Google Map | AI Generated Image
ഏപ്രില്‍ ആറിനാണ് ഇന്ത്യയുടെ എന്‍ജിനീയറിങ് വിസ്മയമായ പുതിയ പാമ്പന്‍ കടല്‍പ്പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കുന്നത്. പിന്നാലെ പുതിയ പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ ഓടുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പ്പാലമായി പാമ്പന്‍ പാലം തുറക്കുന്നതിന് പിന്നാലെ പൊടിതട്ടിയെടുക്കന്ന മറ്റൊരു സ്വപ്നമുണ്ട്, ഇന്ത്യയുടെ അയല്‍ രാജ്യമായ ശ്രീലങ്കയിലേക്ക് ഒരു ട്രെയിന്‍... അതിന് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കുമിടയില്‍ ഒരു പാലം വരണം! ഈ ആശയത്തിനാകട്ടെ ബ്രിട്ടീഷ് കാലത്തോളം പഴക്കവുമുണ്ട്.
പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചപ്പോള്‍ (FILE)
പഴയ ശ്രീലങ്കന്‍ യാത്ര...
ചെന്നൈ (പഴയ മദ്രാസ്) എഗ്മോര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇന്തോ– സിലോണ്‍ എക്സ്പ്രസില്‍ കയറിയാണ് പഴയ കാല ശ്രീലങ്കന്‍ യാത്ര ആരംഭിക്കുന്നത്. ഇന്തോ– സിലോണ്‍ എക്സ്പ്രസ് പാമ്പന്‍ പാലം കടന്ന് രാമേശ്വരം വഴി അവസാന സ്റ്റേഷനായ ധനുഷ്കോടിയിലെത്തും. അവിടെ നിന്ന് ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് കപ്പൽ കയറാം. തലൈമന്നാറിലെത്തിയാല്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലേക്ക് വീണ്ടും ട്രെയിന്‍. അതായിരുന്നു പഴയ ശ്രീലങ്കന്‍ യാത്ര.
ധനുഷ്കോടി ബീച്ച് (FILE)
1964 ല്‍ രാമേശ്വരത്ത് വീശിയടിച്ച, ധനുഷ്കോടി പാസഞ്ചറിനെ തന്നെ വിഴുങ്ങിയ ചുഴലിക്കാറ്റിന് മുന്‍പ് വരെ ആളുകള്‍ ഇങ്ങനെയായിരുന്നു യാത്ര ചെയ്തിരുന്നത്. 1964-ലെ ചുഴലിക്കാറ്റ് പാമ്പന്‍ പാലത്തെയും ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്ന് 24 കിലോമീറ്റർ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന രാമേശ്വരത്തെയും ധനുഷ്കോടിയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനിനെയും നശിപ്പിച്ചു. ഇതോടെ 64 മുതൽ, ധനുഷ്കോടിക്ക് പകരം രാമേശ്വരം അവസാന സ്റ്റോപ്പായി മാറി. ശ്രീലങ്കയിലേക്കുള്ള പഴയ യാത്രകളുടേയും ഗതിമാറി.
ഇന്ത്യയുടെ സ്വപ്നം ബ്രിട്ടീഷുകാരുടേയും...
ഇന്ത്യ- ശ്രീലങ്ക റെയില്‍വേ ലൈന്‍ ബ്രിട്ടീഷ് ഭരണകാലം മുതലേയുള്ള ആശയമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരക്കുനീക്കത്തിനും കോളനികളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുമായി 1830 കാലഘട്ടത്തില്‍ ബ്രിട്ടീഷുകാരാണ് ഇങ്ങനെയൊരാവശ്യം മുന്നോട്ടുവച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലും ബ്രിട്ടീഷ് സിലോണിലും (ശ്രീലങ്ക) റെയിൽവേ സംവിധാനങ്ങൾ വികസിപ്പിച്ചുകൊണ്ടിരുന്നേയുണ്ടായിരുന്നുള്ളൂ. ഇതിനിടെ പാമ്പന്‍ പാലവും നിലവില്‍ വന്നു. 1911 ല്‍ നിര്‍മാണം ആരംഭിച്ച പാമ്പന്‍ പാലം 1914 ലാണ് ഗതാഗതത്തിനായി തുറന്നുകൊടുക്കുന്നത്. അന്ന് ഇന്നത്തെ റോഡ് ബ്രിഡ്ജും ഇല്ല. 1988-ൽ സമാന്തരമായി റോഡ് ബ്രിജ് നിര്‍മിക്കുന്നത് വരെ ഫെറികൾ ഒഴിച്ചാല്‍ രാമേശ്വരത്തേക്കുള്ള ഏക കണക്ടീവിറ്റിയായിരുന്നു പാമ്പന്‍ റെയില്‍ പാലം. പാമ്പന്‍ പാലത്തിലൂടെ ശ്രീലങ്കയിലേക്ക് റെയില്‍വേ കണക്ടീവിറ്റി എന്ന ആശയത്തിന് ഇത് ആക്കം കൂട്ടുകയും ചെയ്തു.
അങ്ങിനെയാണ് ശ്രീലങ്കയിലെ തലൈമന്നാറിലേക്ക് ഒരു റെയിൽ പാലം നിർമ്മിക്കാനുള്ള നിർദ്ദേശം സാധ്യതാ പഠനത്തിന് ശേഷം ബ്രിട്ടീഷ് പാർലമെന്റിൽ സമർപ്പിക്കുന്നത്. ചെന്നൈ- കൊളംബോ കണക്റ്റിവിറ്റിയായിരുന്നു ലക്ഷ്യം. എന്നാല്‍ ഉയര്‍ന്ന ചിലവ് കാരണം നിര്‍ദേശം നിരസിക്കപ്പെട്ടു. പിന്നാലെ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ആശയം പതിയേ പൊടിപിടിക്കാന്‍ തുടങ്ങുകയും ചെയ്തു. ആളുകളാകട്ടെ ട്രെയിന്‍ കയറി, കപ്പല്‍ കയറി യാത്ര തുടര്‍ന്നു. 1964-ലെ ചുഴലിക്കാറ്റ് ഈ യാത്രയുടെ മാത്രമല്ല ബ്രിട്ടീഷുകാർ വിഭാവനം ചെയ്ത ഇന്തോ– സിലോണ്‍ റെയില്‍പാതാ വികസനത്തിന്‍റെയും ഗതിമാറ്റി. പില്‍ക്കാലത്തുണ്ടായ ശ്രീലങ്കയിലെ ആഭ്യന്തരയുദ്ധം, സാമ്പത്തിക തകര്‍ച്ച, പ്രാദേശികമായ എതിര്‍പ്പ്, പ്രായോഗികതയെ കുറിച്ചുള്ള ആശങ്കകൾ എന്നിവ ആശയത്തെ എന്നന്നേക്കുമായി പിന്നിലേക്കു തള്ളി.
പഴയ ധനുഷ്കോടി റെയില്‍വേ സ്റ്റേഷന്‍ (FILE)
2002 ജൂലൈയിൽ കൊളംബോ രാമേശ്വരത്ത് നിന്ന് തലൈമന്നാറിലേക്ക് ഒരു റോഡ്-കം-റെയിൽ പാലം നിർമ്മിക്കാൻ നിര്‍ദേശം വന്നിരുന്നു. കരാറില്‍ വരെ ഒപ്പുവച്ചെങ്കിലും സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിത പദ്ധതിയെ എതിർക്കുകയും പദ്ധതി ഉപേക്ഷിക്കുകയും ചെയ്തു. എൽടിടിഇയുടെ വരവിനും ഭീകരതയ്ക്കും ഈ പദ്ധതി ഉത്തേജകമാകുമെന്നാണ് ജയലളിത കരുതിയിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. 2011 ല്‍ കാഠ്മണ്ഡുവിൽ നടന്ന യോഗത്തില്‍ സാർക്ക് അംഗങ്ങളും ഈ പാത ചര്‍ച്ച ചെയ്തിരുന്നു. 2015 ജൂണിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇന്ത്യ-ശ്രീലങ്ക കണക്റ്റിവിറ്റി പദ്ധതി ഏഷ്യൻ വികസന ബാങ്കിന് മുന്നിൽ അവതരിപ്പിച്ചിരുന്നു. അവർ ധനസഹായം നൽകാൻ സമ്മതം മൂളിയെങ്കിലും അന്നത്തെ ശ്രീലങ്കയുടെ ഗതാഗത മന്ത്രി ലക്ഷ്മൺ കിരിയല്ല ഈ നിര്‍ദേശം നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ശക്തമായ ഉഭയകക്ഷി വ്യാപാര ബന്ധങ്ങളാണുള്ളത്. ഇരു രാജ്യങ്ങൾക്കും സ്വതന്ത്ര വ്യാപാര കരാറും നിലവിലുണ്ട്, 2023-ൽ, ശ്രീലങ്കൻ സാമ്പത്തിക വിദഗ്ധരായ ഗയാഷ സമരകൂണും മുത്തുകൃഷ്ണ സർവാനന്ദനും തങ്ങളുടെ പുസ്തകത്തില്‍ 'ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയില്‍ പാലം വന്നാല്‍ ചരക്ക് ചെലവ് 50% കുറയ്ക്കുമെന്ന് പറയുന്നുണ്ട്. പിന്നീടും റിപ്പോര്‍ട്ടുകള്‍ പലത് വന്നു.
പഴയ പാമ്പന്‍ പാലത്തിലൂടെ ട്രെയിന്‍ ഓടുന്നു (FILE)
ഇന്ത്യ– ശ്രീലങ്ക
പാകിസ്ഥാൻ, ബംഗ്ലദേശ്, നേപ്പാൾ എന്നിങ്ങനെ ഇന്ത്യയുടെ ഒട്ടുമിക്ക അയല്‍രാജ്യങ്ങളും രാജ്യത്തെ റെയിൽ വഴി ബന്ധിപ്പിച്ചിരിക്കുന്നു. ഇന്ത്യ-ഭൂട്ടാൻ, ഇന്ത്യ– മ്യാന്‍മര്‍ റെയിൽ ലിങ്കുകളും പദ്ധതിയിലുണ്ട്. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിലുള്ള ഏറ്റവും ദൂരം കുറഞ്ഞയിടമാണ് ധനുഷ്കോടിക്കും തലൈമന്നാറിനും ഇടയിലുള്ള പ്രദേശം, അതായത്, വെറും 25 കിലോമീറ്റർ. ഇവിടെ റെയില്‍ പാലം എന്നുമാത്രാമല്ല, റോഡ് ഗതാഗതത്തിനായി പാലം വേണമെന്നതും പലപ്പോഴായി ഉയര്‍ന്നുവന്ന ആശയങ്ങളാണ്. പലതവണ സാധ്യതാ പഠനങ്ങളും നടക്കുകയും ചെയ്തു. ഇതിനിടയിലുള്ള രാമസേതു എന്നും അറിയപ്പെടുന്ന ആദംസ് ബ്രിജിന് സമാന്തരമായി പാലം എന്ന ആശയത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
പുതിയ പാമ്പൻ പാലം നാടിന് സമര്‍പ്പിക്കപ്പെടുമ്പോള്‍ ഈ ആശയങ്ങളും പ്രതീക്ഷകളായി മാറും. എന്നാല്‍ തമിഴാനാടിന്‍റേയും കേന്ദ്രത്തിന്‍റെയും രാഷ്ട്രീയി നിലപാടുകള്‍ സൂചിപ്പിക്കുന്നത് സൂചിപ്പിക്കുന്നത് ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ ഒരു പുതിയ പാലം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നത്. എങ്കിലും വരുംകാലങ്ങളില്‍ ഈ പ്രതീക്ഷയും യാഥാര്‍ഥ്യമായേക്കാം.... ഈ 25 കിലോമീറ്ററുകള്‍ക്കിടയില്‍ ട്രെയിന്‍ മാത്രമല്ല, മറ്റ് വാഹനങ്ങളും കുതിച്ചു പാഞ്ഞേക്കാം.