രജനികാന്ത് ചിത്രം വേട്ടയ്യന്‍ ഒടിടിയിലേക്ക്. ഒക്‌ടോബർ 10 ന് റിലീസ് ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ കാലിടറിയതിന് പിന്നാലെയാണ് ഒടിടി പ്രമീയറിനായി തയ്യാറെടുക്കുന്നത്. ആമസോൺ പ്രൈം വിഡിയോയാണ് വേട്ടയ്യന്‍റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
90 കോടി രൂപയുടെ ലാൻഡ്മാർക്ക് ഡീലിലാണ് ആമസോൺ പ്രൈം വേട്ടയ്യന്‍റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയത്. ദീപാവലി ആഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ 2024 നവംബർ 7ന് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ പ്രീമിയർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആമസോണ്‍ പ്രൈം തീയ്യതി സ്ഥിരീകരിച്ചിട്ടില്ല.
‘വേട്ടയ്യന്‍’ ബോക്സ്ഓഫിസിൽ കാലിടറിയതോടെ നിർമാണക്കമ്പനിയായ ലൈക പ്രൊഡക്‌ഷൻസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 100 കോടിക്കു മുകളിൽ നഷ്ടം വന്നതോടെ നിര്‍മാണക്കമ്പനി രജനിക്കു മുന്നിൽ പുതിയ നിബന്ധന വച്ചെന്നുമായിരുന്നു വാർത്തകള്‍. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വ്യാജ പ്രചരണങ്ങളായി ലൈക തള്ളിയിരുന്നു. ചിത്രത്തിലെ അണിയറക്കാർക്കായി നടത്തിയ പ്രത്യേക വിജയാഘോഷ പരിപാടിയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ് ലൈക റിപ്പോര്‍ട്ടുകള്‍ തള്ളിയത്.
ഒക്ടോബർ 10 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം എന്നിവയുൾപ്പെടെയുള്ള ഭാഷകളിലേക്ക് മൊഴിമൊറ്റിയാണ് എത്തിയത്. എന്നാല്‍ കേരളത്തിലും ആന്ധ്രയിലുമൊന്നും ചിത്രത്തിന് വേണ്ടത്ര കലക്‌ഷൻ നേടാനായില്ല. ഹിന്ദി പതിപ്പിനും കലക്ഷന്‍ കുറവായിരുന്നു. 300 കോടി ബജറ്റിലാണ് ചിത്രം നിര്‍മിച്ചത്. രജനികാന്തിന് പുറമെ അമിതാഭ് ബച്ചൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാരിയർ തുടങ്ങിയ വൻതാരനിര ഭാഗമായ സിനിമയാണ് ‘വേട്ടയ്യൻ’. ലൈക്ക പ്രൊഡക്ഷൻസിൻറെ ബാനറിൽ സുഭാസ്‌കരൻ അല്ലിരാജ നിർമിച്ച ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.