ള ഒരു റെയില്‍വേ സ്റ്റഷന്‍ പോലും തങ്ങള്‍ക്ക് കണ്ടെത്താന്‍ സാധിച്ചില്ലെന്ന സിനിമയുടെ സംവിധായകന്റെ അഭിപ്രായവും ഒരാള്‍ കമന്റ് ബോക്സില്‍ ചേര്‍ത്തിട്ടുണ്ട്. കിരണ്‍ റാവു ആണ് ചിത്രത്തിന്റെ സംവിധായകന്‍. കഥയും സംഭാഷണവും സീനുകളും എല്ലാം വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
നിതാന്‍ഷിക്കു പുറമേ പ്രതിഭാ രന്‍ത, സ്പാര്‍ഷ് ശ്രീവാത്സവ്, ഛായാ കദം, രവി കിഷന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം സ്ട്രീമിങ് ചെയ്തത്.